പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറക്കില്ല

ന്യൂഡല്‍ഹി : യാതൊരു കാരണവശാലും ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ നികുതികള്‍ കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. പെട്രോള്‍, ഡീസല്‍ അടക്കമുള്ള ഇന്ധനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന എക്‌സൈസ് ഡ്യുട്ടി കുറച്ചാല്‍ അത് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായി നികുതിനല്‍കാന്‍ ജനങ്ങള്‍ തയ്യാറാവുകയാണ് വേണ്ടത്. എക്‌സൈസ് നികുതിയെ വരുമാന മാര്‍ഗമായി  ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാകും. ശമ്പളക്കാരായ ജോലിക്കാര്‍ കൃത്യമായി നികുതി നല്‍കുന്നുണ്ട്. മറ്റുള്ള വിഭാഗങ്ങള്‍ കൂടി നികുതി നല്‍കുന്നതില്‍ കൃത്യത പാലിക്കേണ്ടതുണ്ട്. എല്ലാവരും കൃത്യമായി നികുതി നല്‍കുന്ന സാഹചര്യമുണ്ടായാല്‍ വരുമാനമുണ്ടാവും. അപ്പോള്‍ എക്‌സൈസ് നികുതിയെ ആശ്രയിക്കുന്ന രീതി മാറ്റാനാവും. അങ്ങനെയായാല്‍ മാത്രമേ എക്‌സൈസ് നികുതി കുറയ്ക്കാനാവുകയുള്ളു. ജയ്റ്റ്‌ലി പറഞ്ഞു.

എക്‌സൈസ് നികുതി ഇനത്തില്‍ ഒരു രൂപ കുറച്ചാല്‍ കേന്ദ്രസര്‍ക്കാരിന് 13,000 കോടി രൂപ നഷ്ടമാകും. അത് സാധ്യമല്ല. പെട്രോളിന്റെയും ഡീസലിന്റേയും എക്‌സൈസ് നികുതി 25 രൂപ കുറയ്ക്കാനാകുമെന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ പ്രസ്താവന ഒരു ട്രാപ്പാണ്. അതില്‍ സര്‍ക്കാരിനെ വീഴ്ത്താമെന്ന് കരുതേണ്ട. ജയ്റ്റ്‌ലി കൂട്ടിചേര്‍ത്തു.

19-Jun-2018