പതജ്ഞലിക്ക് വേണ്ടി ആര്‍ എസ് എസ്

ലക്‌നൗ : ബാബാ രാംദേവിന് വഴിവിട്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നേരിട്ടിടപെട്ട് രാംദേവിന്റെ പതഞ്ജലിയുടെ 6000 കോടി രൂപയുടെ മെഗാ ഫുഡ് പാര്‍ക്ക് ഉത്തര്‍പ്രദേശില്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കുന്നത്.

നേരത്തെ സര്‍ക്കാരിന്റെ സഹകരണമില്ലെന്നു ചൂണ്ടിക്കാട്ടി പദ്ധതി മറ്റൊരിടത്തേക്കു മാറ്റുകയാണെന്നു പതഞ്ജലി സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ആചാര്യ ബാല്‍കൃഷ്ണ അറിയിച്ചിരുന്നു. പതഞ്ജലിക്കെതിരെ വ്യാപകമായി വാര്‍ത്തകളും തെളിവുകളും വരുന്ന സാഹചര്യത്തില്‍ യോഗി ആദിത്യനാഥ് ഫുഡ്പാര്‍ക്കിന് നേരെ വേണ്ടത്ര അനുഭാവം പ്രകടിപ്പിച്ചിരുന്നില്ല. ആ വേളയില്‍ ബാബാ രാംദേവ് ആര്‍ എസ് എസ് കേന്ദ്രീയ കാര്യാലയവുമായി ബന്ധപ്പെട്ടാണ് യോഗി ആദിഥ്യനാഥിനെ വശപ്പെടുത്തിയത്.

ആര്‍ എസ് എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പതഞ്ജലി വിമുഖതയില്‍ അനിഷ്ടമുണ്ടെന്ന് മനസിലാക്കിയപ്പോഴാണ് യോഗി ആദിത്യനാഥ് വിഷയത്തില്‍ നേരിട്ടിടപെട്ടത്. ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ പതഞ്ജലിക്കു കേന്ദ്ര ഭക്ഷ്യ മന്ത്രാലയം ജനുവരിയിലാണു തത്വത്തില്‍ അനുമതി നല്‍കിയത്. ആദ്യം അനുമതി നിഷേധിക്കുന്ന രീതിയില്‍ മന്ത്രാലയം മുന്നോട്ടുപോയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് തന്റെ ഓഫീസ് മുഖാന്തിരം ബാബാ രാംദേവിന് വേണ്ടി ഇടപെട്ടത്. യു പിക്ക് പുറമെ മഹാരാഷ്ട്രയിലെ നാഗ്പുരിലും അസമിലെ തേസ്പുരിലും മെഗാഫുഡ് പാര്‍ക്ക് പദ്ധതി തുടങ്ങുവാനാണ് പതഞ്ജലി പദ്ധതിയിട്ടിട്ടുള്ളത്.

20-Jun-2018