കണ്ണിപ്പൊയില്‍ ബാബുവിനെ കൊലചെയ്ത പ്രധാനപ്രതി പിടിയില്‍

കൊച്ചി : മയ്യഴിയിലെ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലചെയ്ത കേസില്‍ ഒന്നാംപ്രതിയായ ആര്‍ എസ് എസ് ക്രിമിനല്‍ സനീഷിനെ പിറവം പാലച്ചോട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. 17 ദിവസമായി പാലച്ചോട്ടിലെ ബേക്കറി ബോര്‍മയില്‍ ജോലിചെയ്യുകയായിരുന്നു മാഹി ചേമ്പ്ര അയ്യാത്ത് മീത്തല്‍ എരില്‍ അരസന്‍ എന്ന് വിളിക്കുന്ന സനീഷ്. ഇരുപത് വര്‍ഷമായി പിറവത്ത് ബേക്കറി നടത്തുന്ന ബോര്‍മ ഉടമ കണ്ണൂര്‍ തലശ്ശേരി സ്വദേശി സുധീഷിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്കായി മാഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാനം മനസിലാക്കിയാണ് പ്രതിയുടെ ഒളിത്താവളം മനസിലാക്കി പിടികൂടിയത്. രണ്ട് ദിവസമായി സനീഷും സുധീഷും പോലീസ് നിരീക്ഷണത്തിലായിരുന്നു. പിറവം പോലീസിന്റെ സഹായത്തോടെ മാഹി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ആര്‍ എസ് എസ് സംസ്ഥാന നേതൃത്വമാണ് ബാബുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും പ്രധാനപ്രതിക്ക് ഒളിവില്‍ കഴിയുവാനുള്ള സങ്കേതം ഒരുക്കി കൊടുത്തതുമെന്ന് സൂചനയുണ്ട്. പിറവത്തുനിന്നും തിരുവനന്തപുരത്തേക്ക് ഒളിത്താമസം മാറ്റാനുള്ള ക്രമീകരണങ്ങളും ആര്‍ എസ് എസ് നേതൃത്വം ഒരുക്കിയിരുന്നു. അങ്ങോട്ടേക്ക് മാറാനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കുന്നതിനിടെയാണ് സനീഷിനെ പോലീസ് വലയിലാക്കിയത്. അതേസമയം ആര്‍ എസ് എസ് ക്രിമിനലുകള്‍ക്ക്  പിറവത്ത് പല സ്ഥലങ്ങളിലും ഒളിത്താവളങ്ങള്‍ ഒരുക്കിയിരിക്കുന്നതായി സിപിഐ എം കൂത്താട്ടുകുളം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ എസ് എസ് കാര്യാലയങ്ങളിലും മറ്റ് സംശയാസ്പദമായ കേന്ദ്രങ്ങളിലും പോലീസ് വ്യാപകമായ തെരച്ചല്‍ നടത്താന്‍ തയ്യാറാവണമെന്ന് സിപിഐ എം ഏരിയാ സെക്രട്ടറി ആവശ്യപ്പെട്ടു.

പോലീസ് വ്യാപകമായ തെരച്ചലിന് തയ്യാറാവാത്തത് പിറവത്ത് നിന്നും ആര്‍ എസ് എസ് ക്രിമിനലുകള്‍ക്ക് ഒഴിഞ്ഞുപോവാനുള്ള സമയം നല്‍കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്. പോലീസിലെ ആര്‍ എസ് എസുകാര്‍ സംഘനേതൃത്വത്തിന് റെയ്ഡിനുള്ള സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കിയതായും പറയപ്പെടുന്നു.

16-Jun-2018