കാറില്‍ പണവുമായെത്തി സുരേഷ് ഗോപിയുടെ കൈനീട്ട വിതരണം

വിവാദമായി സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ കൈനീട്ട വിതരണം. കാറിലിരുന്ന് നടന്‍ വിഷുകൈനീട്ടം നല്‍കുന്നതും പണം വാങ്ങിയ ശേഷം ആളുകള്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തുവന്നു. സുരേഷ് ഗോപിയുടെ പ്രവര്‍ത്തിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

തന്റെ കാറില്‍ പണവുമായി സുരേഷ് ഗോപി ഇരിക്കുന്നു. ഇത് വാങ്ങുവാനായി സ്ത്രീകള്‍ വരിയായി എത്തുകയും ഓരോരുത്തരായി പണം വാങ്ങിയശേഷം കാല്‍തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒടുവില്‍ പണം വാങ്ങിയ എല്ലാവരും ചേര്‍ന്ന് നടനൊപ്പം ഫോട്ടോയും എടുക്കുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വിലയതോതില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തൃശ്ശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈനീട്ട വിതരണത്തിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. തൃശ്ശൂരിലെ ബിജെപി നേതൃത്വത്തിന്റെ കൂടി സഹകരണത്തോടെയാണ് നടന്റെ പേരില്‍ വിഷുകൈനീട്ടം വിതരണം ചെയ്തത്. ഓരോ മേഖലയിലേയും പ്രാദേശിക നേതാക്കളും വിവിധയിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

13-Apr-2022