തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിസന്ധിയില്ല: മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തരത്തിലുള്ള പ്രതിസന്ധിയും നിലവിലില്ലെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിയമസഭയില്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടും അധികാരവും നല്‍കി ശാക്തീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തില്‍ മൂന്നു മാസത്തെ കാലതാമസം ഉണ്ടായി എന്ന ആക്ഷേപം വസ്തുതാപരമല്ല.
റോഡ് - റോഡിതര മെയിന്റനന്‍സ് ഫണ്ട് വെട്ടിക്കുറച്ചു എന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തുകയില്‍ ഈ വര്‍ഷം വലിയ വര്‍ധനവുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിനായിരുന്നു മന്ത്രിയുടെ മറുപടി.
ജനകീയാസൂത്രണത്തിലൂടെ തുടക്കമിട്ട അധികാരവികേന്ദ്രീകരണ പ്രക്രിയയും വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയും 25 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വര്‍ഷം തദ്ദേശ സ്ഥാപനങ്ങളുടെ 14-ാം പഞ്ചവത്സരപദ്ധതി രൂപീകരണവര്‍ഷം കൂടിയാണ്. 14-ാം പഞ്ചവത്സരപദ്ധതി രൂപീകരിക്കുന്നതിനുള്ള വിശദമായ മാര്‍ഗ്ഗരേഖകള്‍ ഏപ്രില്‍ 19ന് തന്നെ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന വികസന പരിപ്രേക്ഷ്യവും വികസന മുന്‍ഗണനകള്‍ കണക്കിലെടുത്തുകൊണ്ടും പുറപ്പെടുവിച്ചിട്ടുള്ള ഈ പദ്ധതി മാര്‍ഗ്ഗരേഖകള്‍, പഞ്ചവത്സര പദ്ധതി കാലയളവിലേക്കുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. തദ്ദേശസ്ഥാപനങ്ങളുടെ സബ്സിഡി, അനുബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ മെയ് 28 ന് പുറപ്പെടുവിച്ചു. മാര്‍ഗ്ഗരേഖകള്‍ പുറപ്പെടുവിച്ചതിനുശേഷം തദ്ദേശസ്ഥാപനങ്ങളെല്ലാം തന്നെ അവരുടെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗതയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
വികസന കാഴ്ചപ്പാട് വ്യക്തമാക്കുന്ന സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കുക, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പുനഃസംഘടിപ്പിക്കുക, വികസനരേഖ തയ്യാറാക്കുക, ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കുക, വികസന സെമിനാറുകള്‍ നടത്തുക തുടങ്ങിയ പദ്ധതി രൂപീകരണ പ്രക്രിയകളെല്ലാം ഇതിനകം പൂര്‍ത്തീകരിച്ചു. ഡിപിസി അംഗീകാരത്തിനായി തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ണ വാര്‍ഷികപദ്ധതികള്‍ സമര്‍പ്പിച്ചുവരികയാണ്. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനിവാര്യമായും ഏറ്റെടുക്കേണ്ട പദ്ധതികളും സ്പില്‍ ഓവര്‍ പ്രോജക്ടുകളും ഏപ്രില്‍ മാസം മുതല്‍ തന്നെ നിര്‍വഹണം ആരംഭിച്ചിട്ടുമുണ്ട്.
കേന്ദ്രധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് ഈ സാമ്പത്തികവര്‍ഷം നിര്‍വ്വഹണം നടത്തുന്ന പദ്ധതികളുടെ നിര്‍വ്വഹണപ്രക്രിയയും ഏപ്രില്‍ മാസത്തില്‍ ആരംഭിച്ചു. അതുകൊണ്ടു തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തില്‍ മൂന്നു മാസത്തെ കാലതാമസം ഉണ്ടായി എന്ന ആക്ഷേപം വസ്തുതാപരമല്ല.
ഓരോ പഞ്ചവത്സര പദ്ധതിയുടെയും ആദ്യ വര്‍ഷങ്ങളിലെല്ലാം ഒഴിവാക്കാനാകാത്ത കാലതാമസം ഉണ്ടായിട്ടുണ്ട്. യുഡിഎഫിന്‍റെ കാലത്തെ 12ാം പദ്ധതിയുടെ ആദ്യ വര്‍ഷമായ 2012 – 13ൽ വാര്‍ഷിക പദ്ധതി അംഗീകാര നടപടി സംബന്ധിച്ച മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചത് 2012 സെപ്തംബര്‍ 24 ന് ആയിരുന്നു. ആ വര്‍ഷം സെപ്തംബര്‍/ ഒക്ടോബര്‍ മാസങ്ങളിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അന്തിമമാക്കിയത്. 13ാം പദ്ധതി രൂപീകരണ പ്രക്രിയ ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് 2017 ജുലൈ മാസത്തിനകം പൂര്‍ത്തീകരിച്ചു. ഇത്തവണ നടപടിക്രമങ്ങള്‍ ഈ മാസത്തോടെ പൂര്‍ത്തിയാക്കും.
2021-22 മുതല്‍ 5 വര്‍ഷക്കാലത്തേക്കുള്ള ഫണ്ടുകള്‍ നിശ്ചയിക്കുന്നതിനുള്ള 6ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ വിവിധ റിപ്പോര്‍ട്ടുകളായി വിവിധ സന്ദര്‍ഭങ്ങളിലാണ് സര്‍ക്കാരിന് ലഭിച്ചത്. റിപ്പോര്‍ട്ട് പരിഗണിച്ച് തദ്ദേശസ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വിഭജിച്ച് അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍, പദ്ധതി രൂപീകരണ പ്രക്രിയ വൈകാതിരിക്കുന്നതിന് മുന്‍വര്‍ഷത്തെ ബജറ്റ് വിഹിതത്തെ അടിസ്ഥാനപ്പെടുത്തി താത്കാലിക ക്രമീകരണം ഏര്‍പ്പെടുത്തി. ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി രൂപീകരണം വൈകാതിരിക്കുന്നതിനുള്ള നടപടിയാണ്. ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ച് പുതുക്കിയ പദ്ധതി അനുവദിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ ബജറ്റ് വിഹിതം വിഭജിച്ചുനല്‍കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള റോഡ് - റോഡിതര മെയിന്റനന്‍സ് ഫണ്ട് വെട്ടിക്കുറച്ചു എന്ന ആക്ഷേപവും അടിസ്ഥാനരഹിതമാണ്. അത്തരത്തില്‍ ഒരു വെട്ടിക്കുറവും വരുത്തിയിട്ടില്ല. 2022-23ലെ ബജറ്റില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ്-റോഡിതര മെയിന്റനന്‍സ് ഗ്രാന്റ് വിഭജിച്ച് നല്‍കിയിരിക്കുന്നത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി കളുടെ സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയാണ്. ധനകാര്യ കമ്മീഷന്‍ പരിഗണിച്ചിട്ടുള്ള സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം അനുവദിച്ച മെയിന്റനന്‍സ് ഗ്രാന്റ് സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അവരുടെ അസോസിയേഷനുകളില്‍ നിന്നും ഒട്ടേറെ പരാതികള്‍ ലഭിച്ചു. മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിന് 2021-22 വര്‍ഷം 29.42 കോടി രൂപയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണത്തെ വിഹിതം 6.71 കോടിയായി കുറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്തിന് കഴിഞ്ഞ വര്‍ഷം 61.04 കോടി ലഭിച്ചിടത്ത് ഈ വര്‍ഷം 10.57 കോടി രൂപ മാത്രമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കഴിഞ്ഞ വര്‍ഷത്തെ 47.05 കോടി രൂപ ഈ വര്‍ഷം 2.12 കോടി മാത്രമായി. ഇത്തരത്തില്‍ ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റോഡ് മെയിന്റനന്‍സ് ഗ്രാന്റ് കുറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പരാതി പരിശോധിച്ച് ആസ്തി സ്ഥിതി വിവര കണക്കുകള്‍ കാലികമാക്കുന്നതിന് കാലതാമസം വരുമെന്നതിനാലാണ് മുന്‍വര്‍ഷത്തെ മെയിന്റനന്‍സ് ഗ്രാന്റിന് ആധാരമാക്കിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഈ വര്‍ഷവും മെയിന്‍റനൻസ് ഗ്രാന്‍റ് നല്‍കാന്‍ പുതിയ ഉത്തരവ് പുറപ്പെടുവിട്ടത്. ബജറ്റിലെ മൊത്തം മെയിന്‍റനൻസ് ഗ്രാന്‍റ് വിഹിതമായ 1849.65 കോടി രൂപയില്‍ യാതൊരു കുറവും വരാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുക പൂര്‍ണമായും ലഭിക്കും. ഈ ക്രമീകരണം ഏര്‍പ്പെടുത്തിയതുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവയുടെ മെയിന്റനന്‍സ് പദ്ധതിയും യഥാസമയം തയ്യാറാക്കി സമര്‍പ്പിക്കാന്‍ സാധിക്കുന്നു.
ആറാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം മെയിന്റനന്‍സ് ഫണ്ട് വിഹിതം സംസ്ഥാന തനത് നികുതി വരുമാനത്തിന്റെ 6 % ല്‍ നിന്നും 6.5% ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വികസന ഫണ്ട് വിഹിതം 2021-22 ല്‍ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 26% ആയും 2022-23 ല്‍ 26.5% ആയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2021-22 സാമ്പത്തിക വര്‍ഷം വികസനഫണ്ടിനത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുക 7180 കോടി രൂപയായിരുന്നു. എന്നാല്‍ 2022-23 സാമ്പത്തിക വര്‍ഷം ഈ തുക 8048 കോടി രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
2011-16 ലെ യു ഡി എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഓരോ വര്‍ഷത്തെയും സംസ്ഥാന പദ്ധതി അടങ്കലിന്റെ ശരാശരി 24 % മാത്രമാണ് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ 2016 -21 കാലത്തെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ശരാശരി 25 % ആയി വര്‍ദ്ധിച്ചു. യു ഡി എഫ് കാലത്ത് ആകെ 19788 കോടി രൂപയാണ് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വികസന ഫണ്ടിനത്തില്‍ നീക്കിവച്ചത് എങ്കില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 33130 കോടി രൂപയായി വര്‍ദ്ധിച്ചു.
12-Jul-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ