ചെങ്കടലില്‍ കരകയരാനാവാതെ മഞ്ഞപ്പട
അഡ്മിൻ
റഷ്യ : മെക്സിക്കന്‍ തിരമാലകള്‍ ആര്‍ത്തിരമ്പിയപ്പോള്‍ നിലവിലെ ലോകചാംപ്യന്മാരായ ജര്‍മനിക്ക് അടിതെറ്റി. തോല്‍വിയുടെ കയ്പ്പുനീരും മോന്തി ജര്‍മനി കളം വിട്ടപ്പോള്‍ ലോകമാകെയുള്ള ആരാധകര്‍ നെടുവീര്‍പ്പിട്ടു. 35–ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോ നേടിയ ഗോളാണ് ലോക ചാംപ്യന്മാരെ പരാജിതരാക്കിയത്. ഇതോടെ ഗ്രൂപ്പ് എഫില്‍ മൂന്നു പോയിന്റുമായി മെക്സിക്കോ മുന്നിലെത്തി. സുവര്ണാവസരങ്ങള് പലതു പാഴാക്കിയശേഷമാണ് മെക്സിക്കോ ലക്ഷ്യം കണ്ടത്. ഗോള്‍ വഴങ്ങിയതോടെ കനത്ത ആക്രമണം അഴിച്ചുവിട്ട ജര്‍മനിയെ ഫലപ്രദമായ പ്രതിരോധക്കോട്ട കെട്ടിയാണ് മെക്സിക്കോ തടുത്തുനിര്‍ത്തിയത്. രണ്ടാം പകുതിയിലെ ജര്‍മന്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ഒടുവില്‍ മെക്സിക്കോയ്ക്ക് തകര്‍പ്പന്‍ വിജയവും മൂന്നു പോയിന്റും. മെക്സിക്കോയായിരുന്നു ജര്മനിയേക്കാളേറെ ഗോളടിക്കാനുള്ള പരിശ്രമങ്ങളും നീക്കങ്ങളും നടത്തിയത്.
മറ്റൊരു മത്സരത്തില്‍ സെര്‍ബിയ കോസ്റ്ററിക്കയെ കീഴടക്കി. എട്ട് വര്‍ഷത്തിനുശേഷമുള്ള തിരിച്ചുവരവില്‍ വിജയമധുരം നുണഞ്ഞ സെര്‍ബിയ അത്ഭുത കുതിപ്പ് നടത്തിയ കോസ്റ്ററിക്കയെ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ അലെക്സാണ്ടര്‍ കൊളറോവിന്റെ ഉശിരന്‍ ഫ്രീകിക്ക് ഗോളിലാണ് സെര്‍ബിയയുടെ ജയം. അച്ചടക്കമുള്ള കളിയുമായി സെര്‍ബിയ സമാറ സ്റ്റേഡിയത്തില്‍ നിറഞ്ഞപ്പോള്‍ അമിത പ്രതിരോധവുമായി ഇറങ്ങിയ കോസ്റ്ററിക്കയ്ക്ക് പിഴവുപറ്റി. ഗോള്‍കീപ്പര്‍ കെയ്ലര് നവാസിന്റെ ചില മിന്നല്നീക്കങ്ങളാണ് കോസ്റ്ററിക്കയെ കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍നിന്ന് തടഞ്ഞത്. ബ്രസീല്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ഇയില്‍ നിര്‍ണായകമാണ് സെര്‍ബിയയുടെ ഈ ജയം.
അര്‍ജന്റീനക്ക് പിന്നാലെ ലോകത്ത് ഏറ്റവുമേറെ ആരാധകരുള്ള ബ്രസീലും സമനില വഴങ്ങി. ഗ്രൂപ്പ് ഇയിലെ രണ്ടാം മല്‍സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച സ്വിറ്റ്സര്‍ലാന്‍ഡ് ലോകത്തിലെ ബ്രസീല്‍ ആരാധകരെ മുഴുവന്‍ അങ്കലാപ്പിലാക്കി. ലോക ആറാം നമ്പര്‍ ടീമായ സ്വിറ്റ്സര്‍ലന്‍ഡാണ് ബ്രസീലിനെ സമനിലയില്‍ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. 35–ാം മിനിറ്റില്‍ ഫിലിപ്പെ കുടീഞ്ഞോയിലൂടെ മുന്നില്‍ക്കയറിയ ബ്രസീലിനെ 50–ാം മിനിറ്റില്‍ സ്യൂബര്‍ നേടിയ ഗോളിലാണ് സ്വിസ്പ്പട സമനിലയില്‍ പിടിച്ചത്. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ആദ്യ അരമണിക്കൂറില്‍ കളം നിറഞ്ഞ പ്രകടനമായിരുന്നു മഞ്ഞപ്പടയുടേത്. സ്വിസ് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയ ബ്രസീല്‍ താരങ്ങള്‍ ഏതുനിമിഷവും ഗോള്‍ നേടുമെന്ന് തോന്നിച്ചു. ഒടുവില്‍ 20–ാം മിനിറ്റില്‍ ഫിലിപ്പെ കുടീഞ്ഞോയുടെ തകര്‍പ്പന്‍ ഗോളില്‍ ലീഡും നേടി. എന്നാല്‍, കഠിനാധ്വാനം ചെയ്ത സ്വിസ് നിര തിരിച്ചടിച്ചതോടെ മഞ്ഞപ്പടയ്ക്ക് ഒഴുക്കു നഷ്ടമാവുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ സ്യൂബറിലൂടെ അവര്‍ സമനില പിടിച്ചു. വിജയഗോളിനായി ബ്രസീല്‍ പൊരുതിനോക്കിയെങ്കിലും സ്വിസ് ടീം ഉറച്ച പ്രതിരോധം തീര്‍ത്തതോടെ റഷ്യന്‍ മണ്ണില്‍ മറ്റൊരു സമനിലപ്പോരു കൂടി സംഭവിച്ചു.
ജര്‍മ്മനിയുടെയും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും മലയാളികളടക്കമുള്ള ആരാധകര്‍ തോല്‍വിയുടെയും സമനിലയുടെയും നിറംകെട്ട തുടക്കത്തില്‍ സ്വന്തം ടീമുകള്‍ നില്‍ക്കുമ്പോഴും പരസ്പരമുള്ള ഗീര്‍വാണങ്ങളും ട്രോളുകളും കുറച്ചിട്ടില്ല.
18-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ