വാരാപ്പുഴ കസ്റ്റഡിമരണം പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡിമരണക്കേസില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവറെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സി ഐ ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറായിരുന്ന പ്രദീപിനെയാണ് അറസ്റ്റ് ചെയ്തത്. വാസുദേവന്റെ വീടാക്രമണക്കേസുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയില്‍ നിന്ന് ശ്രീജിത്തിനെ ഒഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പോലീസ് ഡ്രൈവറായിരുന്ന പ്രദീപ് ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയത്.

നേരത്തെ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയപ്പോള്‍ പ്രദീപിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അപ്പോഴായിരുന്നു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 10,000 രൂപയാണ് പ്രദീപ് ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് വാങ്ങിയത്. മൊത്തം തുക ഒന്നിച്ച് നല്‍കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ രണ്ട് തവണയായി 5000 വീതമാണ് ബന്ധുക്കള്‍ കൈക്കൂലി നല്‍കിയത്. എന്നാല്‍ ഇതിനിടെ കസ്റ്റഡിയില്‍ വച്ച് ശ്രീജിത്ത് മരിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം വഷളായതോടെ അഭിഭാഷകര്‍ മുഖേന കൈക്കൂലി പണം ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കിയ പോലീസ് ഡ്രൈവര്‍ വൈകാതെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയില്‍ കുരുങ്ങുകയായിരുന്നു.

23-Jun-2018