നേപ്പാളില്‍ നിന്നും ബീഹാറിലേക്ക് പെട്രോള്‍ കടത്ത്

പാറ്റ്‌ന : പെട്രോള്‍, ഡീസല്‍ വിലയുടെ കാര്യത്തിലും നേപ്പാള്‍ ഇന്ത്യയെ പോലല്ല. അവിടെ പെട്രോള്‍ ലിറ്ററിന് 67.81 രൂപയും ഡീസലിന് 56.56 രൂപയും മാത്രമേയുള്ളു. നേപ്പാളിലെ ഇന്ധനവിലയുടെ ആശ്വാസം കുറച്ച് ബീഹാറിനും ലഭിക്കുന്നുണ്ട്. ബീഹാര്‍ സീതാമര്‍ഹിയിലെ ആളുകള്‍ക്ക് ഇന്ത്യയിലെ പെട്രോള്‍ വില വര്‍ധനവ് ബാധകമല്ല. അവരിപ്പോള്‍ സ്വന്തം രാജ്യത്ത് നിന്നും പെട്രോളടിക്കുന്നത് നിര്‍ത്തി. വണ്ടിയുമായി അതിര്‍ത്തികടന്ന് നേപ്പാളില്‍ നിന്നാണ് എണ്ണയടിക്കുന്നത്.

ഇന്ത്യയിലെ 100 രൂപയ്ക്ക് നേപ്പാളില്‍ 160.15 രൂപയുടെ മൂല്യവുമുണ്ട്. സീതാമാര്‍ഹിയിലെ ആളുകള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങി ബീഹാറില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായും ആരോപണമുണ്ട്. എന്നാലും അവര്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റിലുള്ളതിനേക്കാള്‍ വില കുറച്ച് വില്‍പ്പന നടത്തുവാന്‍ കഴിയുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേപ്പാളിലെ ഇന്ധന വില്‍പ്പനയില്‍ 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ച്ചയുണ്ടായതായി നേപ്പാള്‍ ഓയില്‍ കോര്‍പറേഷന്‍ മേധാവി പറയുന്നു.

നേപ്പാളിലേക്കുള്ള പെട്രോളും ഡീസലും ഇന്ത്യയില്‍ നിന്നാണ് നല്‍കുന്നത്. ദിനംപ്രതി 250 ടാങ്കര്‍ പെട്രോളാണ് നേപ്പാളിലേക്ക് കൊണ്ടുപോകുന്നത്. നേപ്പാളില്‍ ഒറ്റ നികുതി മാത്രമേയുള്ളൂ. അതിനാലാണ് വില കുറച്ച് നല്‍കാന്‍ സാധിക്കുന്നത്.

29-May-2018