കരുത്തന്‍മാരുടെ പതനത്തിന് റഷ്യ വേദിയാവുന്നു

റഷ്യ : രണ്ട് ലോകകപ്പുകളുടെ ഇടവേളക്കുശേഷം ഫുട്‌ബോള്‍ പോരാട്ടത്തിനെത്തിയ പോളണ്ടിനെ രണ്ടാം ലോകകപ്പ് മാത്രം കളിക്കുന്ന സെനഗള്‍ കാരുണ്യമില്ലാതെ വീഴ്ത്തി. പോളണ്ടിനെ കുറിച്ച് തങ്ങള്‍ പറയുമെന്ന് സെനഗള്‍ വിളിച്ചുപറഞ്ഞു. ഒരു സെല്‍ഫ് ഗോളും പ്രതിരോധ പിഴവില്‍നിന്നുള്ള മറ്റൊരുഗോളും പോളണ്ടിന്റെ കൊടിപ്പത്തി താഴ്ത്തി. അവസാന ഘട്ടത്തില്‍ ഒരു ഗോളുമായി പോളണ്ട് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സെനഗള്‍ പിടിച്ചുനിന്നു. ഗ്രൂപ് എച്ചിലെ രണ്ടാം മത്സരത്തില്‍ പോളണ്ടിനെ 2-1ന് മറികടന്നാണ് സെനഗള്‍ മൂന്നു പോയന്റ് സ്വന്തമാക്കിയത്.

ഗ്രൂപ്പ് എയിലെ രണ്ടാം മല്‍സരത്തില്‍ ഈജിപ്തിനെ മൂക്കുകയറിട്ട റഷ്യ ശക്തിതെളിയിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റഷ്യയുടെ വിജയം. മുഹമ്മദ് സലാഹിലുടെ റഷ്യന്‍ ലോകകപ്പില്‍ തിരിച്ചെത്താമെന്ന് കണക്ക് കൂട്ടിയ ഈജിപ്തിന് കനത്ത തിരിച്ചടി നല്‍കുന്നതായിമാറി മല്‍സരഫലം. ഇതോടെ ഈജിപ്തിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മല്‍സരത്തിലെ ആദ്യ മിനിറ്റുകളില്‍ റഷ്യന്‍ മുന്നേറ്റം കണ്ടെങ്കിലും. പിന്നീട് ഈജിപ്ത് പതിയെ താളം വീണ്ടെടുത്തു. ചില നല്ല മുന്നേറ്റങ്ങള്‍ റഷ്യക്കെതിരെ നടത്തിയെങ്കിലും ഗോളായില്ല. ഇതോടെ മല്‍സരത്തിലെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. എന്നാല്‍, രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ ഈജിപ്ത് താരം അഹമ്മദ് ഫാഹ്തിയുടെ സെല്‍ഫ് ഗോളിലുടെ റഷ്യ മുന്നിലെത്തി. തുടര്‍ന്ന് 59ാം മിനിട്ടില്‍ ചെറിഷെവും 62ാം മിനുട്ടുല്‍ സ്യൂബയും റഷ്യക്കായി ഗോളുകള്‍ നേടി. മുഹമ്മദ് സലാഹിന് ലഭിച്ച പെനാല്‍ട്ടിയിലുടെയായിരുന്നു ഈജിപ്ത് ആശ്വാസ ഗോള്‍ നേടിയത്. മുഹമ്മദ് സലാഹ് എത്തുന്നതോടെ ഈജിപ്ത് ടീം കുടുതല്‍ കരുത്തരാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കൃത്യമായി സലാഹിനെ പ്രതിരോധിക്കുന്നതില്‍ റഷ്യന്‍ താരങ്ങള്‍ വിജയിച്ചതോടെ ഈജിപ്തിന് കാര്യങ്ങള്‍ ദുഷ്‌കരമാവുകയായിരുന്നു.

കൊളമ്പിയയെ തകര്‍ത്ത് ഏഷ്യന്‍ ശക്തിയായ ജപ്പാന്‍ വിജയിച്ചതിനും റഷ്യ സാക്ഷിയായി. രണ്ട് ഒന്നിനാണ് ജപ്പാന്‍ കൊളംബിയയെ വീഴ്ത്തിയത്. ഇതോടെ ലോകകപ്പില്‍ ഒരു ലാറ്റിനമേരിക്കന്‍ ടീമിനെ തറപറ്റിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന നേട്ടവും ജപ്പാന്‍ സ്വന്തമാക്കിയിരിക്കുന്നു. മൂന്നാം മിനിറ്റില്‍ കാര്‍ലോസ് സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയാതിനെ തുടര്‍ന്ന് പത്തുപേരുമായാണ് കൊളംബിയ കളിച്ചത്. ഗോളെന്നുറച്ച കഗാവയുടെ ഷോട്ട് ബോക്‌സില്‍ വച്ച് കൈ കൊണ്ട് തട്ടിയിട്ടതിനാണ് ചുവപ്പ് കാര്‍ഡും പെനാല്‍റ്റിയും വിധിച്ചത്. ആദ്യ ഷോട്ട് തടുത്ത കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിന റീബൗണ്ടില്‍ നിന്നുള്ള രണ്ടാം ഷോട്ടിന് മുന്നില്‍ നിസ്സഹായനായി നില്‍ക്കെയായിരുന്നു സാഞ്ചസിന്റെ 'കൈകടത്തല്‍'. അതിന് കിട്ടിയ പെനാല്‍റ്റി ജപ്പാന്‍ താരം ഷിന്‍ജി കവാഗ വലയിലെത്തിക്കുകയും ചെയ്തതോടെ ആറാം മിനിറ്റില്‍ തന്നെ ജപ്പാന്‍ മുന്നിലെത്തി. 39ാം മിനിറ്റില്‍ നിലംപറ്റെ അടിച്ച ഒന്നാന്തരമൊരു ഫ്രീകിക്കിലൂടെ യുവാന്‍ ക്വിന്റെറോ കൊളംബിയയെ മുന്നിലെത്തിച്ചു. ജപ്പാന്‍ ഗോളി കവാഷിമ ഡൈവ് ചെയ്ത് പിടിച്ചെങ്കിലും പന്ത് ഗോള്‍ ലൈന്‍ കടന്നിരുന്നു. ഗോളല്ലെന്ന് ജപ്പാന്‍കാര്‍ വാദിച്ചെങ്കിലും വീഡിയോ റിവ്യൂവില്‍ ഗോള്‍ അനുവദിച്ചു. എന്നാല്‍, ജപ്പാന്‍ വീണ്ടും പൊരുതി മുന്നിലെത്തി. 73ാം മിനിറ്റില്‍ യുയു ഒസാക്കോ കോര്‍ണര്‍ കിക്കില്‍ നിന്നും ഗോളിന് പിറവി കൊടുത്തു. സമനിലക്കായി കൊളംബിയ കിണഞ്ഞു ശ്രമിച്ചെങ്കിലും ജപ്പാന്‍ പ്രതിരോധം പിടിച്ചുനിന്നു. കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ കൊളംബയിയയുടെ കൈയില്‍ നിന്നേറ്റ ദയനീയമായ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ജപ്പാന് ഈ തിളക്കമുള്ള വിജയം.

 

20-Jun-2018