അര്‍ജന്റീന ആരാധകന്‍ ദീനുവിന്റെ മൃതദേഹം കണ്ടെടുത്തു.

കോട്ടയം : അര്‍ജന്റീന ആരാധകന്‍ ദീനു അലക്‌സിന്റെ മൃതദേഹം കണ്ടെത്തി. ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനം നൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം വീടുവിട്ടിറങ്ങുകയായിരുന്നു ദിനു. കോട്ടയം ഇല്ലിക്കലില്‍നിന്നാണ് ആറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ദീനു അലക്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. ദിനുവിന്റെ ഫോണ്‍ അറുമാനൂര്‍ കടവില്‍നിന്നു കിട്ടിയിരുന്നു. വെള്ളി പുലര്‍ച്ചെ മുതലാണു ദീനുവിനെ കാണാതായത്.

ഇന്നലെ എട്ടു മണിക്കൂറോളം അഗ്‌നിശമന സേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയിരുന്നു. കനത്തമഴയെ തുടര്‍ന്നു സ്പീഡ് ബോട്ട് ഉള്‍പ്പെടെ കൊണ്ടുവന്നായിരുന്നു തിരച്ചില്‍. ആറുമാനൂര്‍ മുതല്‍ പൂവത്തുംമൂട് വരെയും നാഗമ്പടം പാലത്തിനു സമീപഭാഗത്തും ഇന്നലെ തിരച്ചില്‍ നടത്തി. വള്ളങ്ങളിലായി നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളായി. കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ പൊലീസ് നായ ആറുമാനൂര്‍ കടവിലേക്കുതന്നെ രണ്ടുവട്ടവും മണം പിടിച്ച് ഓടിയതിനാലാണ് ആറ്റില്‍ പ്രധാനമായും തിരഞ്ഞത്.

റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ കഴിഞ്ഞ ദിവസം അര്‍ജന്റീന പരാജയപ്പെട്ടപ്പോഴാണ് ദീനുവിനെ കാണാതായത്. പഴ്‌സും എടിഎം കാര്‍ഡും വീട്ടില്‍ ഉപേക്ഷിച്ചാണ് ദുഖം സഹിക്കാനാവാതെ ദീനു വീടുവിട്ടിറങ്ങിയത്. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കടുത്ത മെസി ആരാധകന്‍ കൂടിയായ ദീനുവിന്റെ പുസ്തകങ്ങളിലെല്ലാം അര്‍ജന്റീനയെക്കുറിച്ചും മെസിയെക്കുറിച്ചും ഉള്ള കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. മെസിയുടെ കളി മികവ് ഉയരാത്തതിനാല്‍ പല കൂട്ടുകാരോടും സങ്കടം പറഞ്ഞിരുന്നു. ആദ്യത്തെ കളിയില്‍ അര്‍ജന്റീന സമനില വഴങ്ങിയപ്പോള്‍ അടുത്തകളിയില്‍ തിരിച്ചുവരുമെന്ന് കരുതിയ ദീനുവിന് മെസിയുടെയും സംഘത്തിന്റെയും തോല്‍വി താങ്ങാനാകാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

24-Jun-2018