കാശ്മീരില്‍ നടപ്പിലായത് ആര് എസ് എസ് അജണ്ടകള്‍
അഡ്മിൻ
ന്യൂഡല്‍ഹി : കാശ്മീരില്‍ ബി ജെ പി നടപ്പിലാക്കുന്നത് ആര് എസ് എസ് അജണ്ടകള്‍. ഇക്കഴിഞ്ഞ ശനിയാഴ്ച ഹരിയാണയിലെ സൂരജ്കുണ്ഡില്‍ ചേര്‍ന്ന ബി ജെ പി-ആര് എസ് എസ് ഉന്നതതലയോഗത്തിലെടുത്ത തീരുമാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുകയാണ് ബി ജെ പി. പി ഡി പി സഖ്യം ഉപേക്ഷിച്ച് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തമായി അസ്തിത്വമുണ്ടാക്കാനുള്ള നീക്കങ്ങളാണ് സംഘപരിവാരം നടത്തുന്നത്. അതിനായി 'രാജ്യസ്നേഹ'മെന്ന തുറുപ്പുചീട്ട് വീശാനാണ് ആര് എസ് എസ് പദ്ധതിയിടുന്നത്.
കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ റംസാന് മാസത്തില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്‍വലിക്കാനും ഇക്കാര്യം ഉയര്‍ത്തി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനും പറ്റിയ സമയം ഇതാണെന്ന് ആര് എസ് എസ് നിര്‍ദേശിക്കുകയായിരുന്നു. സഖ്യം തുടര്‍ന്നാല്‍ മാര്‍ക്ക് മുഴുവന്‍ ലഭിക്കുന്നത് പി ഡി പിക്കാവും എന്നാണ് ആര് എസ് എസ് നേതൃത്വം വിലയിരുത്തിയത്. അതിനാല്‍ ബി ജെ പിയുടെ പ്രകടനത്തെ ബാധിക്കാത്ത രീതിയില്‍ ഗവര്‍ണര്‍ ഭരണത്തിലേക്ക് കാശ്മീരിനെ നയിക്കണമെന്ന് ബി ജെ പി-ആര് എസ് എസ് യോഗത്തില്‍ തീരുമാനമുണ്ടായി. ബി ജെ പിക്ക് പരമ്പരാഗത വോട്ടുബാങ്കുള്ള ജമ്മു, ലഡാക് മേഖലകളില്‍ സഖ്യം ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലാണ് ആര് എസ് എസിനുള്ളത്. മുസ്ലിം മേഖലകളില്‍ കടന്നുകയറാന്‍ കഴിയാത്തതും കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതും സഖ്യം ഉപേക്ഷിക്കുന്ന തീരുമാനമെടുപ്പിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചു.
കാശ്മീര്‍ താഴ്വര, ജമ്മു, ലഡാക് മേഖലകളിലായി ആറ് ലോക്സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ കാശ്മീരിലെ മൂന്നും പി ഡി പിയുടെ കുത്തകയാണ്. ജമ്മുവിലെ രണ്ടും ലഡാക്കിലെ ഒരുസീറ്റും ബി ജെ പിയുടെ കൈയിലാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാശ്മീര്‍ താഴ്വരയില് ബി ജെ പി സീറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, കൈവശമുള്ള ജമ്മു, ലഡാക് സീറ്റുകള്‍ നഷ്ടപ്പെട്ടാലുണ്ടാവുന്ന ഭവിഷ്യത്ത് ആര് എസ് എസിനെ അലട്ടുന്നുണ്ട്. ആ സാഹചര്യത്തിലാണ് സഖ്യം വേര്‍പ്പെടുത്തി ദേശസുരക്ഷയിലൂന്നി മുന്നോട്ടുപോകാന്‍ ആര് എസ് എസ് നിര്‍ദേശിച്ചത്.
അമര്‍നാഥ് യാത്രയ്ക്ക് കാശ്മീര്‍ ഒരുങ്ങുമ്പോള്‍ അവിടം സുരക്ഷിതമാക്കുന്നത് ഇനി കേന്ദ്രസര്‍ക്കാര്‍ നേരിട്ടാവും. പി ഡി പിക്ക് അതില്‍ ഒരു റോളുമില്ലെന്ന് വരുത്താന്‍ സഖ്യം വിച്ഛേദിച്ചതിലൂടെ ആര് എസ് എസിന് സാധിച്ചു. കാശ്മീര്‍ വിഘടനവാദികളെ അടിച്ചമര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നിക്കും വിധത്തില്‍ അതിര്‍ത്തി സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ 'രാജ്യസ്നേഹവും ദേശസുരക്ഷയും' മുന്നോട്ടുവെച്ച് നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവും. അതിലൂടെ പി ഡി പി കാരണമാണ് ഈ ദുസ്ഥിതിയൊക്കെ ഉണ്ടായതെന്ന് വരുത്തി തീര്‍ക്കാന്‍ സാധിക്കുമെന്നാണ് ആര് എസ് എസ് കണക്കുകൂട്ടല്‍. പി ഡി പി സര്‍ക്കാരിന്റെ സഹായമില്ലാതെ സംസ്ഥാനത്ത് നേരിട്ട് ഇടപെടാന്‍ ഗവര്‍ണര്‍ഭരണം സഹായിക്കുമെന്ന സൗകര്യം പരമാവധി ഉപയോഗപ്പെടുത്താനാണ് സംഘപരിവാരം ലക്ഷ്യമിടേണ്ടതെന്ന ആര് എസ് എസ് നിര്‍ദേശമാണ് വരും ദിവസങ്ങളില്‍ കാശ്മീരില്‍ നടപ്പിലാക്കപ്പെടുക.
21-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ