സമ്പത്തിലും ജോസ് കെ മാണിക്ക് വിജയം തന്നെ

തിരുവനന്തപുരം : പേയ്‌മെന്റ് സീറ്റെന്ന് പി സി ജോര്‍ജ്ജ് വിശേഷിപ്പിച്ച യു ഡി എഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ജോസ് കെ മാണിക്കും കേരള കോണ്‍ഗ്രസിനും ഒരു തലവേദനയും ഉണ്ടാക്കുന്നില്ല. കോണ്‍ഗ്രസില്‍ ഉണ്ടാക്കിയ പുകിലുകള്‍ പ്രസ്താവനായുദ്ധങ്ങളായി മുന്നേറുമ്പോള്‍, കോടികളുടെ സമ്പാദ്യവുമായാണ് ജോസ് കെ മാണി രാജ്യസഭയിലേക്ക് പോകുന്നത്. ജോസ് കെ മാണിക്ക് മറ്റ് രണ്ട് രാജ്യസഭാ സ്ഥാനാര്‍ത്ഥികളുമായി താരതമ്യം ചെയ്യുമ്പോള്‍ കോടീശ്വരപദവി. ഭൂമിയും വീടുമായി 1.04 കോടിയുടെ സമ്പാദ്യവും ബാങ്ക് നിക്ഷേപം, ഓഹരി, സ്വര്‍ണ്ണം എന്നീ ഇനങ്ങളിലായി 24 ലക്ഷവും.

കേരള കോണ്‍ഗ്രസ് പാര്‍ടിയുടെ സ്വത്തുക്കള്‍ ജോസ് കെ മാണിയുടെ പേരില്‍ എഴുതിവെച്ചതുകൊണ്ടല്ല ഈ കൊടീശ്വരപട്ടം കിട്ടിയിട്ടുള്ളത്. എല്ലാം വ്യക്തിപരമായുള്ള സമ്പത്ത്. നേരത്തെ ലോകസഭാ സ്ഥാനാര്‍ത്ഥിയാവുമ്പോള്‍ വെളിപ്പെടുത്തിയ സമ്പാദ്യം ഇപ്പോള്‍ ഏറെ വര്‍ധിച്ചിട്ടുമുണ്ട്.

ബാങ്ക് നിക്ഷേപം, ഓഹരി, സ്വര്‍ണ്ണം തുടങ്ങിയ ഇനങ്ങളില്‍ 24.52 ലക്ഷരൂപയുടെ സ്വത്തുള്ള ജോസ് കെ മാണിക്ക് ഭൂമിയും വീടും ചേര്‍ന്ന് 1.04 കോടിയുടെ സ്വത്ത് വേറെയുണ്ട്. 2.37 ലക്ഷത്തിന്റെ ഓഹരിയും രണ്ടുലക്ഷത്തിന്റെ വീതം രണ്ടു ഇന്‍ഷുറന്‍സ് പോളിസിയും 48 ഗ്രാം സ്വര്‍ണ്ണവും കയ്യില്‍ 18,000 രൂപയുമുണ്ട്. ഭാര്യയൂടെ പേരില്‍ ബാങ്ക് നിക്ഷേപം, ഓഹരി, സ്വര്‍ണ്ണം തുടങ്ങിയ ഇനങ്ങളില്‍ 2.11 കോടിയുടെ സ്വത്തുണ്ട്. 15.87 ലക്ഷത്തിന്റെ ഭൂസ്വത്ത് വേറെയും. 7.37 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപമുള്ള ഭാര്യയുടെ കയ്യില്‍ 11.73 ലക്ഷം വിലമതിക്കുന്ന 408 ഗ്രാം സ്വര്‍ണ്ണവും റോയല്‍ മാര്‍ക്കറ്റിംഗ് ആന്റ് ഡിസ്ട്രിബ്യൂഷനില്‍ 68.35 ലക്ഷം രൂപയും കയ്യില്‍ 12,000 രൂപയുമുണ്ട്. 15,853 രൂപ മക്കളുടെ കയ്യിലുണ്ട്. ഇവരുടെ പേരില്‍ 3.45 ലക്ഷം വിലമതിക്കുന്ന 120 ഗ്രാം സ്വര്‍ണ്ണമുണ്ട്. മക്കളില്‍ ഒരാള്‍ക്ക് 10.49 ലക്ഷത്തിന്റെ ഓഹരി നിക്ഷേപവുമുണ്ട്.

കെ എം മാണിയ്ക്ക് നോട്ടെണ്ണല്‍ മിഷ്യനുണ്ടെന്ന പരാമര്‍ശം രാഷ്ട്രീയകേരളം ആസ്വദിക്കുമ്പോഴും പിതാവിനെ വെല്ലുന്ന പുത്രനായി ജോസ് കെ മാണി പിറകിലുണ്ടെന്ന് രേഖകള്‍ തെളിയിക്കുന്നു.

 

13-Jun-2018