ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൃഷ്ണകുമാര്‍ അറസ്റ്റിലായി

തിരുവനന്തപുരം : ഫേസ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരായി വധഭീഷണി മുഴക്കുകയും മുഖ്യമന്ത്രിയുടെ ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കൃ്ണകുമാര്‍ നായരെ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലംകാരനായ കൃഷ്ണകുമാര്‍ ആര്‍ എസ് എസിന്റെ സജീവ പ്രവര്‍ത്തകനാണ്. ലുക്ക്ഔട്ട് നോട്ടിസ് പ്രകാരം ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ വേണ്ടി കേരള പൊലീസ് സംഘം ഡല്‍ഹിയിലേക്ക് തിരിക്കും.

ആര്‍ എസ് എസിന്റെ മുതിര്‍ന്ന നേതാക്കളുമായി നിരന്തരം ബന്ധപ്പെടാറുള്ള കൃഷ്ണകുമാര്‍ അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അറബ് വംശജരോടൊപ്പം ജോലി ചെയ്യുമ്പോള്‍ അവരുടെ വിനീതവിധേയനായി നില്‍ക്കുന്ന കൃഷ്ണകുമാര്‍ അവരില്ലാത്ത സമയത്ത് വര്‍ഗീയ പരാമര്‍ശങ്ങളുമായി അധിക്ഷേപിക്കുന്ന പരാതികളും കമ്പനി മേധാവികളുടെ പക്കല്‍ ലഭിച്ചിട്ടുണ്ടായിരുന്നു. ആര്‍ എസ് എസ് വര്‍ഗീയവാദികള്‍ പറയുന്ന എന്ത് വിഡ്ഡിത്തവും വിശ്വസിച്ച് പ്രതികരിക്കുന്ന വ്യക്തിയാണ് കൃഷ്ണകുമാറെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു.

താന്‍ ജോലി ഉപേക്ഷിച്ചു പഴയ ആയുധങ്ങള്‍ വൃത്തിയാക്കി കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്കു മടങ്ങിയെത്തുമെന്നായിരുന്നു ഫേസ്ബുക്ക് ലൈവില്‍ കൃഷ്ണകുമാര്‍ ഭീഷണിമുഴക്കിയത്. 'ചെത്തുകാരന്റെ മകന്‍ ആ പണിക്ക് പോയാല്‍ മതി മുഖ്യമന്ത്രിയാവാന്‍ വരേണ്ട'എന്ന് ജാതീയമായ ആക്ഷേപവും ഇയാള്‍ വിഡിയോയില്‍ പറഞ്ഞിരുന്നു. മന്ത്രി എം എം മണിയെ കരിങ്കുരങ്ങെന്നാണ് കൃഷ്ണകുമാര്‍ വിശേഷിപ്പിച്ചത്. ഭീഷണി മുഴക്കുമ്പോഴൊക്കെ തന്റെ ആര്‍ എസ് എസ് പാരമ്പര്യം വെളിപ്പെടുത്താനും കൃഷ്ണകുമാര്‍ ശ്രദ്ധിച്ചിരുന്നു. കൃഷ്ണകുമാറിന്റെ വീഡിയോക്ക് ആര്‍ എസ് എസ് സോഷ്യല്‍മീഡിയാ ഗ്രൂപ്പുകളില്‍ വലിയ വീരപരിവേഷമാണ് ലഭിച്ചിരുന്നത്. എന്നാല്‍, കൃഷ്ണകുമാറിന് ജോലി നഷ്ടപ്പെടുന്നത് തടയാനോ, അറസ്റ്റ് ഇല്ലാതാക്കാനുള്ള ഇടപെടല്‍ നടത്താനോ, ജാമ്യത്തിലെടുക്കാനുള്ള നടപടികളില്‍ സഹായമാകാനോ ആര്‍ എസ് എസുകാര്‍ എത്തിയില്ല എന്ന പരാതി കൃഷ്ണകുമാറിനുണ്ട്.

19-Jun-2018