വാടകവീട് കിട്ടാത്തതുകൊണ്ടുണ്ടാക്കിയതാണ് ചാരക്കേസെന്ന്‍ ടി പി സെന്‍കുമാര്‍

കൊല്ലം : വിവാദമായ ചാരക്കേസിന് കാരണം തിരുവനന്തപുരത്ത് ഡപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിങ്ങിന് നല്ലൊരു വീടോ ക്വാര്‍ട്ടേഴ്‌സോ  താമസിക്കാന്‍ കിട്ടാത്തതുകൊണ്ടെന്ന നിരീക്ഷണവുമായി മുന്‍ ഡി ജി പി, ടി പി സെന്‍കുമാര്‍. ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ കോടതി നിരീക്ഷണങ്ങളെ പോലും അപ്രസക്തമാക്കുന്ന വിവാദപരാമര്‍ശങ്ങളുമായാണ് സെന്‍കുമാര്‍ രംഗത്തുവന്നിരിക്കുന്നത്. കൊല്ലം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി കെ തമ്പി അനുസ്മരണസമ്മേളനത്തില്‍ 'ഭരണം, പോലീസ്, മാധ്യമങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുമ്പോഴാണ് സെന്‍കുമാര്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.

ചാരക്കേസിന് പിന്നില്‍ സി ഐ എ ഇടപെടലും ക്രയോജനിക് സാങ്കേതികവിദ്യയുമൊന്നുമില്ലെന്നും വാടക വീട് ലഭിക്കാത്തതുകൊണ്ടുള്ള അന്വേഷണമാണ് കേസ് ആസ്പദമായതെന്നും സെന്‍കുമാര്‍ പറഞ്ഞു. 1994ല്‍ തിരുവനന്തപുരത്ത് വീടന്വേഷിച്ച ഋഷിരാജ് സിങ്ങിനോട് നല്ല വീടുകളെല്ലാം മാലി സ്വദേശികള്‍ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നാണ് പോലീസുകാര്‍ പറഞ്ഞത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സിങ് സ്‌പെഷ്യല്‍ ബ്രാഞ്ച് സി ഐ വിജയനെ ചുമതലപ്പെടുത്തി. അന്വേഷണത്തില്‍ മാലി സ്വദേശിനി മറിയം റഷീദയുടെ പാസ്‌പോര്‍ട്ടില്‍ നിയമലംഘനം കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഇവരുടെ ഫോണ്‍ നമ്പരുകള്‍ ശേഖരിച്ച് അന്വേഷിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു.

1994ല്‍ ക്രയോജനിക് സാങ്കേതികവിദ്യ അറിയുന്ന ശാസ്ത്രജ്ഞര്‍ ഐ എസ് ആര്‍ ഒയില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ തന്നോടു പറഞ്ഞത്. ഐ എസ് ആര്‍ ഒ കേസില്‍ പുനരന്വേഷണം നടത്തിയത് താനാണ്. കേസിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുസ്തകം എഴുതുമ്പോള്‍ വെളിപ്പെടുത്തും. 1996 ജൂണ്‍ 24ന് മുഖ്യമന്ത്രി ഇ.കെ.നായനായര്‍, കൊച്ചി കമ്മിഷണറായിരുന്ന തന്നെ വിളിച്ച് ഐ എസ് ആര്‍ ഒ ചാരക്കേസ് അന്വേഷിക്കാന്‍ സി ബി ഐക്ക് നല്‍കിയ അനുമതി റദ്ദാക്കി സംസ്ഥാനം പുനരന്വേഷിക്കാന്‍ പോകുകയാണെന്ന് അറിയിച്ചു. താനാണ് അന്വേഷണ ഉദ്യോഗസ്ഥനെന്നും പറഞ്ഞു. നിയമപരമായി സാധ്യതയില്ലെന്നു പറഞ്ഞപ്പോള്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രി നായനാര്‍ പറഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സി ബി ഐ അന്വേഷിച്ച കേസ് രണ്ടാമത് സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന ഇങ്ങനെ ഒറ്റ സംഭവമേ ഉണ്ടായിട്ടുള്ളു. അങ്ങനെയൊരു ഓഫിസറാകാന്‍ വിധിക്കപ്പെട്ട താന്‍ ഇതിന്റെ പരിണതഫലമായി മൂന്നു കേസില്‍ പ്രതിയായി. പലരും ജീവചരിത്രങ്ങളൊക്കെ എഴുതുമ്പോഴും മാധ്യമങ്ങള്‍ മറുകണ്ടം ചാടി പലതും പറയുമ്പോഴും എന്തുകൊണ്ട് ഐ എസ് ആര്‍ ഒ കേസുണ്ടായി എന്ന് ആരും അന്വേഷിക്കുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

സെന്‍കുമാറിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇത് പ്രതികരണം അര്‍ഹിക്കുന്ന പരാമര്‍ശമല്ലെന്നും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനാണ് വസ്തുതയില്ലാത്തതും നിലവാരമില്ലാത്തതുമായ പരാമര്‍ശങ്ങളിലൂടെ പലരും ഇന്ന് ശ്രമിക്കുന്നതെന്നും ഐ എസ് ആര്‍ ഒ ചാരക്കേസില്‍ ഭരണകൂടത്തിന്റെ ക്രൂരമായ വേട്ടയാടലിനിരയായ പ്രമുഖ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പറഞ്ഞു.

സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ പോലീസ് സംവിധാനത്തിലെ ഐ പി എസ് ലോബിയെ ഇകഴ്ത്തികാട്ടുവാന്‍ മാത്രമേ ഉപകരിക്കൂ എന്ന് പോലീസ് അസോസിയേഷന്റെ വക്താവ് പ്രതികരിച്ചു. ഐ പി എസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് വാടകവീട് കിട്ടാതിരുന്നാല്‍ പോലും പോലീസ് സംവിധാനത്തെ ദുരുപയോഗിക്കുമെന്ന തുറന്നുപറച്ചിലാണ് സെന്‍കുമാര്‍ നടത്തിയിരിക്കുന്നതെന്നും സെന്‍കുമാറും ആ സംവിധാനത്തിന്റെ ഭാഗമായിരുന്നെന്നും പല്ലില്‍കുത്തി സ്വയം മണത്ത് ആസ്വദിക്കുന്ന ഇത്തരം പോലീസ് ഉന്നതരാണ് ഈ സംവിധാനത്തിന്റെ ശാപമെന്നും അസോസിയേഷന്‍ വക്താവ് വ്യക്തമാക്കി.    


18-Jun-2018