ചില നായ്ക്കള്‍ മരിക്കുന്നതില്‍ മോദി പ്രതികരിക്കുന്നതെന്തിന്?

ബംഗളൂരു : സംഘപരിവാര്‍ വര്‍ഗീയവാദികള്‍ വെടിവെച്ചുകൊന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക്. ബംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു പൊതുയോഗത്തിലാണ് മുത്തലിക്ക് അസഭ്യപ്രയോഗങ്ങളും വിവാദപരാമര്‍ശങ്ങളും ഉപയോഗിച്ച് ഗൗരിയെ അപമാനിച്ചത്. ശ്രീരാമസേന ഗൗരി വധത്തില്‍ പ്രതിസഥാനത്തുണ്ടെന്ന് സംശയിക്കുന്ന സംഘടനയാണ്.

ഗൗരി ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെക്കുറിച്ച് ചോദിക്കുന്നവര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കര്‍ണാടകയിലും മഹാരാഷ്ട്രയിലും നടന്ന കൊലപാതകങ്ങളെ കുറിച്ച് മിണ്ടാത്തത് എന്താണെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയത്തെപ്പറ്റി ആര്‍ക്കും ഒന്നും പറയാനില്ലേയെന്നും മുത്തലിക്ക് ചോദിച്ചു. തുടര്‍ന്നാണ് കര്‍ണാടകയില്‍ ചില നായ്ക്കള്‍ മരിക്കുന്നതില്‍ മോദി പ്രതികരിക്കുന്നത് എന്തിനാണ്?എന്ന വിവാദമായ ചോദ്യം മുത്തലിക്ക് ഉന്നയിച്ചത്. ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

താന്‍ ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ചിട്ടില്ലെന്നും കര്‍ണാടകയിലെ എല്ലാ മരണങ്ങള്‍ക്കും മോദി മറുപടി പറയേണ്ടതില്ലെന്നാണു പ്രസംഗിച്ചതെന്നും മുത്തലിക് പിന്നീടു വ്യക്തമാക്കി. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ വെടിയുതിര്‍ത്തെന്ന് സംശയിക്കുന്ന ശ്രീരാമസേന അംഗമായ പരശുറാം വാഗ്മറിനെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി പ്രവീണിന്റെ മൊഴി അനുസരിച്ചായിരുന്നു പരശുറാമിനെ അറസ്റ്റ് ചെയ്തത്. പ്രവീണിനും പരശുറാമിനും പുറമെ ഹിന്ദു യുവസേന സ്ഥാപകന്‍ കെ.ടി.നവീന്‍ കുമാര്‍, അമോല്‍ കാലെ, അമിത് ദേഗ്വേക്കര്‍, മനോഹര്‍ ഇവ്‌ഡെ തുടങ്ങിയ ആറുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

ആര്‍ എസ് എസ് നേതൃത്വത്തിലേക്കാണ് അന്വേഷണത്തിന്റെ ദിശ തിരിയുന്നത് എന്നാണ് പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളില്‍ ചിലര്‍ സൂചിപ്പിക്കുന്നത്. പിടിയിലായ പരശുറാമിന്റെ വെളിപ്പെടുത്തലുകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് പുരോമനാശയങ്ങളുമായി മുന്നോട്ടുപോകുന്നവരെ കൊല്ലാനുള്ള പദ്ധതി ഇക്കൂട്ടര്‍ ആവിഷ്‌കരിച്ചിട്ടുണ്ട് എന്നും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

18-Jun-2018