ബി ജെ പിയിലെ കലാപം ആര് എസ് എസിലേക്കും പടരുന്നു
അഡ്മിൻ
പാലക്കാട്: കേരള ബി ജെ പിക്ക് ആര് എസ് എസ് ദേശീയ നേതൃത്വത്തിന്റെ അന്ത്യശാസനം. സംഘം നിര്‍ദേശിക്കുന്ന രീതിയില്‍ മുന്നോട്ടുപോയില്ലെങ്കില്‍ ബി ജെ പിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വത്തോട് കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. വിഭാഗീയത കൊണ്ട് സംഘടനയുടെ വളര്‍ച്ച മുരടിച്ചെങ്കിലും ബി ജെ പി നേതാക്കള്‍ സാമ്പത്തികമായി വളരുന്നതിന്റെ ഗുട്ടന്‍സ് ആര് എസ് എസിന് അറിയാമെന്നും അതിനി കേരളത്തില്‍ നടക്കില്ലെന്നും ആര് എസ് എസ് നിയോഗിച്ച ബി ജെ പി ദേശീയ സഹസംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ് തുറന്നടിച്ചു.
അതേസമയം ബി ജെ പി സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷം നേതാക്കളും ബി എല്‍ സന്തോഷിനെ വകവെക്കാതെയാണ് മുന്നോട്ടുപോകുന്നത്. കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണറായ ഒഴിവില്‍ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനായി ദേശീയ നേതാവ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ അതിനാല്‍ തന്നെ പങ്കാളിത്തമുണ്ടായില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നാല് ബി ജെ പി നേതാക്കളെ വിളിച്ചുകൂട്ടി സമവായത്തിലൂടെ പ്രസിഡന്റിനെ കണ്ടെത്താനും സംഘടനയെ ശുദ്ധീകരിക്കാനുള്ള നിര്‍ദേശം കൊടുക്കാനുമാണ് യോഗം വിളിച്ചത്. അതില്‍ പങ്കെടുത്തത് കെ സുരേന്ദ്രന് മാത്രം. മറ്റുള്ളവര്‍ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയാല്‍ കേരളത്തിലെ ബി ജെ പി നാമാവശേഷമാവുമെന്ന് അമിത് ഷായ്ക്ക് ഇ മെയില്‍ അയച്ചു. കര്‍ണാടകത്തിലെ ഒരു തോട്ടമുടമയുമായുള്ള കെ സുരേന്ദ്രന്റെ ബന്ധം വരെ അമിത് ഷായ്ക്ക് അയച്ച ഇ മെയിലിലുണ്ട്. ജനറല്‍ സെക്രട്ടറിമാരെ മാത്രം വിളിച്ച് ബി ജെ പിയിലെ ആഭ്യന്തര കലാപം പരിഹരിക്കാനുള്ള ബി എല്‍ സന്തോഷിന്റെ നീക്കത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സ്വകാര്യമായി തീര്‍ക്കേണ്ട വിഷയങ്ങളല്ല ബി ജെ പിയില്‍ നിലവിലുള്ളതെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് സന്തോഷുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ തുറന്നടിച്ചു.
ബി ജെ പി പാലക്കാട് ജില്ലാ പ്രസിഡന്റിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ കെ സുരേന്ദ്രനെ കൂടാതെ എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന് എന്നിവര്‍ പങ്കെടുക്കണമായിരുന്നു. രമേശ് മാത്രമാണ് വ്യക്തിപരമായ കാരണങ്ങളാല്‍ എത്തില്ലെന്ന് അറിയച്ചത്. മറ്റുള്ളവര്‍ ഒരറിയിപ്പും നല്‍കിയിട്ടില്ല.
ആര് എസ് എസ് പ്രചാരകനായിരുന്ന കുമ്മനം രാജശേഖരനെ ബി ജെ പി സംസ്ഥാന അധ്യക്ഷനാക്കുക വഴി കേരളത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ ബി ജെ പിക്ക് സാധിച്ചില്ലെന്നുള്ള വിലയിരുത്തലാണ് സംഘത്തിന്റെ ദേശീയ നേതൃത്വത്തിനുള്ളത്. കേരളത്തിലെ ബി ജെ പി നേതാക്കള്‍ സംസ്ഥാനത്തെ മറ്റ് രാഷ്ട്രീയപാര്‍ടികളുടെ നേതാക്കളുടെ സ്വഭാവത്തിലാണ് മുന്നോട്ടുപോകുന്നതെന്നും അത് മാറ്റി ഉത്തരേന്ത്യന്‍ നേതാക്കളുടെ രീതിയില്‍ പ്രവര്‍ത്തനം മാറ്റണമെന്നും ആര് എസ് എസ് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രവര്‍ത്തനരീതി മാറ്റാത്ത സംസ്ഥാന നേതാക്കളെ നിരീക്ഷിക്കാന്‍ ആര് എസ് എസ് ഒരു ഏജന്‍സിയെ ചുമതപ്പെടുത്തിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് പല തലകളും ഉരുളുമെന്നാണ് ആര് എസ് എസ് വൃത്തങ്ങള്‍ പറയുന്നത്.
കേരളത്തിലെ ബി ജെ പിയിലുള്ള നാല് ആര് എസ് എസ് പ്രചാരകന്മാരും വ്യത്യസ്ത ഗ്രൂപ്പുകളുടെ വക്താക്കളായാണ് ബി ജെ പിയില്‍ നിലപാടെടുക്കുന്നത്. സംസ്ഥാന പ്രസിഡന്റായിരുന്ന പ്രചാരകന് കുമ്മനം മിസോറാമില്‍ ഗവര്‍ണറായി പോയതോടെ ദേശീയ സഹസംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷും സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷും സഹസംഘടനാ സെക്രട്ടറി കെ സുഭാഷും വിവിധ വഴികളിലൂടെ ബി ജെ പിയില്‍ പിടിമുറുക്കാനുള്ള ശ്രമത്തിലാണുള്ളത്. വി മുരളീധരന് പക്ഷത്തെ ഉപയോഗിച്ച്് ബി എല്‍ സന്തോഷ് ശ്രമിക്കുമ്പോള്‍, പി കെ കൃഷ്ണദാസിന്റെ കൂടെയാണ് എം ഗണേഷും കെ സുഭാഷുമുള്ളത്.
കേരളത്തിലെ ബി ജെ പി നേതൃത്വം നല്ലകുട്ടികളായാല്‍ മാത്രമേ ആര് എസ് എസ് നേതൃത്വം സ്വതന്ത്രസംഘടനാ പ്രവര്‍ത്തനത്തിന് അനുവദിക്കുകയുള്ളു. കെ സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ ആര്‍ക്കും യോജിപ്പിച്ച. ചുമതല വഹിക്കുന്ന പ്രചാരകന്മാരെ വെറുപ്പിച്ച് അത്തരത്തിലൊരു ഉത്തരവാദിത്തം സുരേന്ദ്രന് ലഭിക്കാനുള്ള സാധ്യത കുറവാണ്. സംസ്ഥാന അധ്യക്ഷ പദവിക്ക് വേണ്ടിയുള്ള ബി ജെ പി നേതാക്കളുടെ തമ്മിലടിയില്‍ സമവായമുണ്ടാക്കാനാണ് ബി എല്‍ സന്തോഷ് പാലക്കാട്ട് യോഗം വിളിച്ചത്. എം. ഗണേഷും കെ സുഭാഷും യോഗത്തിന് എത്തിയെങ്കിലും ബി ജെ പി ജനറല്‍സെക്രട്ടറിമാര്‍ പ്രതിഷേധിച്ച് വിട്ടുനിന്നു. നേതൃത്വത്തെയാകെ വിളിച്ച് അഭിപ്രായം ചോദിക്കാതെ രഹസ്യസ്വഭാവമുള്ള യോഗം വിളിച്ചതില്‍ പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, പി എസ് ശ്രീധരന്‍പിള്ള, കെ വി ശ്രീധരന് എന്നിവര്‍ ബി ജെ പി കേന്ദ്രനേതൃത്വത്തിന് പരാതി അയച്ചു.
13-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ