മുസ്ലീം പെണ്‍കുട്ടിയുടെ ആലിംഗനം അനിസ്ലാമികമാണെന്ന് യു പി ഇമാം
അഡ്മിൻ
മൊറാദാബാദ് : സാമൂഹിക മാധ്യമത്തിലൂടെ പ്രചരിച്ച മുസ്ലീം പെണ്‍കുട്ടിയുടെ ആലിംഗനം അനിസ്ലാമികമാണെന്ന് യു പി ഇമാം മൗലാന മുഫ്തി മുഹമ്മദ് അഷ്റാഫി. ഈദ് ദിനത്തില്‍ ഒരു ഷോപ്പിംഗ് മാളിന് മുന്നില്‍ വെച്ച് യുവാക്കളെ ആലിംഗനം ചെയ്ത് സൗഹൃദം പങ്കിട്ട പെണ്‍കുട്ടിയുടെ വീഡിയോ വിവാദമായപ്പോഴാണ് ഇമാം വിഷയത്തില്‍ പ്രതികരിച്ചത്. 'പരമ്പരാഗത മുസ്ലിം സമൂഹത്തില്‍ ഒരു സ്ത്രീയോ പെണ്‍കുട്ടിയോ അപരിചിതരായ പുരുഷന്മാരെ തൊടുന്നതോ കെട്ടിപ്പിടിക്കുന്നതോ അനുവദനീയമല്ല. ആഘോഷപരിപാടിക്കിടയിലാണോ അല്ലയോ എന്നതൊന്നും ഈ നിയമത്തിന് ബാധകല്ല' ഇമാം നയം വ്യക്തമാക്കി.
പിതാവോ, സഹോദരനോ, ഭര്‍ത്താവോ അല്ലാതെ മറ്റ് അന്യപുരുഷന്മാരെ ആശ്ലേഷിക്കാന്‍ പാടില്ലെന്ന് താന്‍ പെണ്‍കുട്ടിയെ നേരില്‍ കണ്ട് പറഞ്ഞിട്ടുണ്ടെന്ന് ഇമാം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പെണ്‍കുട്ടിയെ ആശ്ലേഷിച്ച പുരുഷന്മാരും ശരിയത്ത് നിയമങ്ങളുടെ ലംഘനമാണ് നടത്തിയതെന്നും ഇമാം വിമര്‍ശിച്ചു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ദുരുദ്ദേശപരമായോ പ്രശസ്തിക്കോ വേണ്ടിയല്ല താനിത് ചെയ്തതെന്ന വിശദീകരണവുമായി പെണ്‍കുട്ടി രംഗത്തുവന്നിരുന്നു. സാഹോദര്യ സ്നേഹമാണ് താന്‍ പ്രകടമാക്കിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, സാമൂഹിക മാധ്യമങ്ങളിലൂടെ ജമാഅത്തെ ഇസ്ലാമിയുടെയും മറ്റും അനുയായികള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ക്ഷമ ചോദിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഇമാമിന്റെ ശാസന.