ഡ്രോണുകള്‍ കൊണ്ടും കമ്പ്യൂട്ടറുകള്‍ കൊണ്ടും ഫുട്ബോള്‍ ജയിക്കാനാവില്ല : മറഡോണ
അഡ്മിൻ
അര്‍ജന്റീന : ലോകകപ്പില്‍ മങ്ങിയ പ്രകടനം കാഴ്ചവെച്ച അര്‍ജന്റീന ടീം മാനേജ്മെന്റിനെതിരെ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷനെ നയിക്കുന്നത് കളിയെപ്പറ്റി ഒരു ചുക്കും അറിയാത്തവരാണെന്ന് മറഡോണ തുറന്നടിച്ചു. ക്രൊയേഷ്യയോട് പരാജയപ്പെട്ട് പ്രീക്വാര്‍ട്ടര്‍ സാധ്യത പോലും മങ്ങിയ ടീമിന്റെ പരിശീലകന് ഹോര്‍ഗെ സാംപോളിക്കെതിരെയും മറഡോണയുടെ വിമര്‍ശനം.
അര്‍ജന്റീന പരിശീലകന് സാംപോളി 14 അസിസ്റ്റന്റുമാരെ വച്ചും ഡ്രോണുകള്‍ കൊണ്ടും കമ്പ്യൂട്ടറുകള്‍ കൊണ്ടും എല്ലാം പരിഹരിക്കുമെന്നാണ് ആളുകള്‍ കരുതിയത്. എന്നാല്‍ മിഡ്ഫീല്‍ഡിലും അറ്റാക്കിലും ഡിഫന്‍സിലും ഒരു പരിഹാരവുമുണ്ടായിട്ടില്ല. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീന പന്ത് തൊട്ടില്ലെന്നും മറഡോണ പറഞ്ഞു. തികച്ചും നാണംകെട്ട പരാജയമാണ് ലോകകപ്പില്‍ അര്ജന്റീനയ്ക്കുണ്ടായത്. ലോകമാകെയുള്ള ആരാധക വൃന്ദത്തിന്റെ പ്രതീക്ഷയാണ് ടീം മാനേജ്മെന്റ് ദാക്ഷിണ്യമില്ലാതെ തകര്‍ത്തുകളഞ്ഞത്. അര്‍ജന്റീന ടീമിനെ തിരിച്ചു കൊണ്ടുവരുന്നതിന് തനിക്ക് ടീമിന്റെ കാര്യങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാനുമുള്ള അവസരം നല്‍കണമെന്ന് മറഡോണ ആവശ്യപ്പെട്ടു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മറഡോണ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞ് അര്‍ജന്റീന മാനേജ്മെന്റിനെ വെട്ടിലാക്കിയത്.
മാനേജ്മെന്റിനെ കുറ്റപ്പെടുത്തുമ്പോഴും താരങ്ങളെ തള്ളിപ്പറയാന്‍ മറഡോണ തയ്യാറായില്ല. മോശം പ്രകടനത്തിന്റെ പേരില്‍ ലയണല്‍ മെസിയെ കുറ്റപ്പെടുത്തരുതെന്ന് മറഡോണ പറഞ്ഞു. സ്വന്തം കളി മെസി കളിച്ചിട്ടുണ്ട്. ടീമിന്റെ മോശം പ്രകടനത്തില്‍ മെസിയുടെ താളം നഷ്ടപ്പെടുകയായിരുന്നു. അതില്‍ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ടീമംഗങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ മെസിക്ക് സാധിക്കില്ല. മറഡോണ വ്യക്തമാക്കി.