അമേരിക്കയില്‍ നിന്നും ആയിരം വിമാനങ്ങള്‍ വാങ്ങാന്‍ മോഡിസര്‍ക്കാര്‍ തീരുമാനിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയും അമേരിക്കയുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവായി മാറുകയാണ് അമേരിക്കയില്‍ നിന്നും വിമാനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം. ഇതുവഴി പ്രതിവര്‍ഷം 5 ബില്യന്‍ ഡോളറിന്റെ ഇടപാടാണ് നടക്കുന്നത്. അമേരിക്കയുമായി വിവിധ രാജ്യങ്ങള്‍ വ്യാപാര യുദ്ധം തുടരുന്നതിനിടയിലാണ് അടുത്ത എട്ട് വര്‍ഷത്തിന്റെ പരിധിക്കുള്ളില്‍ അമേരിക്കയില്‍ നിന്നും 1000 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളെല്ലാം ഉപാധികളൊന്നും കൂടാതെ ഇന്ത്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സിവിലിയന്‍ എയര്‍ക്രാഫ്റ്റ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ധാരണയിലെത്തല്‍. അതോടൊപ്പം പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരം വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി കേന്ദ്രമന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

വിമാനം വാങ്ങുന്നതിനായി പ്രതിവര്‍ഷം അഞ്ച് ബില്ല്യന്‍ ഡോളറും പെട്രോളിയം ഉത്പന്നങ്ങള്‍ക്കായി നാല് ബില്ല്യന്‍ ഡോളറും നല്‍കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. പ്രതിരോധ ആവശ്യങ്ങള്‍ക്ക് പുറമേയാണ് സിവിലിയന്‍ വിമാന ഇടപാട്. പ്രതിരോധ ആവശ്യത്തിനായി കര നിരീക്ഷണ വിമാനമായ പി8എ 2 എണ്ണം കൂടി വാങ്ങാനും നരോന്ദ്രമോഡി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

അതേസമയം അമേരിക്കയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരില്‍ രാജ്യത്ത് ഉയര്‍ന്നുവരാനിടയുള്ള വന്‍പ്രതിഷേധങ്ങളെ ഇല്ലാതാക്കാനുള്ള തന്ത്രമായാണ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്താനുള്ള തീരുമാനമെന്ന് രാഷ്ട്രീയ-സാമ്പത്തിക വിദഗ്ധര്‍ പ്രതികരിച്ചു. നിലവില്‍ തുടരുന്ന വ്യാപാരബന്ധത്തെ കുറിച്ച് അമേരിക്കന്‍ വ്യാപാര പ്രതിനിധി മാര്‍ക്ക് ലിന്‍കോട്ടുമായി ഞായറാഴ്ച ചര്‍ച്ച നടത്തുമെന്നാണ് സൂചനകള്‍. ലോക വ്യാപാരസംഘടനയുടെ മാനദണ്ഡം അനുസരിച്ചാണ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്താന്‍ തീരുമാനിച്ചതെന്ന് ചര്‍ച്ചയിലൂടെ ബോധ്യപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. വിമാന, എണ്ണ ഇടപാടുകള്‍ നടത്താന്‍ ഇന്ത്യയെ അമേരിക്കയ്ക്ക് മുന്നില്‍ തുറന്നിട്ട മോഡി സര്‍ക്കാരിന്റെ നടപടിയില്‍ അമേരിക്ക ഏറെ സന്തുഷ്ടരാണ്.

23-Jun-2018