ഓടിച്ചെന്ന് കുശലാന്വേഷണം നടത്താനുള്ള പദവിയല്ല പ്രധാനമന്ത്രിയുടേത് : ഒ രാജഗോപാല്‍ എം എല്‍ എ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോഡി കാണാനുള്ള അനുമതി നിഷേധിച്ച സംഭവം വിവാദമായ പശ്ചാത്തലത്തില്‍ കേരളത്തിലെ ഏക ബി ജെ പി എം എല്‍ എ, ഒ രാജഗോപാല്‍ മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി യോഗത്തിനു പോകുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കയറി കണ്ടേക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതുന്നതിനു പിന്നില്‍ മറ്റു പല ഉദ്ദേശ്യങ്ങളും കാണുമെന്നും യാത്ര ഔദ്യോഗികമാക്കുന്നതു കൊണ്ട് ഗുണമുണ്ടാകും പക്ഷേ, അതിനു പ്രധാനമന്ത്രി നിന്നു തരണമെന്നു ചിന്തിക്കുന്നിടത്താണു പ്രശ്‌നമെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെന്നു കുശാലാന്വേഷണം നടത്താവുന്ന പദവിയല്ല പ്രധാനമന്ത്രിയുടേതെന്നും രാജഗോപാല്‍ കൂട്ടിചേര്‍ത്തു. കേരളത്തോടുള്ള പ്രധാനമന്ത്രിയുടെ അവഗണനയെ നിസ്സാരമായി കാണില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടാണ് രാജഗോപാല്‍ പ്രതികരിച്ചത്.

നരേന്ദ്രമോഡി സര്‍ക്കാരിന് കേരളത്തോടു രാഷ്ട്രീയ വിരോധമാണെന്ന പിണറായി വിജയന്റെ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണ്. പിണറായിയുടെ മോഡിവിരോധം മാത്രമാണ് പ്രസ്താവനയ്ക്കു പിന്നില്‍. കേരളത്തോട് എന്തു വിരോധമാണു കേന്ദ്ര സര്‍ക്കാര്‍ കാട്ടിയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയം വകുപ്പുമന്ത്രിക്കു കൈകാര്യം ചെയ്യാനുള്ളതേയുള്ളൂ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. സഹപ്രവര്‍ത്തകരുടെ കാര്യപ്രാപ്തിയിലുള്ള പ്രധാനമന്ത്രിയുടെ വിശ്വാസമാണ് അതു തെളിയിക്കുന്നത്. കേരളത്തിനാവശ്യമായ കാര്യം സാധിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ മുഖ്യമന്ത്രി കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണണമായിരുന്നു. ചുരുങ്ങിയ പക്ഷം, മുഖ്യമന്ത്രിക്കു മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഉപദേശമെങ്കിലും ഇക്കാര്യത്തില്‍ തേടാമായിരുന്നു. പിണറായി മോഡി വിരുദ്ധ പ്രസ്താവന നടത്തുമ്പോള്‍ വി എസ് കേന്ദ്ര റയില്‍മന്ത്രി പീയുഷ് ഗോയലുമായി ചര്‍ച്ച നടത്തി പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നുവെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രിയെയല്ല ആരെയും കാണാന്‍ തയാറുള്ള ആളാണ് പ്രധാനമന്ത്രി. അദ്ദേഹം ചെറിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, വിശാലമായ ഭാരതത്തിന്റെ പ്രധാനമന്ത്രിയാണ്. സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന കാര്യം നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷിയായ ബി ജെ പി അറിഞ്ഞിട്ടില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഉദ്ദേശ്യമില്ലെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അറിയിച്ചിട്ടുണ്ട്. കാര്യങ്ങള്‍ അച്യുതാനന്ദനു ബോധ്യപ്പെട്ടുവെങ്കിലും പിണറായിക്കു ബോധ്യപ്പെട്ടിട്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

24-Jun-2018