സര്‍ക്കാരും പാര്‍ട്ടിയും സുദേഷ് കുമാറുമാര്‍ക്ക് എതിരെ

തിരുവനന്തപുരം : പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് പരിക്കെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. എ ഡി ജി പി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചു എന്നതിനുള്ള സ്ഥിരീകരണമാണ് വൈദ്യപരിശോധനാ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. വേദനയും നീര്‍ക്കെട്ടും മാറാന്‍ ആറാഴ്ചയോളം സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗവാസ്‌കറിന്റെ കഴുത്തിനു പിന്നില്‍ മൊബൈല്‍ കൊണ്ട് ഇടിച്ചെന്ന പരാതി ശരിയാണെന്നാണ് വൈദ്യപരിശോധനാ ഫലം തെളിയിക്കുന്നത്. ഈ വസ്തുതകള്‍ നിലനില്‍ക്കെയാണ് ഗവാസ്‌കര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

അതേസമയം പോലീസ് വകുപ്പിനകത്ത് ആഭ്യന്ത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലീസ് ആസ്ഥാനം തയ്യാറാവുകയാണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് അസോസിയേഷന്‍ ഭാരവാഹികളുമായി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ പത്ത് മണിക്കാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത് എങ്കിലും ഡി ജി പിയുടെ സമയം പരിഗണിച്ച് കുറച്ചുകൂടി വൈകാനുള്ള സാധ്യതയുമുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാംപ് ഫോളോവേഴ്‌സിനെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നതിനെതിരായി നിരവധി തവണ പോലീസ് അസോസിയേഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. സര്‍ക്കാരുകള്‍ മാറിവരുമ്പോള്‍ അസോസിയേഷന്റെ നിലപാട് അറിയിക്കാറുണ്ടെങ്കിലും അതിനെയൊക്കെ മറികടക്കാനുള്ള ശക്തി ഐ പി എസ് ലോബിക്കുണ്ട്. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷയത്തിലുള്ള അതൃപ്തി,  കടുത്ത നിലപാടിലേക്ക് പോകുന്നതിന് ഐ പി എസ് ലോബിക്ക് തടസമാവും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പൊലീസുകാര്‍ അടിമപ്പണി ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയ പിണറായി വിജയന്‍ സിപിഐ എം നേതൃത്വവുമായി ചര്‍ച്ച ചെയ്യുകയുമുണ്ടായി.

പോലീസ് അസോസിയേഷന്‍ നേതാക്കള്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. എ ഡി ജി പി സുദേഷ് കുമാറിനെ പോലീസ് വകുപ്പിന്റെ ചുമതലകളില്‍ നിന്ന് മാറ്റണമെന്നാണ് സിപിഐ എം നേതൃത്വത്തിന്റെ നിലപാട്. കെ എസ് ഇ ബി വിജിലന്‍സ് പോലുള്ള അപ്രധാന സീറ്റുകളിലേതിലേക്കെങ്കിലും മാറ്റിയാല്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് സിപിഐ എം വിലയിരുത്തുന്നത്.

16-Jun-2018