സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ; കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ഇനിയും ഊര്‍ജ്ജിതപെടുത്തും : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ഇനിയും ഊര്‍ജ്ജിതപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പുമന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സ്ത്രീപക്ഷ നവകേരളം എന്നത് ചിലര്‍ പറയുന്നത് പോലെ കേവലം വാചകമടിയിലൂടെയല്ല യാഥാര്‍ത്ഥ്യമാവുന്നതെന്നും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കിയാണ് അത് സാധിതമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീയൊരുക്കുന്ന അഭയകേന്ദ്രമായ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്‌ഡെസ്‌ക് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും ഊര്‍ജ്ജിതപ്പെടുത്തും. ഹെല്‍പ്‌ഡെസ്‌ക് 14 ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തണലൊരുക്കുന്ന കാര്യത്തില്‍, സ്ത്രീപക്ഷ നവകേരളം പരിപാടിക്ക് തുടക്കമായതോടെ കൂടുതല്‍ കരുത്തും വേഗവും കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ആശ്രയിക്കാവുന്ന അഭയകേന്ദ്രം എന്നതിനപ്പുറം അവര്‍ക്ക് ശാരീരികവും മാനസികവും നിയമപരവുമായ സുരക്ഷ ഉറപ്പു വരുത്തുന്ന രീതിയില്‍ ഉന്നതമായ പിന്തുണാസംവിധാനങ്ങളും സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിനൊപ്പം ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. സ്‌നേഹിതയില്‍ സേവനത്തിനും പിന്തുണയ്ക്കുമായി എത്തുന്നവര്‍ക്ക് താത്കാലിക താമസ സൗകര്യവും കൗണ്‍സിലിംഗും പുനരധിവാസ സഹായങ്ങളും, കൂടാതെ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് നിയമ ആരോഗ്യ പരിരക്ഷയും നല്‍കുന്നുണ്ട്. 24 മണിക്കുറും ലഭ്യമാകുന്ന ടെലി കൗണ്‍സിലിങ്ങ് സേവനവും നിരവധി പേര്‍ക്ക് ഉപകാരപ്പെടുന്നുണ്ട്.

സ്‌നേഹിതയില്‍ എത്തുന്ന നിര്‍ധനരായ സ്ത്രീകള്‍ക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിനു വേണ്ടി 14 ജില്ലകളിലും ലീഗല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി സഹകരിച്ച് അഭിഭാഷകരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. നിയമസംവിധാനങ്ങളെ കുറിച്ച് അറിവില്ലാത്തവരും സ്വന്തമായി വരുമാനമില്ലാത്തവരുമായ സാധാരണക്കാരായ നിരവധി സ്ത്രീകള്‍ക്ക് ഇതുവഴി പ്രയോജനം ലഭിക്കുന്നുണ്ട്. 2016 മുതല്‍ 2022 മാര്‍ച്ച് വരെ 35344 പേര്‍ കേസുകള്‍ സ്‌നേഹിതയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ സ്‌നേഹിതയിലൂടെ ലഭ്യമാക്കി. കൂടാതെ 6326 പേര്‍ക്ക് താത്കാലിക അഭയവും ലഭ്യമാക്കിയെന്ന് മന്ത്രി പറഞ്ഞു.

സ്‌നേഹിതയുടെ പ്രവര്‍ത്തനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാനുമായി കോളേജുകള്‍, വിവിധ ജില്ലാ ജയിലുകള്‍, പോലീസ് സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ചൂഷണത്തില്‍ നിന്നും രക്ഷിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങളും ആശങ്കകളും തുറന്നു പറയുന്നതിനുള്ള വേദിയൊരുക്കാനും ആവശ്യമായ മാനസിക പിന്തുണ ലഭ്യമാക്കാനും 'സ്‌നേഹിതാ അറ്റ് സ്‌കൂള്‍'പദ്ധതി സംസ്ഥാനത്തെ 56 സ്‌കൂളുകളില്‍ നടപ്പാക്കി വരുന്നുണ്ട്. ഗ്രാമ, തീരദേശ, ട്രൈബല്‍ മേഖലകളിലെ സ്‌കൂളുകളെയാണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രാദേശികമായി സ്ത്രീകളുടെ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി വാര്‍ഡുതലത്തില്‍ 19117 വിജിലന്റ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ലിംഗാധിഷ്ഠിത അതിക്രമങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ഇവ ഉപകാരപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിനായി തദ്ദേശ സ്ഥാപനതലത്തില്‍ 729 ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.

സ്ത്രീസുരക്ഷയ്ക്കും സ്ത്രീശാക്തീകരണത്തിനുമാണ് ഇവ ഊന്നല്‍ നല്‍കുന്നത്. അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന ഏതൊരു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പിന്തുണാ സംവിധാനമായ കമ്മ്യൂണിറ്റി കൗണ്‍സലിങ്ങിന് വേണ്ടി 360 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ ഷീലോഡ്ജുകള്‍ പോലുള്ള സംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാണ്.

തദ്ദേശ സ്ഥാപനങ്ങളില്‍ സി.ഡി.എസ്തലത്തില്‍ 1064 ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരും കൂടാതെ 178 ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍സ് കോര്‍ ടീമും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള വേദികളെ ശക്തിപ്പെടുത്തി സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരുള്ളതെന്നും ഇത്തരം വസ്തുതകളെ മറച്ചുവെച്ച് തെറ്റായപ്രചരണങ്ങള്‍ നടത്തുന്നവര്‍ സ്ത്രീവിരുദ്ധത മനസ്സില്‍ പേറുന്നവരാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

27-May-2022