മോഡി മന്ത്രിസഭയിലെ ഒരൊറ്റ മന്ത്രിക്കും ഇക്കണോമിക്‌സ് അറിയില്ല

ന്യൂഡല്‍ഹി : നരേന്ദ്രമോഡി മന്ത്രിസഭയിലെ ഒരൊറ്റ മന്ത്രിക്കുപോലും ഇക്കണോമിക്‌സ് അറിയില്ലെന്ന് ബി ജെ പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യത്തെ നിലവിലെ സാമ്പത്തിക നയങ്ങളൊന്നും കാര്യക്ഷമമല്ലെന്നും ശരിയായ നയങ്ങള്‍ രൂപപ്പെടുത്തിയെടുത്താല്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യയ്ക്കു കഴിയുമെന്നും സ്വാമി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിമാര്‍ക്ക് സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് അടിസ്ഥാനവിവരം പോലുമില്ലാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴത്തെ സാഹചര്യത്തില്‍, രാജ്യത്തിന്റെ യഥാര്‍ഥ ധനമന്ത്രി ആരാണെന്നതില്‍ എനിക്കു സംശയമുണ്ട്. വെബ്‌സൈറ്റില്‍ മന്ത്രിമാരുടെ ലിസ്റ്റില്‍ അരുണ്‍ ജയ്റ്റ്‌ലിയുടെ പേരുണ്ട്. ചിലയിടത്തു ധനമന്ത്രിയുടെ സ്ഥാനത്തു പീയൂഷ് ഗോയലിന്റെ പേരും. ജയ്റ്റ്‌ലിയെന്താ വകുപ്പില്ലാ മന്ത്രിയാണോ? അരുണ്‍ ജയ്റ്റ്‌ലിയെ പരിഹസിച്ചുകൊണ്ട് സ്വാമി ചോദ്യമുതിര്‍ത്തു. അഭിമുഖത്തിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മോദിക്കു ചില ഉപദേശങ്ങള്‍ നല്‍കാനും സ്വാമി മടിച്ചില്ല. സാമ്പത്തിക പരിഷ്‌കാരങ്ങള്‍കൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കടന്നുകൂടാന്‍ കഴിയില്ല. ഇതു പ്രധാനമന്ത്രി തിരിച്ചറിയണം. സാമ്പത്തിക നയം നരസിംഹറാവുവിനെയോ മൊറാര്‍ജി ദേശായിയെയോ വാജ്‌പേയിയെയോ സഹായിച്ചില്ലെന്നു മറക്കരുത്. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന ആളാണു പ്രധാനമന്ത്രി മോദി. പക്ഷേ, അദ്ദേഹത്തിന്റെ 'കൂട്ടുകെട്ടുകള്‍' ശരിയല്ല.

സുബ്രഹ്മണ്യം സ്വാമിയുടെ വിവാദ അഭിമുഖം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃന്ദങ്ങള്‍ വ്യക്തമാക്കി. തല്‍ക്കാലം സ്വാമിക്ക് മറുപടിയൊനന്ും നല്‍കേണ്ടതില്ല എന്നാണ് ബി ജെ പി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

21-Jun-2018