അമ്മയെ ഇനി മോഹന്‍ലാല്‍ നയിക്കും
അഡ്മിൻ
കൊച്ചി : മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ നിര്‍ണായക വാര്‍ഷിക ജനറല്‍ബോഡി ഇന്ന് കൊച്ചിയില്‍. മരട് ക്രൗണ്‍പ്ലാസ ഹോട്ടലില്‍ രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യോഗത്തില്‍ അട്ടിമറികളൊന്നും സംഭവിക്കുകയില്ലെന്ന് ഔദ്യോഗിക നേതൃത്വം ഉറപ്പുവരുത്തിയിട്ടുണ്ട്.
പാര്‍ലമെന്റംഗമായ ഇന്നസെന്റ്,17 വര്‍ഷമായി തുടരുന്ന അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരന്തരം ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ ഒഴിവാക്കാതെ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍, ഈ വര്‍ഷം ഒരു കാരണവശാലും തുടരാനാവില്ലെന്ന ഇന്നസെന്റിന്റെ ആവശ്യം പരിഗണിച്ച് പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേല്‍ക്കും. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയാണ് താരങ്ങളുടെ സംഘടനയുടെ ജനറല്‍ബോഡി. അതിന് പ്രധാനകാരണായി ചൂണ്ടിക്കാട്ടുന്നത് ദിലീപിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തെ ചൊല്ലിയുണ്ടാകാനിടയുള്ള കശപിശയാണ്. ദിലീപിനെ അനുകൂലിക്കുന്ന വിഭാഗം ഇപ്പോഴും അമ്മയില്‍ സജീവമാണ്. എന്നാല്‍, യുവതാരങ്ങള്‍ ആ നീക്കത്തെ സര്‍വ്വശക്തിയുമെടുത്ത് എതിര്‍ക്കും. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സംഘടനയ്ക്ക് ക്ഷീണമാകുമെന്നാണ് മമ്മൂട്ടിയടക്കമുള്ള താരങ്ങളുടെ നിലപാട്. അതിനാലാണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
അമ്മയുടെ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവായിരിക്കും പുതിയ ജനറല്‍ സെക്രട്ടറി. മമ്മൂട്ടിയായിരുന്നു നിലവിലുള്ള ജനറല്‍സെക്രട്ടറി. മോഹന്‍ലാല്‍ പ്രസിഡന്റ് പദം ഏറ്റെടുക്കുമ്പോള്‍ മമ്മൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കേണ്ട എന്ന് അദ്ദേഹത്തിന്റെ അടുപ്പമുള്ള വൃത്തങ്ങള്‍ നിര്‍ബന്ധിച്ചതിനാലാണ് മമ്മൂട്ടി ആ സ്ഥാനം വെച്ചൊഴിയുന്നത്. സിദ്ദിക്ക് സെക്രട്ടറിയായും എം എല്‍ എമാര്‍ കൂടിയായ ഗണോഷ്കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായും ചുമതലയേല്‍ക്കും. ട്രഷററായിരുന്ന ദിലീപിന് പകരം ജഗദീഷ് ചുമതലയേല്‍ക്കും. നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്പപെട്ടതിനെ തുടര്‍ന്ന് സംഘടനയ്ക്ക് വെളിയിലായ ദിലീപിനെ തിരുകി കയറ്റാനുള്ള ഏതെങ്കിലും പഴുതുണ്ടെങ്കില്‍ അത് ഉപയോഗിക്കുമെന്നാണ് സൂചന. പക്ഷെ, പൊതു നിലപാടില്‍ നിന്ന് പിന്നോക്കം പോയാല്‍ അത് പ്രതിച്ഛായയെ ബാധിക്കുമെന്ന് മോഹന്‍ലാല്‍ എക്സിക്യുട്ടീവ് കമ്മറ്റിയില്‍ അഭിപ്രായപ്പെട്ടു. ലാലിന്റെ ആ അഭിപ്രായത്തോട് മറ്റുള്ളവരും ഐക്യപ്പെടുകായിരുന്നു.
വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് സജീവമായ സാഹചര്യത്തില്‍ അമ്മയുടെ നിര്‍വാഹക സമിതിയില്‍ കൂടുതല്‍ വനിതാ താരങ്ങളെ ഉള്‍പ്പെടുത്താനാണ് സാധ്യത. നിലവിലുള്ള രമ്യാനമ്പീശനെ മാറ്റിയേക്കും. ശ്വേത മേനോന്, ഹണി റോസ്, രചന നാരായണന്‍കുട്ടി, മുത്തുമണി എന്നിവര്‍ പുതിയ എക്സിക്യൂട്ടീവിലെത്തും. പുതിയ എക്സിക്യുട്ടീവിലേക്ക് ഇന്ദ്രന്‍സിനെയും സുധീര്കരമനയെയും എടുക്കാന്‍ മോഹന്‍ലാല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ടിനി ടോമിനെ ഉള്‍പ്പെടുത്തണമെന്ന് മ്മമൂട്ടിയും പറഞ്ഞു. ഇവര്‍ പുതിയ കമ്മറ്റിയില്‍ വരാനാണ് സാധ്യത.
ശനിയാഴ്ച രാത്രി ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തില്‍ ജനറല്‍ബോഡിയുടെ അജണ്ട തീരുമാനിച്ചു. ഭാരവാഹികളുടെ സ്ഥാനാരോഹണമാണ് പ്രധാന അജണ്ട. യോഗത്തിന്റെയും ചര്‍ച്ചയുടെയും രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്ന് അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും ഫേസ്ബുക്ക് ലൈവ് വഴി ജനറല്‍ബോഡി പരസ്യപ്പെടുത്തുമെന്ന് തീരുമാനിച്ചിട്ടുണ്ട്.
24-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ