അമിത് ഷായുടെ സഹകരണബാങ്ക് അസാധുനോട്ട് നിക്ഷേപത്തില്‍ രാജ്യത്ത് ഒന്നാമത്.

മുംബൈ : ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായുള്ള അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കിലാണ് രാജ്യത്ത് ഏറ്റവുമധികം അസാധുനോട്ട്നിക്ഷേപമായി സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ചപ്പോള്‍ സഹകരണബാങ്കുകളില്‍ ഉണ്ടായ നിക്ഷേപം പരിശോധിച്ചപ്പോഴാണ് അമിത് ഷായുടെ ബാങ്കിന്റെ വിവരം പുറത്തുവന്നത്.

2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് നിലവിലുള്ള 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ച് അഞ്ചുദിവസത്തിനകം 745.59 കോടി രൂപയുടെ അസാധുനോട്ടുകളാണ് ഇവിടെ നിക്ഷേപമായിവന്നതെന്ന് വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയില്‍ പറയുന്നു. രണ്ടാംസ്ഥാനത്തുള്ളത് 693.19 കോടി രൂപയുടെ അസാധുനോട്ട് സ്വീകരിച്ച രാജ്‌കോട്ട് ജില്ലാ സഹകരണബാങ്ക് ആണ്. ഇതിന്റെ ഡയറക്ടറായ ജയേഷ്ഭായി വിത്തല്‍ഭായി രാദാദിയ ബി ജെ പി നേതാവും ഗുജറാത്തിലെ കാബിനറ്റ് മന്ത്രിയുമാണ്. ഇതോടെ ബി ജെ പി നേതൃത്വം അറിഞ്ഞുകൊണ്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിരുന്നു എന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെളിയുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

നോട്ടുനിരോധനവേളയില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അസാധുനോട്ട് നിക്ഷേപമായി സ്വീകരിക്കാന്‍ അനുമതിനല്‍കിയിരുന്നെങ്കിലും അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ അതിന് വിലക്കേര്‍പ്പെടുത്തി. സഹകരണബാങ്കുകള്‍വഴി കള്ളപ്പണം വെളുപ്പിക്കുന്നെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു അത്. ഈ ചുരുങ്ങിയ ദിവസം കൊണ്ടാണ് ഗുജറാത്തിലെ ബാങ്കുകള്‍ ഇത്രയുമേറെ അസാധുനോട്ടുകള്‍ ശേഖരിച്ചത്. നോട്ട് അസാധുവാകുന്നതിന് മുമ്പുതന്നെ ചില കേന്ദ്രങ്ങളോട് കരുതിയിരുക്കാന്‍ അമിത് ഷായുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു എന്ന ആരോപണം ഇതോടെ പ്രസക്തമാവുകയാണ്.

മുംബൈയിലെ വിവരാവകാശപ്രവര്‍ത്തകന്‍ മനോരഞ്ജന്‍ എസ്. റോയിയുടെ അപേക്ഷയ്ക്ക് മറുപടിയായി നബാര്‍ഡിന്റെ ചീഫ് ജനറല്‍ മാനേജര്‍ എസ്. ശരവണവേല്‍ ആണ് സഹകരണബാങ്കിലെ അസാധുനോട്ട് നിക്ഷേപത്തിന്റെ കണക്കുകള്‍ നല്‍കിയത്. ആദ്യമായാണ് സഹകരണബാങ്കിലെ അസാധുനോട്ട് നിക്ഷേപത്തിന്റെ കണക്ക് പുറത്തുവരുന്നതെന്ന് റോയി പറഞ്ഞു. തിരിച്ചെത്തിയ അസാധുനോട്ടുകളുടെ മൊത്തം കണക്ക് കേന്ദ്രസര്‍ക്കാരോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നോട്ട് അസാധുവാക്കലിന് പിന്നില്‍ നരേന്ദ്രമോഡിയും കേന്ദ്രസര്‍ക്കാരും ബി ജെ പി നേതൃത്വവും പ്രചരിപ്പിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊരുപാട് ഹിഡന്‍ അജണ്ടകളുണ്ടെന്ന് തെളിയുകയാണെന്ന് മനോരഞ്ജന്‍ ആരോപിച്ചു.

22-Jun-2018