സര്‍ക്കാരിന്റെ പുതിയ മദ്യനയം; ഉയരുന്ന എതിർപ്പുകൾ അടിസ്ഥാനരഹിതം
അഡ്മിൻ
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം കാര്‍ഷിക മേഖലയ്ക്ക് കരുത്തുപകരാന്‍ പര്യാപ്തമായ രീതിയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും മറ്റും ഉത്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിപണിയും വിലയും ലഭ്യമാകാത്ത അവസ്ഥയുണ്ട്. സംഭരണത്തിനുള്ള സൗകര്യവും വ്യാപകമായി നിലവിലില്ല. ഈയൊരു സാഹചര്യത്തില്‍ ധാന്യങ്ങള്‍ ഒഴികെയുള്ള തനത് കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തിലൂടെ കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം സാധ്യമാകുമെന്നത് ഉറപ്പാണ്.
കശുമാങ്ങയും ചക്കയുമൊക്കെ പുരയിടങ്ങളില്‍ വീണ് ജീര്‍ണിച്ച് നശിക്കുന്ന അവസ്ഥ കാണാനാവും. മാങ്ങയും വാഴപ്പഴവും ജാതി തൊണ്ടുമൊക്കെ ഉപയോഗ ശൂന്യമായി പോവുന്നതിന്റെ കാരണം വിപണിയില്‍ വില ലഭിക്കാത്തത് മൂലമാണ്. ഇത്തരുണത്തിലാണ് കേരള നിയമസഭയിലെ സാമ്പത്തിക കാര്യങ്ങള്‍ സബ്ജക്റ്റ് കമ്മറ്റി കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും ഉത്പാദിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന് ശുപാര്‍ശ ചെയ്തത്. കേരള കാര്‍ഷിക സര്‍വ്വകലാശാല ഇത് സംബന്ധിച്ച് പഠനം നടത്തുകയും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് വൈന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യനയത്തില്‍ വൈനും വീര്യം കുറഞ്ഞ മദ്യവും ഉല്‍പ്പാദിപ്പിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. മികച്ചൊരു തീരുമാനമായി വേണം ഇതിനെ കാണാന്‍.
സംസ്ഥാനത്ത് മരച്ചീനി വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. സീസണ്‍ കാലത്ത് മരച്ചീനി കര്‍ഷകര്‍ക്ക് കൂലിയുടെ തുക പോലും വിലയായി ലഭിക്കാത്ത സാഹചര്യം ഉണ്ടാവാറുണ്ട്. കേരളത്തിലെ മരച്ചീനിയില്‍ നിന്ന് മികവാര്‍ന്ന മദ്യം ഉണ്ടാക്കാന്‍ സാധിക്കില്ലെ? അത് സംബന്ധിച്ച് ഗവേഷണം നടത്താന്‍ ഇനിയും എന്താണ് അമാന്തം? ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ ഉണ്ടെങ്കില്‍ ഇതൊക്കെ നടപ്പിലാക്കാന്‍ പറ്റും.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കൃത്യമായ വിപണിയും ന്യായമായ വിലയും ലഭിക്കാന്‍ ഈ തീരുമാനങ്ങളിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തും മാറ്റമുണ്ടാകും. കേരളത്തിന്റെ പരമ്പരാഗത നടപ്പുരീതി ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം പ്രതീക്ഷ നല്‍കുന്നതാണ്.