ലോകത്തിന് മുമ്പിൽ നിരവധി മാതൃകകൾ സൃഷ്ടിച്ച നാടാണ് കേരളം; മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ലോകത്ത് എവിടെയെങ്കിലും ദാരിദ്ര്യമുണ്ടെങ്കിൽ അത് ഭൂമിയിൽ എല്ലായിടത്തുമുള്ള മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണ് എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ദാരിദ്ര്യത്തിനെതിരെ ലോകമെമ്പാടും നടക്കുന്ന ഇടപെടലുകളെ മനുഷ്യരാശിയുടെയാകെ അതിജീവനത്തിനായുള്ള വിമോചനമുന്നേറ്റമായാണ് രേഖപ്പെടുത്തേണ്ടത്. ആ മുന്നേറ്റത്തിന്റെ പാതയിൽ കരുത്തോടെ കുതിക്കുന്ന ജനതയായി കേരളം മാറിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എൽഡിഎഫ് പ്രകടനപത്രികയിലെ അമ്പതിന പരിപാടികളിലെ വാഗ്ദാനമാണ് അതിദാരിദ്ര്യ നിർമാർജനം. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള പ്രയത്‌നത്തിലാണ് സർക്കാർ. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ പരമദരിദ്രരുടെ എണ്ണം 13.4 കോടിയിലെത്തിയതായാണ് മനസ്സിലാക്കാനാകുന്നത്.
മഹാമാരിക്കാലത്ത് അസമത്വവും ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിച്ചു. 4.6 കോടി ജനങ്ങൾകൂടി അതിദരിദ്രരുടെ പട്ടികയിലേക്ക് എടുത്തെറിയപ്പെട്ടു. ഐക്യ രാഷ്ട്രസംഘടനയുടെ കണക്കു പ്രകാരം കോവിഡ് കാലത്ത് ഇന്ത്യയിൽ ശതകോടീശ്വരുടെ എണ്ണം 102ൽനിന്ന് 143ലേക്ക് ഉയർന്നു. അതേസമയം, 84 ശതമാനം കുടുംബങ്ങളുടെ വരുമാനം ഈ കാലയളവിൽ ഇടിഞ്ഞു. 55.5 കോടി ജനങ്ങളേക്കാൾ സ്വത്ത് കേവലം 142 ശതകോടീശ്വരന്മാരുടെ പക്കലുണ്ട്. ഈ അസമത്വങ്ങളെ അഭിസംബോധന ചെയ്യാതെ ക്ഷേമരാഷ്ട്രമെന്ന സങ്കൽപ്പം നമുക്ക് സ്വപ്നം കാണാനാകില്ല. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ ജനകീയ ബദലുകൾ ഉയർത്തിപ്പിടിച്ച് ജനങ്ങൾക്ക് ക്ഷേമവും ജീവിതഗുണമേൻമയും ഉറപ്പാക്കുന്നത്. അതിദാരിദ്ര്യ നിർമാർജനത്തിനായുള്ള യജ്ഞത്തിൽ ഏർപ്പെടുന്നത്.
രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് നിതി ആയോഗിന്റെ ബഹുമേഖല ദാരിദ്ര്യ സൂചിക (എംപിഐ) റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മേഖലകളിലെ 12 മാനദണ്ഡപ്രകാരം കേരളത്തിൽ ദാരിദ്ര്യം അനുഭവിക്കുന്നത് 0.71 ശതമാനം പേർ മാത്രമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മാനവിക വികസന സൂചികയിലും സാമൂഹ്യപുരോഗതിയിലും ഏറെ മുന്നിലെത്തുമ്പോഴും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നവരുണ്ടെങ്കിൽ കണ്ടെത്തി കൈപിടിച്ചുയർത്തുകയെന്ന മനുഷ്യപക്ഷ ചിന്തയാണ് കേരള സർക്കാരിനെ നയിക്കുന്നത്.
അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽനിന്ന് അതിദാരിദ്ര്യം തുടച്ചുനീക്കുകയെന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ ആദ്യപടി വിജയകരമായി പിന്നിടുകയാണ്. അതിദാരിദ്ര്യനിർണയം പൂർത്തിയാക്കിയിരിക്കുന്നു. വിപുലമായ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇതിനായി നടത്തിയത്.തെന്നും മന്ത്രി പറഞ്ഞു.
ലോകത്തിന് മുമ്പിൽ നിരവധി മാതൃകകൾ സൃഷ്ടിച്ച നാടാണ് കേരളം. ഉയർന്ന പ്രതിശീർഷ വരുമാനംകൊണ്ടും സാമ്പത്തിക വളർച്ചനിരക്കുകൊണ്ടും വികസിത രാജ്യങ്ങൾ നേടിയ നേട്ടങ്ങൾ കുറഞ്ഞ സാമ്പത്തികവളർച്ച നിരക്കും പ്രതിശീർഷ വരുമാനവുമുള്ള പ്രദേശമായിട്ടും കൈവരിക്കാനായി. ഭൂപരിഷ്‌കരണം, ആരോഗ്യ-വിദ്യാഭ്യാസ മേൻമ, സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം, കുടുംബശ്രീ തുടങ്ങിയ കേരള മോഡലുകളുടെ തുടർച്ചയായാണ് അതിദരിദ്രരെ കണ്ടെത്തി അതിജീവന പദ്ധതി തയ്യാറാക്കുന്നതിനുള്ള മുന്നേറ്റം. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും ചിന്തിക്കാൻപോലുമാകാത്ത ഈ യജ്ഞം വ്യത്യസ്തമാകുന്നത് തീർത്തും ജനകീയവും ഇടതുബദലിന്റെ ദൃഷ്ടാന്തവുമെന്ന നിലയ്ക്കാണ്.
അതിദാരിദ്ര്യ നിർണയത്തിനായി സംസ്ഥാനത്താകെ 1034 തദ്ദേശഭരണ സ്ഥാപനത്തിലെ 19,489 വാർഡിലായി 69,119 ഫോക്കസ് ഗ്രൂപ്പിന്റെ ചർച്ചകളും പൂർത്തിയാക്കി.
പ്രീ-എന്യുമെറേഷനും എന്യുമെറേഷനും സൂപ്പർ ചെക്കും പൂർത്തിയാക്കി. മൊബൈൽ അപ്ലിക്കേഷൻ വഴി നടത്തിയ സർവേയിൽ 35,888 ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും പങ്കെടുത്തു. 13,74,072 പേരാണ് ഈ ഉദ്യമത്തിനായി കൈകോർത്തത്. ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ 1,18,326 പേരെ കണ്ടെത്തി ഉപസമിതികളുടെ അംഗീകാരത്തോടെ 87,158 പേരുടെ പ്രീ എന്യുമെറേഷനും എന്യുമെറേഷനും പൂർത്തീകരിച്ചു. കൃത്യത പരിശോധിക്കുന്നതിനായി 20 ശതമാനം സൂപ്പർ ചെക്ക് ചെയ്യുകയും അതിനുശേഷം അതിദരിദ്രരുടെ സാധ്യതാ പട്ടികയിൽ 73,747 കുടുംബം ഉൾപ്പെടുകയും ചെയ്തു. സൂപ്പർ ചെക്കിനു ശേഷമുള്ള പട്ടിക ഗ്രാമസഭകളിൽ ചർച്ച ചെയ്ത് അംഗീകരിച്ചപ്പോൾ 64,006 കുടുംബമാണ് ഉൾപ്പെട്ടിട്ടുള്ളത്.
അന്തിമപട്ടികയിൽ 12,763 പേർ പട്ടികജാതി വിഭാഗത്തിലും 3021 പേർ പട്ടികവർഗ വിഭാഗത്തിലും 48,222 പേർ മറ്റ് വിഭാഗങ്ങളിലും ഉൾപ്പെടുന്നു. ഇതിൽ 2737 പേർ തീരദേശവാസികളാണ്. ഓരോ കുടുംബത്തിനും അതിജീവനത്തിനുള്ള "മൈക്രോപ്ലാൻ' തയ്യാറാക്കി ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. അതു കൃത്യതയോടെ നിറവേറ്റാൻ ജനപ്രതിനിധികളും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥന്മാരും ഉൾപ്പെടെ വളരെ ഫലപ്രദമായ രീതിയിൽ മികവോടെ പ്രവർത്തിച്ചു.
അതിദാരിദ്ര്യം എന്നത് ഒട്ടും അതിജീവനശേഷി ഇല്ലാത്ത അവസ്ഥയാണ്. തങ്ങൾക്കുവേണ്ടി വാദിക്കാനോ ശബ്ദം ഉയർത്താനോപോലും സ്വയം കഴിയാത്തവരാണ് അതിദരിദ്രർ എന്നതാണ് പൊതുവിൽ കാണുന്ന അവസ്ഥ. ഒറ്റപ്പെടൽ അനുഭവിക്കുന്നവരും ഇവരിൽ ഉണ്ടാകും. മാനസിക വെല്ലുവിളികൾമൂലം സമൂഹം ഒറ്റപ്പെടുത്തിയ കുടുംബങ്ങൾ ഉദാഹരണമാണ്. തെരുവിൽ അലയുന്നവർ സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കണം എന്നില്ല. അതിനാൽ പരമ്പരാഗതമായ ദരിദ്രസർവേ രീതിയിലൂടെ അതിദരിദ്രരെ കണ്ടെത്തൽ ഫലപ്രദമാകണമെന്നില്ല.
പൊതു സമൂഹത്തിന്റെ പരിച്ഛേദം സജീവമായി ഇടപെട്ടുകൊണ്ടുള്ള പ്രക്രിയയിലൂടെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുക എന്നത് പ്രസക്തമാകുന്നത് ഇവിടെയാണ്. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ചിട്ടുള്ള അതിദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യത്തിലേക്ക് നിശ്ചയദാർഢ്യത്തോടെ നടന്നടുക്കുന്നതിന് ഊർജം പകരുന്നതാണ് വിപുലമായ ജനകീയ പങ്കാളിത്തത്തോടെയുള്ള അതിദാരിദ്ര്യനിർണയ പ്രക്രിയയുടെ പൂർത്തീകരണം. അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽനിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പ്രയാണം കൂടുതൽ ശക്തമായി, സമഗ്രമായി മുന്നോട്ടുപോകാൻ നമുക്ക് ഒത്തൊരുമിച്ച് പ്രയത്നിക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
16-Mar-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ