താജ്മഹലിന്റെ കവാടം സംഘികള്‍ തകര്‍ത്തു

ന്യൂഡല്‍ഹി : വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ കവാടം തകര്‍ത്തു. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അയോധ്യാ ധ്വംസനത്തെ അനുസ്മരിപ്പിക്കും വിധത്തിലാണ് താജ്മഹലിന് നേരെ അക്രമം അഴിച്ചുവിട്ടത്. വി എച്ച് പി നേതൃത്വം ആക്രമത്തെ ന്യായീകരിച്ച് നിലപാടെടുത്തുവരികയും ചെയ്തു.

400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് കവാടം തകര്‍ത്തത്. ആക്രമത്തിനിടയില്‍ ഇനി താജ്മഹലും തകര്‍ക്കും എന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അലറിവിളിക്കുന്നുണ്ടായിരുന്നു. ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടം.

കുറച്ചുനാളുകള്‍ക്ക് മുമ്പ് താജ്മഹലിന്റെ പേര് റാം മഹല്‍ എന്നോ കൃഷ്ണ മഹല്‍ എന്നോ മാറ്റണം എന്ന ആവശ്യവുമായി ബി ജെ പി എം എല്‍ എ സുരേന്ദ്ര സിങ് രംഗത്ത് വന്നിരുന്നു. താജ്മഹലിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണെന്ന് ധ്വനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പല സംഘപരിവാര്‍ നേതാക്കളും നടത്തുന്നത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. അതിനാല്‍ താജ്മഹലിന്റെ കവാടം തകര്‍ത്ത സംഭവത്തെ ഗൗരവത്തോടെയാണ് രാജ്യം വീക്ഷിക്കുന്നത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. 30 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

 

12-Jun-2018