കൊച്ചി : വരാപ്പുഴ സംഭവത്തിന്റെ പേരില്‍ ചില മാധ്യമങ്ങള്‍ കൊടുക്കുന്ന വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഒരു വലിയ സഖാവിന്റെയും ഇടപെടല്‍ ഉണ്ടായിട്ടില്ല. എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ ആത്മഹത്യയിലും സിപിഐ എം പ്രതിക്കൂട്ടിലല്ല. ശ്രീജിത്തുമായും അദ്ദേഹത്തിന്റെ കുടുംബവുമായും പാര്‍ട്ടിക്ക് ഒരുതരത്തിലുള്ള പ്രശ്‌നവും ഒരിക്കലും ഉണ്ടായിട്ടില്ല. വസ്തുതകള്‍ ഇങ്ങനെയാണെങ്കിലും ചില മാധ്യമങ്ങള്‍ സിപിഐ എം വേട്ട ലക്ഷ്യമിട്ട് വാര്‍ത്തകള്‍ ചമയ്ക്കുകയാണ് സി എന്‍ മോഹനന്‍ പറഞ്ഞു.
പോലീസ് സേനയിലെ ചിലരുടെ പ്രവൃത്തികള്‍ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായുള്ളതല്ല. അതുകൊണ്ടാണ് പല പോലീസുകാരും അറസ്റ്റിലാവുന്നത്. ഇത് പോലീസിന്റെ ആത്മവീര്യം കുറയ്ക്കുകയല്ല, അവരെ ജാഗ്രവത്താക്കുകയാണ് ചെയ്യുന്നത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാരിന്റെ ഭാഗമായി പോലീസ് നില്‍ക്കുമ്പോള്‍ അവരും ആ ഉത്തരവാദിത്തം കാണിക്കേണ്ടി വരും. ആ തിരിച്ചറിവ് ഉണ്ടായാല്‍ ആത്മവീര്യം ചോരാതെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും മോഹനന്‍ പറഞ്ഞു.