കോഴിക്കോട്: കനത്തമഴയും ഉരുള്‍പ്പൊട്ടലും മൂലം താമരശ്ശേരി കരിഞ്ചോലയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. കാണാതായ നസ്‌റത്തിന്റെ മകള്‍ റിഫ ഫാത്തിമ മറിയമെന്ന ഒരു വയസ്സുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇനി ആറു പേരെ കൂടി ഇവിടെ നിന്നും കണ്ടെത്താനുണ്ട്. ഇവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രാവിലെ ഒരാളുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്നലെ പുറത്തെടുത്ത ജാഫര്‍ എന്നയാളുടേതാണ് ഇതെന്ന് കരുതുന്നു. ജാഫറിന്റെ മൃതദേഹം പുറത്തെടുക്കുമ്പോള്‍ കാലുകള്‍ ഉണ്ടായിരുന്നില്ല.
കരിഞ്ചോല മലയില്‍ അനധികൃത ജലസംഭരണി സ്ഥാപിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ യാതൊരുവിധ അനുമതിയും കൂടാതെയാണ് തടയണ നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ചേരി സ്വദേശികളാണ് ഇവിടെ സ്ഥലംവാങ്ങിയിരിക്കുന്നത്. അതിനിടെ, നിലമ്പൂര്‍ ഏനാന്തിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കരുളായി സ്വദേശി നിസാമുദ്ദീന്റെ മൃതദേഹമാണ് കണ്ടെടുത്തത്.