പ്രണബ് മുഖര്‍ജി ആര് എസ് എസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. തുറന്നടിച്ച് ശിവസേന
അഡ്മിൻ
ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര് എസ് എസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് പ്രണബ് മുഖര്‍ജിയെന്ന് ശിവസേന. ആര് എസ് എസിന്റെ പരിപാടിയില്‍ പങ്കാളിയായി ആര് എസ് എസിന്റെ സ്ഥാപക നേതാക്കളും കടുത്ത ഹൈന്ദവ വര്ഗീയവാദികളുമായിരുന്ന ഹെഡ്ഗേവാറിനെയും ഗോള്‍വാക്കറിനെയും പുകഴ്ത്തുകയും ചെയ്ത മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്ജിക്കെതിരായാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആഞ്ഞടിച്ചത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിന്റെ മുന്നോടിയായാണ് ആര് എസ് എസ് പരിപാടിയിലേക്ക് പ്രണബിനെ ക്ഷണിച്ചതെന്ന് റാവത്ത് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് സംസാരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്.
നരേന്ദ്രമോഡിയെ രാജ്യം മനസിലാക്കി കഴഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പരാജിതനായ പ്രധാനമന്ത്രിയായി അദ്ദേഹം അടയാളപ്പെടുത്തിക്കൊണ്ടിരിക്കയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഭൂരിപക്ഷം കിട്ടില്ല. നിലവിലുള്ള സീറ്റുകളില്‍ നിന്ന് 110 സീറ്റുകളെങ്കിലും ബി ജെ പിക്ക് കുറയും. ഇത്തരമൊരു സാഹചര്യത്തില്‍ പ്രണബ് മുഖര്‍ജിയെ ആര് എസ് എസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുമെന്നും ഇതിന് മുന്നോടിയായുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.
കോണ്‍ഗ്രസില്‍ നിന്നും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വ്യാപക എതിര്‍പ്പ് ഉയര്‍ന്നിട്ടും പ്രണബ് മുഖര്‍ജി ആര് എസ് എസ് ആസ്ഥാനത്ത് എത്തുകയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്തു. ജൂണ്‍ 7ന് നടന്ന ആര് എസ് എസ് പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുത്തത്. ആര് എസ് എസ് സ്ഥാപകന്‍ കെ ബി ഹെഡ്ഗേവാര്‍ ഭാരതത്തിന്റെ മഹാനായ പുത്രനാണെന്ന് പുകഴ്ത്താനും പ്രണബ് തയ്യാറായി. ഗോള്‍വാക്കറെയും അദ്ദേഹം പൂജിച്ചു. ഇത് സംഘപരിവാര്‍ കേന്ദ്രങ്ങളുമായി മുന്‍ രാഷ്ട്രപതി അടുക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ശിവസേനയുടെ തുറന്നടിക്കലോടെ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തി. ഉപതെരഞ്ഞെടുപ്പുകളിലേയും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേയും പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ശിവസേനയെ അനുനയിപ്പിക്കാന്‍ അമിത് ഷാ കഴിഞ്ഞ ദിവസം ശ്രമം തുടങ്ങിയിരുന്നു. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഒപ്പമുണ്ടായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് പൂര്‍വ സഖ്യത്തെക്കുറിച്ച് ശിവസേന യാതൊരു ഉറപ്പും അമിത് ഷായ്ക്ക് നല്‍കിയിട്ടില്ലെന്നാണ് സൂചന. അതിന്റെ തെളിവ് പോലെയാണ് ഇപ്പോള്‍ സഞ്ജയ് റാവത്തിന്റെ തുറന്നുപറച്ചില്‍ പുറത്തുവന്നിരിക്കുന്നത്.