കര്‍ക്കശ നിലപാടുമായി മുഖ്യമന്ത്രി പോലീസിലെ അടിമപ്പണി ഇല്ലാതാവും

തിരുവനന്തപുരം : എ ഡി ജി പി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ രേഷ്മ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മുഖ്യമന്ത്രി സംഭവിച്ച കാര്യങ്ങള്‍ അവരില്‍ നിന്നും മനസിലാക്കുകയും സംഭവം അതീവ ഗുരുതരമായാണ് കാണുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. എത്ര ഉന്നതനായാലും കര്‍ശന നടപടിയെടുക്കുമെന്നും കേരളത്തിന്റെ തനിമ മനസിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരണത്തിനായി തെക്കന്‍ മേഖല എ ഡി ജി പി അനില്‍ കാന്തിനെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ചു വരുത്തി. പോലീസുകാരന്റെ പരാതിയില്‍ അന്വേഷണത്തിന് ഉദ്യോഗസ്ഥനേയും നിയോഗിച്ചു. ഡി വൈ എസ് പി പ്രതാപന്‍ നായര്‍ക്കാണ് അന്വേഷണചുമതല.

പോലീസ് ഡ്രൈവറുടെ പരാതിയായതുകൊണ്ട് മാധ്യമങ്ങളുടെയും മറ്റും ശ്രദ്ധയില്ലാതായാല്‍ പോലീസിലെ ഉന്നതര്‍ പരാതി അട്ടിമറിക്കാനും ഗവാസ്‌കറെ ഉദ്യോഗസ്ഥ തലത്തില്‍ പീഡിപ്പിക്കാനുമുള്ള സാധ്യത ഉയര്‍ന്നുവരരുതെന്ന കര്‍ഷന നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കണ്ട് പുറത്തിറങ്ങിയ ഗവാസ്‌കറുടെ ഭാര്യ തന്റെ ഭര്‍ത്താവിന് നേരിടേണ്ടി വന്ന മാനസിക പീഡനം അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് വിശദമായി സംസാരിച്ചുവെന്ന് പറഞ്ഞു. ആശുപത്രി വിട്ടാലുടന്‍ ഗവാസ്‌കര്‍ മുഖ്യമന്ത്രിയെ കാണുമെന്നും രേഷ്മ വ്യക്തമാക്കി.

അതേസമയം എ ഡി ജി പിയുടെ മകള്‍ പോലീസ് െ്രെഡവറെ മര്‍ദിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. എ ഡി ജി പി സുദേഷ്‌കുമാറിന്റെ മകള്‍ സ്‌നിഗ്ധ, പോലീസുകാരനെതിരേ നല്‍കിയ കേസും അന്വേഷിക്കുമെന്ന് ഡി ജി പി വ്യക്തമാക്കി. എ ഡി ജി പിയുടെ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നു കാണിച്ചാണ് ഗവാസ്‌കര്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. എ ഡി ജി പിയുടെ മകളേയും ഭാര്യയേയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത നടത്തത്തിനായി കൊണ്ട് പോയപ്പോള്‍ മകള്‍ സ്‌നിഗ്ധ ചീത്ത വിളിച്ചുവെന്നും ഫോണുകൊണ്ട് കഴുത്തിന് പിന്നില്‍ ഇടിച്ചുവെന്നുമാണ് ഗവാസ്‌കറിന്റെ പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ ഗവാസ്‌കര്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്.

ഈ സംഭവത്തില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പിനായുള്ള നീക്കവുമായി പ്രതിപക്ഷവും സജീവമായി രംഗത്തുണ്ട്. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടിസ് നല്‍കാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം. പൊലീസുകാരെ വീട്ടുജോലിക്കു നിയോഗിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴായെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച് 21നാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച് നിയമസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയത്. ഈ പ്രതിപക്ഷ നീക്കത്തിന് വസ്തുതകളുടെ പിന്‍ബലത്തോടെ മുഖ്യമന്ത്രിക്ക് മറുപടി നല്‍കാന്‍ സാധിക്കുമെന്ന് പോലീസ് അസോസിയേഷന്റെ വക്താക്കള്‍ പറഞ്ഞു. പോലീസിന്റെ ഓഡര്‍ലി പണി കേരളത്തില്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്നത് അനധികൃതമായ വര്‍ക്കിംഗ് അറേഞ്ച്‌മെന്റാണ്. നിയമസഭയില്‍ ആ വസ്തുതകള്‍ മുഖ്യമന്ത്രി തെളിവുകളോടെ വ്യക്തമാക്കുമ്പോള്‍ മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുകയെന്നും അസോസിയേഷന്റെ വക്താക്കള്‍ വ്യക്തമാക്കി.   



15-Jun-2018