അവസാനം ബ്രസീലിന്റെ വിജയം

റഷ്യ : സമനിലയില്‍ പിരിയുമെന്ന് തോന്നിപ്പിച്ച കളിക്കൊടുവില്‍ ബ്രസീല്‍ 2 ഗോളുകള്‍ നേടി കോസ്‌റ്റോറിക്കയെ വരിഞ്ഞുകെട്ടി. ഗ്രൂപ്പ് ഇയില്‍ ബ്രസീല്‍ - കോസ്റ്ററിക്ക പോരാട്ടത്തില്‍ നിശ്ചിത സമയം ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച മികച്ച കളിയാണ്് കോസ്റ്റാറിക്ക പുറത്തെടുത്തത്. ഒടുവില്‍ ഇന്‍ജുറി ടൈമിലാണ് ബ്രസീല്‍ രണ്ട് തവണ എതിരാളികളുടെ ഗോള്‍ വല കുലുക്കിയത്. ഇന്‍ജുറി ടൈമില്‍ 91ാം മിനിറ്റില്‍ കുടിഞ്ഞോയും 97ാം മിനിറ്റില്‍ നെയ്മറുമാണ് ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ മികച്ച ആക്രമണങ്ങളുമായി ബ്രസീല്‍ തന്നെയാണ് മികച്ചു നില്‍ക്കുന്നത് എങ്കിലും കോസ്റ്ററിക്ക ഡിഫന്‍സിനെ മറികടന്ന് ഗോള്‍ നേടാനായില്ല. 25ാം മിനുട്ടില്‍ ജീസുസ് ഒരു തവണ വലകുലുക്കി എങ്കിലും ഓഫ്‌സൈഡ് ഫ്‌ലാഗ് ഉയര്‍ന്നു. നെയ്മറിന് കോസ്റ്ററിക്കന്‍ ഗോള്‍കീപ്പര്‍ നവാസുമായി വണ്‍വണ്‍ അവസരത്തില്‍ ഒരിക്കല്‍ എത്തി എങ്കിലും നെയ്മര്‍ ഷോട്ട് ഉതിര്‍ക്കും മുമ്പ് നവാസ് പന്ത് കൈക്കലാക്കി കോസ്റ്ററിക്കയെ രക്ഷിച്ചു. ആദ്യ കളിയില്‍ ലീഡ് സ്വന്തമാക്കിയിട്ടും സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ബ്രസീല്‍ 1-1 സമനില വഴങ്ങിയിരുന്നു. ഫിലിപെ കൗടീന്യോയുടെ മനോഹര ഗോള്‍ മാത്രമായിരുന്നു മത്സരത്തില്‍ ബ്രസീലിന് ഓര്‍ക്കാനുണ്ടായിരുന്നത്. സൂപ്പര്‍ താരം നെയ്മര്‍ വേണ്ടത്ര തിളങ്ങാതിരുന്ന കളിയില്‍ സെന്‍ട്രല്‍ സ്‌െ്രെടക്കറായി കളിച്ച ഗബ്രിയേല്‍ ജീസസ് അമ്പേ നിറംമങ്ങിയത് ടീമിന് തിരിച്ചടിയാവുകയും ചെയ്തു.

അര്‍ജന്റീയ്ക്കുവേണ്ടി പ്രര്‍ത്ഥിച്ച ലോകത്തെമ്പാടുമുള്ള ആരാധകര്‍ക്ക് സമാശ്വാസമെന്ന പോലെ ഐസ്‌ലാന്‍ഡ് തോല്‍വി ഏറ്റുവാങ്ങി. നൈജീരിയ രണ്ട് ഗോളുകള്‍ക്കാണ് ഐസ്‌ലാന്‍ഡിനെ പൂട്ടിയത്. നൈജീരിയയുടെ അഹമ്മദ് മൂസ അടിച്ചെടുത്ത രണ്ട് ഗോളുകളാണ് വിജയത്തിന് തിളക്കമേകിയത്. കളിയുടെ 49, 75 മിനിട്ടുകളിലായിരുന്നു മൂസയുടെ ഗോളുകള്‍. അര്‍ജന്റീനക്കാരുടെ പ്രാര്‍ഥന ദൈവം കേട്ടതു പോലെ ഐസ്‌ലാന്‍ഡിന്റെ ഗില്‍ഫി സിഗുഡ്‌സണ്‍ പെനാല്‍റ്റി പാഴാക്കി. ഐസ്‌ലാന്‍ഡ് തോല്‍വി വഴങ്ങിയതോടെ അവരും അര്‍ജന്റീനയും ഒപ്പമായി. ആദ്യ മത്സരത്തില്‍ ഐസ്‌ലാന്‍ഡും അര്‍ജന്റീനയും 1-1 നു സമനില വഴങ്ങിയിരുന്നു. രണ്ട് മത്സരങ്ങളും ജയിച്ച ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി. അവസാന മത്സരത്തില്‍ അര്‍ജന്റീന നൈജീരിയയെയും ക്രൊയേഷ്യ ഐസ്‌ലാന്‍ഡിനെയും നേരിടും. ഇന്നലെ കളിയുടെ 62 ശതമാനം സമയത്തും പന്ത് നൈജീരിയക്കാരുടെ പക്ഷത്തായിരുന്നു. നൈജീരിയ ഇതുവരെ ആറ് ലോകകപ്പ് ജയങ്ങള്‍ കുറിച്ചു. അതു മുഴുവനും യൂറോപ്പില്‍നിന്നുള്ള ടീമുകള്‍ക്കെതിരേയായിരുന്നു. 81ാം മിനിട്ടില്‍ ഫിന്‍ബോഗാസണിനെ ഇപുഹി ബോക്‌സില്‍ വീഴ്ത്തിയതിനാണു പെനാല്‍റ്റി ലഭിച്ചത്. വാറിലൂടെ പെനാല്‍റ്റി ശരിവയ്ക്കുകയും ചെയ്തു. സിഗുഡ്‌സണിന്റെ സ്‌പോട്ട് കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നതോടെ ഐസ്‌ലാന്‍ഡിന്റെ വിധി പൂര്‍ണമായി.

റഷ്യ ലോകകപ്പിലെ സെര്‍ബിയയ്‌ക്കെതിരേ നടന്ന ഇ ഗ്രൂപ്പ് മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് ഒന്നിനെതിരേ രണ്ട് ഗോളുകളുടെ ജയം. ഗ്രാനിറ്റ് ഷാകയുടെയും സെഹ്ദ്രാന്‍ ഷഖ്വിരിയുടെയും ഗോളുകളാണ് സ്വിസ് ജയം ഉറപ്പാക്കിയത്. അഞ്ചാം മിനിട്ടില്‍ അലക്‌സാണ്ടര്‍ മിത്രോവിച്ചിലൂടെ മുന്നിലെത്തിയ സെര്‍ബിയയെ 52ാം മിനിട്ടിലാണ് ഷാക സമനിലയില്‍ കുടുക്കിയത്. 90ാം മിനിട്ടിലാണ് ഷാഖ്വിരി ഒറ്റയാള്‍ മുന്നേറ്റത്തിലൂടെ വിജയ ഗോളടിക്കുന്നത്. ജയത്തോടെ ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും ഒപ്പമായി. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അവസാന മത്സരം കോസ്റ്ററിക്കയ്‌ക്കെതിരേയാണ്. സെര്‍ബിയയുടെ അവസാന മത്സരം ബ്രസീലിനെതിരേയും. സെര്‍ബിയ ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയെ തോല്‍പ്പിച്ചിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ കുടുക്കി. നാലാം മിനിട്ടില്‍ സ്വിസ് ഗോള്‍ മുഖത്തുണ്ടായ ആശയക്കുഴപ്പം മുതലാക്കിയാണു മിത്രോവിച്ച് ഗോളടിച്ചത്്. ടാഡിച്ച് മറിച്ചു നല്‍കിയ പന്തിനെ മിത്രോവിച്ച് ഗോളിലേക്കു ഹെഡ് ചെയ്തതു പിടിക്കാന്‍ ഗോള്‍ കീപ്പര്‍ യാന്‍ സോമറിനു കഴിഞ്ഞില്ല. ഒരു സ്‌െ്രെടക്കറെ മുന്‍നിര്‍ത്തിയ 451 ശൈലിയാണു രണ്ടു ടീമുകളും സ്വീകരിച്ചത്്. സമനിലയ്ക്കായുള്ള സ്വിസ് പരിശ്രമം ഗ്രാനിറ്റ് ഷാകയിലൂടെയാണ് അവസാനിച്ചത്. സെര്‍ബിയന്‍ പ്രതിരോധക്കാരുടെ തലകള്‍ക്കു മീതേ പറന്ന 25 വാര അകലെനിന്നുള്ള ഷാകയുടെ ഷോട്ടാണു വഴിത്തിരിവായത്. ഗോള്‍ കീപ്പര്‍ വിക്‌ടോര്‍ സ്‌റ്റോജോവിച്ചിനു പഴുതുനല്‍കാതെ പന്ത് വലയില്‍ കയറി.

23-Jun-2018