പോലീസിലെ അടിമപ്പണി മുഖ്യമന്ത്രിക്ക് കടുത്ത അസംതൃപ്തി

തിരുവനന്തപുരം : പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ തങ്ങളുടെ വീടുകളില്‍ പോലീസുകാരെ പണിക്ക് നിര്‍ത്തി പീഡിപ്പിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അസംതൃപ്തി. ഐ പി എസുകാരുടെ വീടുകളില്‍ പോലീസുകാരെ അടിമപ്പണിക്ക് നിയോഗിക്കുന്നുവെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി, സംഭവത്തിന്റെ ഗൗരവം കുറച്ചുകാണരുതെന്ന് തന്റെ ഓഫീസിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഉന്നതരുടെ വീട്ടിലെ പോലീസുകാരുടെയും വാഹനങ്ങളുടെയും എണ്ണം എത്രയും വേഗം അറിയിക്കാന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കേരള പോലീസ് സംവിധാനത്തിലെ ചില ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ വെച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ പോലീസിനെ തുടരെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന അവസ്ഥയുണ്ട്. അതോടൊപ്പമാണ് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ കുതിരകയറ്റവും പോലീസ് സേനയില്‍ ഉയരുന്ന പ്രതിഷേധവും.

എ ഡി ജി പി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗവാസ്‌കര്‍ എന്ന പോലീസുകാരന്‍ പരാതി നല്‍കിയതോടെയാണ് ഉന്നതരുടെ വീട്ടിലെ അടിമപ്പണി വീണ്ടും ചര്‍ച്ചയായത്. നേരത്തെ പല ഘട്ടങ്ങളിലും ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട് എങ്കിലും ഈ ദുഷിച്ച സമ്പ്രദായം നിര്‍ത്താന്‍ പോലീസ് വകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇത്തരം ജോലികള്‍ നിര്‍ത്തലാക്കി വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ ഉത്തരവിറക്കിയതാണെങ്കിലും ഐ പി എസ് തലത്തിലെ പല ഉന്നതരുടെയും വീടുകളില്‍ എ ആര്‍ ക്യാമ്പില്‍ നിന്നുളള പോലീസുകാരെ വീട്ടുജോലിക്കും മറ്റും നിയോഗിക്കാറുണ്ട്. പലപ്പോഴും ജോലി സൗകര്യങ്ങള്‍ക്ക് വേണ്ടി ഇത്തരം ജോലി ചോദിച്ചുവാങ്ങുന്ന പോലീസുകാര്‍ ആള്‍ക്കാര്‍ മാറി വരുമ്പോള്‍ കടുത്ത പീഡനത്തിന് ഇരയാകുകയും ചെയ്യും.

ഗവാസ്‌കറുടെ പ്രശ്‌നത്തില്‍ പോലീസ് അസോസിയേഷന്‍ കടുത്ത പ്രതിഷേധത്തിലാണുള്ളത്. പൊതുവില്‍ പോലീസിന് വരുന്ന വീഴ്ചകളെല്ലാം സാധാ പോലീസുകാരുടെ തലയില്‍ വച്ച് ഉന്നത പോലീസുദ്യോഗസ്ഥര്‍ രക്ഷപ്പെടുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഇതൊക്കെ സംബന്ധിച്ച് പോലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിയ്ക്കും സിപിഐ എം നേതൃത്വത്തിനും പരാതി നല്‍കികഴിഞ്ഞു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം വന്നിരിക്കുന്നത്. അതേ സമയം പോലീസുകാരന്റെയും എഡിജിപിയുടെ മകളുടെയും പരാതിയില്‍ അന്വേഷണത്തിന് ഡി വൈ എസ് പി പ്രതാപന്‍ നായരെ ചുമതലപ്പെടുത്തി.

15-Jun-2018