ഡല്‍ഹിയില്‍ കേജ്രിവാളിന് പിന്തുണയുമായി മറ്റ് മുഖ്യമന്ത്രിമാര്‍

ന്യൂഡല്‍ഹി : അരവിന്ദ് കേജ്‌രിവാളും മൂന്നു മന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, മമതാ ബാനര്‍ജി, ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി എന്നിവര്‍ കേജ്‌രിവാളിന്റെ വീട്ടിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും എന്‍ ഡി എ്ക്കും വ്യക്തമായ ബദല്‍ഐക്യത്തെ കുറിച്ചുള്ള മുന്നറിയിപ്പായി മാറിയ സന്ദര്‍ശനം രാജ്യം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നാല് മുഖ്യമന്ത്രിമാര്‍ക്കും കേജ്‌രിവാളിന്റെ വസതിയില്‍ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ശക്തമാകുമെന്നതിന്റെ വ്യക്തമായ സൂചന കൂടിയായിരുന്നു ഈ കൂടിക്കാഴ്ച. തന്നെ കാണാനുള്ള മുഖ്യമന്ത്രിമാരുടെ തീരുമാനത്തിനു തടയിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസാണെന്ന് മുഖ്യമന്ത്രി കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഈ സമരത്തെ പിന്തുണയ്ക്കുന്നതായി പിണറായി പറഞ്ഞു. രാജ്യം മുഴുവന്‍ അദ്ദേഹത്തിനൊപ്പമുണ്ട്. ഫെഡറലിസത്തെ തകര്‍ക്കാനാണു മോദി ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. കേജ്‌രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പിണറായി വ്യക്തമാക്കി. നേരത്തെ പിണറായി വിിജയന്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മുഖ്യമന്ത്രിയും സഹമന്ത്രിമാരുമാണു സമരമിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചതു ഡല്‍ഹിക്കാരെയും ലക്ഷക്കണക്കിനു മലയാളികളെയും ബാധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയാണു ലഫ്റ്റനന്റ് ഗവര്‍ണര്‍. രാജ്യതലസ്ഥാനത്തെ സമരം ദേശീയ തലത്തില്‍ മാത്രമല്ല, രാജ്യാന്തര തലത്തില്‍തന്നെ ചര്‍ച്ചയാകുന്നതാണ്. ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു കോട്ടമുണ്ടാക്കും. പ്രധാനമന്ത്രി വ്യക്തിപരമായ താല്‍പര്യമെടുത്തു വിഷയത്തില്‍ ഇടപെടണമെന്നാണ് അദ്ദേഹം കത്തിലൂടെ മോഡിയോട് ആവശ്യപ്പെട്ടത്.

ഡല്‍ഹിയില്‍ നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് നാലു മുഖ്യമന്ത്രിമാരും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് രാത്രി ഒന്‍പതിന് കേജ്‌രിവാളിനെ കാണാന്‍ ഗവര്‍ണര്‍ അനില്‍ ബൈജലിനോടു രേഖാമൂലം അനുമതി തേടിയത്. എന്നാല്‍ തന്റെ ഓഫിസിലേക്ക് അദ്ദേഹം പ്രവേശനാനുമതി നല്‍കിയില്ല. മുഖ്യമന്ത്രിമാരെ തടയാനുള്ള തീരുമാനം ഗവര്‍ണര്‍ തനിയെ എടുക്കില്ലെന്നു കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസാണ് അനുമതി നിഷേധിക്കാന്‍ നിര്‍ദേശിച്ചത്. ഐ എ എസ് സമരം എപ്രകാരമാണോ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരം നടപ്പാക്കിയത് അതുപോലെത്തന്നെയാണ് മുഖ്യമന്ത്രിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതെന്നും കേജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു കേജ്രിവാളിന്റെയും കൂട്ടരുടെയും ധര്‍ണ. മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന്‍ എന്നിവര്‍ നിരാഹാര സമരമാണു നടത്തുന്നത്. എന്നാല്‍ ബലപ്രയോഗത്തിലൂടെ തങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ ജലപാനവും നിര്‍ത്തി സമരം ചെയ്യുമെന്നു സിസോദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥരുടെ 'നിസ്സഹകരണ' സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ജൂണ്‍ 18നു ഹൈക്കോടതി പരിഗണിക്കും. ഗവര്‍ണറുടെ ഓഫിസില്‍ കേജ്‌രിവാളും സംഘവും നടത്തുന്ന ധര്‍ണ നിയമവിരുദ്ധമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയും 18നു ഹൈക്കോടതിക്കു മുന്നിലെത്തുന്നുണ്ട്.

17-Jun-2018