ലോകചാമ്പ്യന്‍മാര്‍ കടന്നുകൂടി

റഷ്യ : ലോക ചാമ്പ്യന്‍മാരായ ജര്‍മനി കടന്നുകൂടി എന്നുമാത്രം വിശേഷിപ്പിക്കാന്‍ പറ്റുന്ന വിജയമാണ് അവര്‍ സ്വന്തമാക്കിയത്. സ്വീഡനോട് 2-1 ന് കഷ്ടിച്ചു ജയിക്കുകയായിരുന്നു ജര്‍മനി. സമനിലയില്‍ അവസാനിക്കുമായിരുന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ 95ാം മിനിട്ടിലാണ് ജര്‍മനിയുടെ ടോണി ക്രൂസ് സ്വീഡന്റെ വല കുലുക്കിയത്. ഇതോടെ എഫ് ഗ്രൂപ്പ് മത്സരത്തില്‍ സ്വീഡനും ജര്‍മനിക്കും രണ്ട് കളികളില്‍നിന്നു മൂന്നു പോയിന്റ് വീതമായി. ഒരു ഗോളിന്റെ ലീഡ് വഴങ്ങിയ ശേഷമാണു ജര്‍മനിയുടെ തിരിച്ചുവരവ്. സ്വീഡനു വേണ്ടി ഒലേ ടോയ്‌വോനനും ജര്‍മനിക്കു വേണ്ടി മാര്‍കോ റൂസും ഗോളടിച്ചു. ജെറോം ബോടങ് ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്നു പത്തു പേരുമായാണു ജര്‍മനി മത്സരം പൂര്‍ത്തിയാക്കിയത്. ഫിഷ്തിലെ ഒളിമ്പിയാക്‌സി സ്‌റ്റേഡിയത്തില്‍ നടന്ന കളിയുടെ 75 ശതമാനം സമയത്തും പന്ത് ജര്‍മനിയുടെ പക്കലായിരുന്നു. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരേ തോല്‍വി ഏറ്റുവാങ്ങിയ ജര്‍മനി ഇന്നലെ കരുതലോടെയാണ് കളിച്ചത്. കഴിഞ്ഞ മത്സരത്തിലെ വിജയി ആയിരുന്നതിനാല്‍ ലോക ചാമ്പ്യനെതിരേ സമനില ധാരാളമായിരുന്നു സ്വീഡന്. രണ്ടുകളികളില്‍നിന്ന് ആറ് പോയിന്റ് നേടിയ മെക്‌സിക്കോ നോക്കൗട്ട് ഉറപ്പാക്കിയിരുന്നു. സ്വീഡിഷ് കോച്ച് യാന്‍ ഒലോഫ് ആന്‍ഡേഴ്‌സണ്‍ പൊരുതാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു സ്‌റ്റേഡിയത്തിലേക്ക് വന്നത്. കോച്ച് പ്രതീക്ഷിച്ച ഫലം 32ാം മിനിട്ടില്‍ ലഭിച്ചു. ജര്‍മന്‍ പ്രതിരോധത്തിന്റെ മന്ദതയാണു ഗോളിനു കാരണമെന്ന് വിലയിരുത്താം. മാനുവല്‍ ന്യൂയര്‍ കാവല്‍നിന്ന പോസ്റ്റിനു മുന്നില്‍ ക്ലാസണ്‍ മറിച്ചു നല്‍കിയ പന്താണ് ഒലേ ടോയ്‌വോനന്‍ ഗോളാക്കിയത്. പന്ത് നെഞ്ചു കൊണ്ടു തടുത്ത ടോയ്‌വോനന്‍ ഹാഫ് വോളിയിലൂടെ ന്യൂയറെ കീഴടക്കി. രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിട്ടില്‍ ജര്‍മനിയുടെ സമനില ഗോളെത്തി. ജൂലിയന്‍ ഡ്രാക്സ്ലര്‍ക്കു പകരം മരിയോ ഗോമസിനെ ഇറക്കാന്‍ കോച്ച് ജോക്വിം ലോ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു ഗോള്‍. പന്തുമായി സ്വീഡിഷ് ബോക്‌സിലെത്തിയ തിമോ വെര്‍ണര്‍ കൂട്ടപ്പൊരിച്ചിലിടെ റൂസിനു കൈമാറി. റൂസിന്റെ കാലില്‍ പന്തെത്തിയതു ഗോള്‍ കീപ്പര്‍ റയാന്‍ ഒലെസന്‍ അറിയാന്‍ വൈകി. പത്തു മിനിട്ടിന്റെ ഇടവേളയില്‍ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ടാണു ജെറോം ബോടങ് പുറത്തായത്. റഷ്യ ലോകകപ്പിലെ രണ്ടാമത്തെ ചുവപ്പ് കാര്‍ഡാണിത്. ലോകകപ്പില്‍ ചുവപ്പ് കാര്‍ഡ് ലഭിക്കുന്ന ഏഴാമത്തെ ജര്‍മന്‍കാരനായാണു ബോടെങ് ഡ്രസിങ് റൂമിലേക്കു മടങ്ങിയത്. ജര്‍മനി അടുത്ത മത്സരത്തില്‍ ദക്ഷിണ കൊറിയയേയും സ്വീഡന്‍ മെക്‌സിക്കോയെയും നേരിടും.

മെക്‌സിക്കോയുടെ ഉശിരുള്ള കളിത്താളത്തിന് ഇന്നലെ ലോകം സാക്ഷിയായി. ദക്ഷിണ കൊറിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മെക്‌സിക്കോ തോല്‍പ്പിച്ചത്. അങ്ങനെ ലോകകപ്പ് നോക്കൗട്ടിലേക്കുള്ള ആദ്യ ചുവടുവെക്കാന്‍ മെക്‌സിക്കോയ്ക്ക് സാധിച്ചു. എഫ്് ഗ്രൂപ്പിലെ രണ്ട് കളികളും ജയിച്ച് ആറ് പോയിന്റ് നേടിയാണ് മെക്‌സിക്കോ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. കാര്‍ലോസ് വെലയുടെയും സാവിയര്‍ ഹെര്‍ണാണ്ടസിന്റെയും ഗോളുകളാണ് ദക്ഷിണ കൊറിയയ്‌ക്കെതിരേ മെക്‌സിക്കോയുടെ ജയത്തിന് അടിത്തറയായത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിട്ടിലാണു കൊറിയ ഒരു ഗോള്‍ മടക്കിയത്്. മെക്‌സിക്കോ ആദ്യ മത്സരത്തില്‍ ലോക ചാമ്പ്യന്‍ ജര്‍മനിയെ അട്ടിമറിച്ചിരുന്നു. രണ്ട് മത്സരങ്ങളും തോറ്റ ദക്ഷിണ കൊറിയയുടെ നോക്കൗട്ട് സാധ്യത അസ്തമിച്ചു. റൊസ്‌തോവ് ഡൊണ്‍ അരീനയില്‍ നടന്ന മത്സരത്തിന്റെ ആദ്യ മിനിട്ടുകളില്‍ ഗോള്‍ വഴങ്ങേണ്ടി വന്നെങ്കിലും കൊറിയക്കാരുടെ വീര്യം കെട്ടില്ല. ലൊസാനോ കൊറിയന്‍ ഗോള്‍ മുഖത്തേക്കു നല്‍കിയ പന്ത് ഹെര്‍ണാണ്ടസിന്റെ കാലില്‍നിന്നു ക്ലിയര്‍ ചെയ്യുന്നതിനിടെ യാങ് ഹ്യുന്‍ സൂവിന്റെ കൈയില്‍ തട്ടി. പെനാല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടാന്‍ റഫറിക്ക് ഒരു മിനിട്ട് പോലും വേണ്ടി വന്നില്ല. കാവല്‍നിന്ന ചോ വീയുടെ ദിശ തെറ്റിച്ച് വെലയുടെ സ്‌പോട്ട് കിക്ക് വലയിലേക്ക്. പിന്നാലെ വെലയ്ക്കു ലീഡ് ഉയര്‍ത്താന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ചോ വീയുടെ തകര്‍പ്പന്‍ സേവ് വിഘാതമായി. 66ാം മിനിട്ടിലായിരുന്നു ഹെര്‍ണാണ്ടസിന്റെ ഗോള്‍. ലൊസാനോ ഗോള്‍ മുഖത്തേക്കു മറിച്ചു നല്‍കിയ പന്ത് രണ്ട് പ്രതിരോധ താരങ്ങളുടെ തലയ്ക്കു മുകളിലൂടെ കോരിയിട്ടാണ് ഹെര്‍ണാണ്ടസ് 50ാം രാജ്യാന്തര ഗോള്‍ പൂര്‍ത്തിയാക്കിയത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിട്ടിലായിരുന്നു കൊറിയയുടെ തിരിച്ചടി. ഹ്യൂങ് മിന്‍ സണിന്റെ ലോങ് റേഞ്ചര്‍ മുഴുനീള ഡൈവ് ചെയ്ത മെക്‌സിക്കന്‍ ഗോള്‍ കീപ്പര്‍ ഗുലിര്‍മോ ഒച്ചോവയ്ക്ക് ഒതുക്കാനായില്ല.

ഗ്രൂപ്പ് ഡി മത്സരത്തില്‍ ടുണീഷ്യയ്ക്കുമേല്‍ ഗോള്‍മഴയായി ബെല്‍ജിയത്തിന്റെ കോരിച്ചൊരിയലായിരുന്നു. ബെല്‍ജിയം പ്രീക്വാര്‍ട്ടറിലെത്തി. 5-2നാണ് ബെല്‍ജിയം ടുണീഷ്യയെ പരാജയപ്പെടുത്തിയത്. ലുക്കാക്കുവും എഡന്‍ ഹസാര്‍ഡും ബെല്‍ജിയത്തിന് വേണ്ടി ഇരട്ട ഗോളുകള്‍ നേടി. നേരത്തെ പാനമയ്‌ക്കെതിരെയും ലുക്കാക്കു ഇരട്ട ഗോള്‍ നേടിയിരുന്നു. ഇതോടെ ലുക്കാക്കുവിന്റെ ഈ ലോകകപ്പിലെ ഗോള്‍ സമ്പാദ്യം നാലായി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് എഡന്‍ ഹസാര്‍ഡാണ് ബെല്‍ജിയത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ബോക്‌സിനുള്ളില്‍ ഈഡന്‍ ഹസാര്‍ഡിനെ എതിര്‍താരം ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ടൂണിഷ്യന്‍ ഗോളിയെ കബളിപ്പിച്ച് ലക്ഷ്യത്തിലെത്തുകയായിരുന്നു തൊട്ടുപിന്നാലെ ലുക്കാക്കുവിലൂടെ ബെല്‍ജിയം ലീഡ് ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലുക്കാക്കു വീണ്ടും ഗോള്‍വല കുലുക്കി. 90ാം മിനിറ്റില്‍ മിച്ചി ബാത്ഷുവായിലൂടെ ബെല്‍ജിയം അഞ്ചാം ഗോള്‍ നേടി. 18ാം മിനിറ്റില്‍ ഡൈലന്‍ ബ്രോന്‍, 93ാം മിനിറ്റില്‍ വാബി ഖസ്‌രി എന്നിവരിലൂടെയാണ് ടുണീഷ്യ രണ്ട് ഗോള്‍ മടക്കിയത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ബെല്‍ജിയം പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ടാം തോല്‍വിയോടെ ടുണീഷ്യ ലോകകപ്പില്‍ നിന്ന് പുറത്തായി.

24-Jun-2018