റൊണാള്‍ഡോ എന്ന പടനായകന്റെ വിജയം
അഡ്മിൻ
റഷ്യ : ക്രിസ്ത്യാനോ റൊണാള്‍ഡോ വിതച്ച ചുഴലിക്കാറ്റിനെ അതിജീവിക്കാന്‍ സ്പെയിനിനായില്ല. ക്രിസ്ത്യാനോയുടെ ഗോളോടെയായിരുന്നു കളി തുടങ്ങിയത്്. സ്പാനിഷ് ലീഗിലെ സ്വന്തം ടീംഅംഗങ്ങളും എതിരാളികളായ ബാഴ്സയുടെ അംഗങ്ങളും തടയാന്‍ ഇറങ്ങിയപ്പോള്‍ നാലാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. ബുസ്ക്കെറ്റ്സ് ബോക്സില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി. ക്രിസ്ത്യാനോ പിഴവുണ്ടാക്കിയില്ല. പക്ഷെ, തൊട്ടു പിന്നാലെ സ്പെയിന് തിരിച്ചടിച്ചു. സംയുക്ത ആക്രമണം നടത്തിയ സ്പെയിന് 24 ാം മിനിറ്റില്‍ ഡിയാഗോകോസ്റ്റയിലൂടെ തിരിച്ചടിച്ചു.
കളി ആദ്യ പകുതി പൂര്‍ത്തിയാകും മുമ്പ് ക്രിസ്ത്യാനോയുടെ ഒരു ഷോട്ട് പിടിച്ചെടുക്കുന്നതില്‍ പിഴവ് വരുത്തിയ ഡി ജിയയുടെ കൈകളില്‍ തട്ടി വലയില്‍. രണ്ടാം പകുതിയില്‍ തിരിച്ചു വന്നാണ് സ്പെയിന് പ്രായശ്ചിത്തം ചെയ്തത്. 55 ാം മിനിറ്റില്‍ കോസ്റ്റയുടെ വക വീണ്ടും. സൂപ്പര്‍താരം ക്രിസ്ത്യാനോയുടെ ഹാട്രിക്കും സ്പാനിഷ്താരം ഡിയഗോകോസ്റ്റയുടെ ഡബിളും കണ്ട മത്സരത്തില്‍ ഓരോ ഇഞ്ചും ആവേശമുണര്ന്നപ്പോള് ആര്‍ക്കുമാര്‍ക്കും നഷ്ടം സംഭവിക്കാതെ രണ്ടുപേരും മൂന്ന് തവണ വീതം എതിരാളികളുടെ വല കുലുക്കി പോയിന്റ് പങ്കുവെച്ച് മടങ്ങി. ലോകകപ്പ് ആദ്യ റൗണ്ടിലെ വമ്പന്‍ പോരുകളില്‍ ഒന്നില്‍ യൂറോ ജേതാക്കള്‍ പോര്‍ച്ചുഗലും മുന്‍ ചാമ്പ്യന്മാര് സ്പെയിനും 33 സമനിലയില്‍ പോയിന്റ് പങ്കുവെച്ചാണ് ഗ്രൗണ്ടില്‍ നിന്നും മടങ്ങിയത്.
ലോകകപ്പിലെ ആദ്യ ഹാട്രിക് കണ്ട മത്സരത്തില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയാണ് സ്വന്തം ടീമിനായി മുഴുവന്‍ ഗോളുകളും സ്കോര്‍ ചെയ്തത്. നാലാം മിനിറ്റില്‍ തന്നെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ച് തുടങ്ങിയ ക്രിസ്ത്യാനോ 88 ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ പട്ടിക പൂര്‍ത്തിയാക്കി. ആദ്യപകുതിയുടെ അവസാനത്തില്‍ ഒന്നാന്തരം ഒരു ഗോള്‍ സ്കോര്‍ ചെയ്യുകയും ചെയ്തു. സ്പെയിന്റെ ആദ്യ രണ്ടു ഗോളുകള്‍ ഡിയാഗോകോസ്റ്റയുടെ വകയായിരുന്നു. മൂന്നാംഗോള്‍ നാച്ചോ നേടി. 88 മിനിറ്റുകള്‍ വരെ മുന്നില്‍ നിന്ന ശേഷമായിരുന്നു സ്പെയിന് സമനില വഴങ്ങിയത്.
ചെറുപാസുകളും സോഫ്റ്റ് ടച്ചുമായി സ്പെയിന് വീണ്ടും കളം നിറഞ്ഞപ്പോള്‍ പോര്‍ച്ചുഗല്‍ വീണ്ടും പിന്നിലായി. നാച്ചോയായിരുന്നു സ്കോറര്‍. മൂന്ന് ഗോളിന്റെ ലീഡില്‍ സ്പെയിന് മുന്നേറുമ്പോള്‍ 88 ാം മിനിറ്റില്‍ ബോക്സിന് തൊട്ടുപുറത്ത് ഏറെ നിര്‍ണ്ണായകമായ ഏരിയയില്‍ വെച്ച് പോര്‍ച്ചുഗലിന് നല്കിയ ഫ്രീകിക്ക് വിനയായി. ക്രിസ്ത്യാനോയുടെ കിക്ക് ഡി ജിയയെ കബളിപ്പിച്ച് വലയിലായി. സമ്പൂര്‍ണ്ണമായും മത്സരം സ്വന്തം പേരിലാക്കിയ ക്രിസ്ത്യാനോ ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കിന് ഉടമയുമായി. ഇതോടെ ലോകകപ്പില്‍ ഹാട്രിക് കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ബഹുമതിയും താരംനേടി. ഇറാനെതിരേ തെതര്ലണ്ടിന്റെ റോബ് റെന്‍സെന്‍ബ്രിങ്ക് 1978 ല്‍ കുറിച്ച 30 വയസ്സിന്റെ റെക്കോഡാണ് പോര്‍ച്ചുഗീസ് താരം തിരുത്തിയത്. ക്ലബ്ബിനും രാജ്യത്തിനുമായി നേടിയ ഹാട്രിക്കുകളുടെ എണ്ണം 51 ആക്കി ക്രിസ്ത്യാനോ ഉയര്‍ത്തി.
മറ്റൊരു മത്സരത്തില്‍ 48 വര്‍ഷത്തെ ചരിത്രം തിരുത്തുകയെന്ന ലക്ഷ്യത്തോടെ ഈജിപ്തിനെതിരെ ബൂട്ട്കെട്ടിയ ഉറുഗ്വേ ആ ലക്ഷ്യം കണ്ടു. 1970നുശേഷം ലോകകപ്പിലെ ആദ്യ കളിയില്‍ ജയിച്ചിട്ടില്ലെന്ന ദുഷ്പേര് അവര്‍ തിരുത്തി. അവസാന വിസിലിന് തൊട്ടുമുമ്പ് ഗിമിനസ് നേടിയ ഏക ഗോളിന് ഈജിപ്തിനെ തോല്‍പ്പിച്ച് അവര്‍ ആദ്യവിജയം നേടി. ഇരുപത്തിയെട്ട് വര്‍ഷത്തിനുശേഷമാണ് ഈജിപ്ത് ലോകകപ്പില്‍ കളിക്കുന്നത്. ഇരുടീമുകളും ശരാശരി പ്രകടനത്തില്‍ തളച്ചിടപ്പെട്ട മത്സരത്തില്‍ എണ്‍പത്തിയൊന്‍പതാം മിനിറ്റിലായിരുന്നു ഗിമിനസിന്റെ ഗോള്‍. ഈജിപ്തും ഉറുഗ്വേയും ഒരിക്കല്‍ മാത്രമാണ് പരസ്പരം ഏറ്റുമുട്ടിയത്. 2006ല്‍. അന്നും ഉറുഗ്വേ വിജയിച്ചു. യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കയില്‍ രണ്ടാംസ്ഥാനം നേടിയാണ് ഉറുഗ്വേ ലോകകപ്പിന് എത്തിയത്. യുവത്വവും പരിചയസമ്പന്നന്മാരും ഒരുമിച്ച ടീമില്‍. കവാനി, സുവാരസ്, ദ്യേഗോ ഗോഡിന്, ബെന്റാങ്കുര്‍, ജിമിനെസ് എന്നിവരായിരുന്നു ടീമിന്റെ കരുത്ത്. സ്പാനിഷ് ലീഗ് ഗോളടിക്കാരില്‍ മൂന്നാമനായിരുന്നു സുവാരസ്. ഫെര്‍ണാണ്ടോ മുസ്ലേര ആയിരുന്നു ഗോള്‍കീപ്പര്‍. എന്നാല്‍, പ്രമുഖ താരം സലയില്ലാതെയാണ് ഈജിപ്ത് കളിച്ചത്. എങ്കിലും ഉറുഗ്വായെ ഇടയ്ക്കൊക്കെ നന്നായി വലയ്ക്കാന്‍ ഈജിപ്തിന് സാധിച്ചു.
വേറോരു മത്സരത്തില്‍ ഏഷ്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന നേട്ടവുമായാണ് ഇറാന് മൈതാനത്തില്‍ നിന്നും വിടവാങ്ങിയത്. മൊറാക്കോയുടെ അസീസ് ബൗഹദോസിന്റെ തലയില്‍ കുരുങ്ങിയുള്ള സെല്‍ഫ് ഗോളാണ് വിജയത്തിന് ഹേതുവായത് എങ്കിലും ഇറാന് അതില്‍ അഭിമാനക്കുറവിന്റെ ആവശ്യമില്ല. കാരണം അത്രയ്ക്ക് സമ്മര്‍ദ്ദം മികച്ച കളിയിലൂടെ മൊറാക്കോയ്ക്ക് മേല്‍ ഉണ്ടാക്കാന്‍ ഇറാന് സാധിച്ചു. കാല്‍പ്പന്ത് കളിയുടെ ഏഷ്യന്ഗാഥ രചിച്ചതിന്റെ ഖ്യാതി ഇറാനുള്ളതാണ്.
16-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ