എ ഡി ജി പി സുദേഷ്‌കുമാറിന്റെ മകള്‍ക്കെതിരെ നടപടി ഉണ്ടാവും.

തിരുവനന്തപുരം : എല്‍ ഡി എഫ് സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയ എ ഡി ജി പി സുദേഷ്‌കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ക്കെതിരെ നല്‍കിയ പരാതി വ്യാജമാണ് എങ്കില്‍ പരാതിക്കാരിക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. ഫോളോവര്‍മാരെ തിരിച്ചയയ്ക്കാന്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒരു ദിവസം അനുവദിച്ചു. സമയപരിധിക്കുള്ളില്‍ തിരിച്ചയച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും. സംസ്ഥാനത്തെ ക്യാംപ് ഫോളോവേഴ്‌സിന്റെ കണക്കെടുപ്പു തുടരുകയാണ്

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കേരള പോലീസിന് വേണ്ടി ആവിഷ്‌കരിച്ച പോലീസ് ആക്ടിനകത്ത് ദാസ്യവൃത്തി ചെയ്യിപ്പിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍, റൂള്‍സ് നിലവിലില്ലാത്തതുകൊണ്ട് ആക്ട് നടപ്പിലാക്കാന്‍ പറ്റുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്വകാര്യ ആവശ്യത്തിനു വേണ്ടി ദാസ്യവൃത്തി ചെയ്യിക്കുന്നതു പൊലീസ് ആക്ട് പ്രകാരം ആറുമാസം തടവും 2000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്.

എ ഡി ജി പി സുദേഷ്‌കുമാറിന്റെ മകള്‍, പൊലീസ് െ്രെഡവറെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചത്, എഡിജിപി നിതിന്‍ അഗര്‍വാളിന്റെ സ്വന്തം നായയെ കുളിപ്പിക്കാന്‍ പൊലീസുകാരെ നിയോഗിച്ചത് ഇവയെല്ലാം തെളിവുസഹിതം പുറത്തുവന്നതാണ്. പൊലീസ് ആക്ട് 99–ാം വകുപ്പിന്റെ നഗ്‌നമായ ലംഘനമാണ് ഇവയൊക്കെയെന്നു വ്യക്തം. ആറുമാസം തടവും പിഴയും ലഭിക്കുന്ന കുറ്റം. എന്നാല്‍, ഇരുവര്‍ക്കുമെതിരെ ഈ ആക്ടിനെ മുന്‍നിര്‍ത്തി നടപടിയിലേക്ക് പോകാന്‍ പോലീസ് വകുപ്പ് തയ്യാറാവുന്നില്ല.

അതേസമയം കോണ്‍ഗ്രസ് നേതൃത്വം പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം വിളിച്ചുകൂട്ടി. പോലീസ് സേനയില്‍ പലരിലും ഉള്ള അസംതൃപ്തി വളര്‍ത്തുന്നതിനുള്ള ഇടപെടല്‍ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള കോണ്‍ഗ്രസുകാര്‍ വഴി ഉണ്ടാവണമെന്ന് പോലീസ് സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പോലീസിലെ ചിലരെ ഉപയോഗിച്ച് പോലീസ് സേനയെ തമ്മിലടിപ്പിക്കുകയും അതുവഴി ആഭ്യന്തര വകുപ്പ് പരാജയമെന്ന് സ്ഥാപിക്കുകയും ചെയ്യുവാനാണ് കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്.  

19-Jun-2018