കാഷായവസ്ത്രമിട്ട് വൃത്തികേട് കാട്ടുന്ന ആള്‍ദൈവങ്ങളെ തൂക്കിക്കൊല്ലണം : ബാബാ രാംദേവ്

രാജസ്ഥാന്‍ : കാഷായവസ്ത്രമിട്ട് വൃത്തികേട് കാട്ടുന്ന ആള്‍ദൈവങ്ങളെ തൂക്കിക്കൊല്ലണമെന്ന് യോഗാഗുരു ബാബ രാംദേവ്. സന്യാസിമാര്‍ ആത്മീയമായ ഔന്നത്യമുള്ളവരായിക്കണം. അവര്‍ ലൗകീക കാമനകളില്‍ മുഴുകുന്നവരാവരുത്. സന്യാസികള്‍ക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ജയിലിലടക്കുകയല്ല, തൂക്കിക്കൊല്ലുകയാണ് വേണ്ടത്. അങ്ങനെ മാത്രമേ ശ്രേഷ്ഠമായ ആര്‍ഷഭാരത പാരമ്പര്യത്തെ തിരിച്ചുപിടിക്കാനാവുകയുള്ളു. കാവിനിറത്തിലുള്ള വസ്ത്രം ധരിച്ചതുകൊണ്ടു മാത്രം ഒരാള്‍ മതനേതാവാകില്ലെന്നും രാജസ്ഥാനിലെ കോട്ടയില്‍വെച്ച് രാംദേവ് പറഞ്ഞു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ദാത്തി മഹാരാജ് എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ ബലാത്സംഗവും വഞ്ചനയും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് ബാബ രാംദേവിന്റെ പ്രതികരണം. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ വ്യാപകമായ പരാതികളുണ്ടല്ലൊ എന്ന ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍ അത് അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്നതാണെന്നായിരുന്നു രാംദേവിന്റെ മറുപടി. ഓരോ ജോലിക്കും അതിന്റേതായ പ്രവര്‍ത്തന പരിധികളും പെരുമാറ്റച്ചട്ടങ്ങളുമുണ്ട്. അതുപോലെതന്നെ സന്യാസിമാര്‍ക്കും അവരുടേതായ പ്രവര്‍ത്തനരീതികളുണ്ട്. അത്തരം പരിധികള്‍ ലംഘിക്കുന്നവരെയാണ് മരണംവരെ തൂക്കിക്കൊല്ലേണ്ടത്. രാംദേവ് പറഞ്ഞു.

20-Jun-2018