മുസ്ലീംലീഗ് രോഹിത് വെമുലയുടെ കുടുംബത്തെ പറ്റിച്ചു.




തിരുവനന്തപുരം : രോഹിത് വെമുലയുടെ കുടുംബത്തിന് വീടെടുക്കാനായി 20 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ മുസ്ലീംലീഗ്, പണം കൊടുക്കാതെ വഞ്ചിച്ചെന്ന് രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല ആരോപിച്ചു. രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ശേഷം തങ്ങളെ സമീപിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍, കേരളത്തിലെ ഒരു പരിപാടിയിലേക്ക് ക്ഷണിച്ചെന്നും അവിടെ നാല്‍പ്പതിനായിരത്തോളം പേര്‍ പങ്കെടുത്ത ഒരു പൊതുസമ്മേളന വേദിയില്‍ വെച്ച് രോഹിത് വെമുലയുടെ കുടുംബത്തിന് സ്വന്തമായി ഒരു വീട് യാഥാര്‍ത്ഥ്യമാക്കാന്‍ 20 ലക്ഷം രൂപ നല്‍കുമെന്ന്് അവര്‍ പ്രഖ്യാപിച്ചെന്നും രാധിക വെമുല പറഞ്ഞു. എന്നാല്‍, രണ്ട് വര്‍ഷത്തിലേറെയായി മുസ്ലീം ലീഗ് തങ്ങളുടെ വാക്ക് പാലിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു. പിന്നീട് ഗുണ്ടൂറില്‍ വെച്ച് 20 ലക്ഷം രൂപയുടെ വലിയൊരു ചെക്കിന്റെ മാതൃകയുണ്ടാക്കി അത് തന്നെ ഏല്‍പ്പിക്കുന്ന ഫോട്ടോയെടുത്ത മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍, പിന്നീട് വിളിച്ചാല്‍ ഫോണെടുക്കാത്ത അവസ്ഥയിലായെന്നും രാധിക വെമുല പറഞ്ഞു.  

രോഹിത് വെമുലയുടെ അമ്മയെ വേദിയിലിരുത്തി വീട് വാഗ്ദാനം നല്‍കിയത് മുസ്ലീംലീഗിന്റെ മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയോട് ആലോചിക്കാതെയാണ്. അതിനാലാണ് പണം നല്‍കാത്തതെന്ന് മുസ്ലീംലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നു. എന്നാല്‍, 30 ലക്ഷത്തോളം രൂപ പിരിച്ചുവെന്നും അതില്‍ 5 ലക്ഷം രൂപ രണ്ട് തവണയായി രോഹിത് വെമുലയുടെ കുടുംബത്തിന് നല്‍കി ബാക്കി തുക ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷം മുക്കിയെന്നും അവസാനം കുഞ്ഞാലിക്കുട്ടി കാരണമാണ് പണം കൊടുക്കാത്തതെന്ന് അവര്‍ പ്രചരിപ്പിച്ചുനടക്കുന്നുവെന്നും മറ്റൊരു വിഭാഗം ലീഗുകാര്‍ ആരോപിച്ചു. എം എസ് എഫും യൂത്ത് ലീഗുമൊക്കെ ബന്ധപ്പെട്ട ഈ വിഷയത്തില്‍, രാധികാ വെമുല പരസ്യമായ പ്രഖ്യാപനവുമായി രംഗത്തുവന്നതോടുകൂടി മുസ്ലീംലീഗിനാകെ നാണക്കേടുണ്ടാക്കിയിരിക്കയാണ്. ലീഗിനകത്തുള്ള ചിലര്‍ വിഷയത്തിന്റെ ഗൗരവം ലീഗ് പ്രസിഡന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.
 

18-Jun-2018