ട്രോളാന്‍ മോഡിയുടെ ജീവിതം ഇനിയും ബാക്കി

ന്യൂഡല്‍ഹി : ലോകത്തിലെ പ്രധാന മാധ്യമ സ്ഥാപനമായ ബി ബി സി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളിക്കൊണ്ട് തങ്ങളുടെ ഹിന്ദി ഫേസ്ബുക്ക് പേജില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തു. ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്തു ട്വിറ്ററില്‍ വ്യായാമ വിഡിയോ പോസ്റ്റ് ചെയ്ത മോദിയെ ട്രോളിയ ബി ബി സി വ്യായാമ വേഷത്തില്‍ ഭൂമിക്കുചുറ്റും മോദി നടക്കുന്നതിന്റെ കാര്‍ട്ടൂണാണ് പങ്കുവെച്ചത്. 'ഈ ദിവസത്തെ കാര്‍ട്ടൂണ്‍' എന്ന പേരില്‍ 'ഗൂമന്താസന്‍' (ചുറ്റിക്കറങ്ങലാസനം) എന്ന തലക്കെട്ടിട്ടുള്ള കാര്‍ട്ടൂണില്‍, സൗരയൂഥത്തില്‍ ഭൂമിക്കു പുറമേക്കൂടി മോദി നടക്കുന്നതായാണു ചിത്രീകരിച്ചിട്ടുള്ളത്.

യോഗയ്ക്കു പുറമേ, പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്‌നി, ആകാശം എന്നിവയിലൂടെ സൃഷ്ടിച്ചെടുത്ത പാതകളിലൂടെയുള്ള നടത്തം ഉന്മേഷം പകരുന്നതാണെന്നു മോദി പറഞ്ഞിരുന്നു. മരത്തിനു ചുറ്റും തയാറാക്കിയ ഈ 'പഞ്ചഭൂത പാതയിലൂടെ' നടക്കുന്നതിനെ പരിഹസിച്ചാണ് കാര്‍ട്ടൂണ്‍ വരച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിയും ഒളിംപിക് വെള്ളി മെഡല്‍ ജേതാവുമായിരുന്ന രാജ്യവര്‍ധന്‍ സിങ് റാത്തോഡാണു ചാലഞ്ച് തുടങ്ങിവച്ചത്.

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ചാലഞ്ച് ഏറ്റെടുത്താണു മോദി വിഡിയോ പങ്കുവച്ചത്. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്കാണ് അദ്ദേഹം തുടര്‍ ചാലഞ്ച് നല്‍കിയത്. ലോക്കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പുല്‍മൈതാനിയില്‍ കറുത്ത നിറത്തിലുള്ള ജോഗിങ് വേഷത്തില്‍ മോദി വ്യായാമം ചെയ്യുന്ന വിഡിയോയ്ക്കു വലിയ പ്രചാരം ലഭിച്ചിരുന്നു. ബി ബി സിയടക്കമുള്ള മാധ്യമങ്ങളിലൂടെ ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ നിറംകെടുത്തുന്ന കോമാളിയായി മോഡി മാറിയിരിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

15-Jun-2018