തിരുവനന്തപുരം : പരസ്യപ്രസ്താവന അരുതെന്ന നേതൃത്വത്തിന്റെ നിര്‍ദേശത്തിന് പുല്ലുവിലപോലും കൊടുക്കാതെ വി എം സുധീരന്‍ പത്രസമ്മേളനം വിളിച്ച് രംഗത്തെത്തി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച സുധീരന്‍ രണ്ടും കല്‍പ്പിച്ച് ഗോദയിലിറങ്ങിയിരിക്കയാണെന്ന് വ്യക്തം. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റു നല്‍കിയത് ഹിമാലയന്‍ വങ്കത്തരമെന്നും കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടി തന്നോട് കാട്ടിയത് ക്രൂരമായ നിസ്സംഗതയായിരുന്നുവെന്നും ജനപക്ഷ യാത്രയെ പരാജയപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെന്നും സുധീരന്‍ തുറന്നടിച്ചു.
ബുധനാഴ്ച മാധ്യമങ്ങളെ അഭിമുഖീകരിച്ചപ്പോഴാണ് സുധീരന്‍ കോണ്‍ഗ്രസിനെ പിടിച്ചുകുടഞ്ഞത്. രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന് നല്‍കിയത് അധാര്‍മികമാണ്. സമാന്യബോധമുള്ള ഒരു രാഷ്ട്രീയ നേതാവും ഇത്തരമൊരു തീരുമാനമെടുക്കില്ല. ലോക്‌സഭയില്‍ നിന്ന് രാജ്യസഭയിലേക്ക് ഒരാള്‍ പോകുമ്പോള്‍ ലോക്‌സഭയില്‍ ഒരു സീറ്റ് കുറയും. യുപിഎയുടെ ആ നഷ്ടം ബിജെപിയുടെ നേട്ടമാണ്. ഭാരതത്തിന്റെ ശാപമാണ് ബിജെപി. ജനങ്ങളുടെ മേല്‍ വന്നുപെട്ട വന്‍ ബാധ്യതയാണ് മോദി സര്‍ക്കാര്‍. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇവരെ പുറന്തള്ളുന്നതിനുവേണ്ടി രാഹുല്‍ഗാന്ധി മുന്നോട്ടു പോകുമ്പോള്‍ ആ ശ്രമങ്ങളെ പരാജയപ്പെടുത്തുന്ന സമീപനമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റേത്. ഒരേസമയം മൂന്നു പാര്‍ട്ടികളുമായി വിലപേശിയ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണുറപ്പ്. അത്തരമൊരു ഉറപ്പെങ്കിലും അദ്ദേഹത്തില്‍നിന്നു വാങ്ങേണ്ടതായിരുന്നു. ആര്‍എസ്പിയെ മുന്നണിയിലെടുത്തതു പാര്‍ട്ടിയില്‍ ആലോചിച്ചാണ്. സോണിയ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കണം. ജയിച്ചുവരുന്ന പാര്‍ലമെന്റംഗം യുപിഎയ്ക്കു പിന്തുണ നല്‍കണം സുധീരന്‍ തന്റെ നയം വ്യക്തമാക്കി.
താന്‍ അധ്യക്ഷനായിരിക്കെ പരസ്യപ്രസ്താവന പാടില്ലെന്ന് പറഞ്ഞപ്പോള്‍ കെപിസിസി ഓഫിസില്‍ പത്രസമ്മേളനം വിളിച്ചയാളാണ് എം എം ഹസന്‍. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരുടെ വികാരം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. മനസ്സ് മടുപ്പിക്കുന്ന പശ്ചാത്തലമാണ് പാര്‍ട്ടിക്ക് അകത്തുണ്ടായിരുന്നത്. ഒരാളോടും തന്നെ കെപിസിസി പ്രസിഡന്റാക്കണമെന്ന് പറഞ്ഞിട്ടില്ല. ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്ത ഉമ്മന്‍ചാണ്ടി ജാഥാ ക്യാപ്റ്റനായ തന്റെ പേര് പോലും പറയാന്‍ മടിച്ചു. കെപിസിസി അധ്യക്ഷനായ തന്നോട് ഉമ്മന്‍ചാണ്ടി നിസഹകരണം പ്രഖ്യാപിച്ചു. വി എം സുധീരന്റെ ആരോപണങ്ങളോട് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുമോ, അതോ സുധീരന് വിലകൊടുക്കാതെ അവഗണിക്കുമോ എന്നത് വരും ദിനങ്ങളില്‍ മനസിലാക്കാം. അതേസമയം കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ സുധീരനെതിരെ ഹൈക്കമാന്‍ഡിന് ഇ മെയില്‍ അയച്ചതായും സൂചനകളുണ്ട്.