എ ആര്‍ സിന്ധു സിപിഐ എം കേന്ദ്രകമ്മറ്റിയില്‍

ന്യൂഡല്‍ഹി : സിപിഐ എം കേന്ദ്ര കമ്മിറ്റിയിലേക്ക് സി ഐ ടി യു സെക്രട്ടറി എ ആര്‍ സിന്ധുവിനെ കോ ഓപ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗമാണ് കേന്ദ്ര കമ്മിറ്റിയിലെ ഒഴിവിലേക്ക് സിന്ധുവിനെ ഉള്‍പ്പെടുത്തിയത്. 1996 മുതല്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് എ ആര്‍ സിന്ധുവിന്റെ പ്രവര്‍ത്തനം. 2012 മുതല്‍ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സിന്റെ ജനറല്‍ സെക്രട്ടറിയാണ്. രാജ്യത്തുടനീളം ഉയര്‍ന്നുവരുന്ന അംഗന്‍വാടി തൊഴിലാളി സമരങ്ങളുടെ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ് എ ആര്‍ സിന്ധു.

കോട്ടയം പൊന്‍കുന്നം സ്വദേശിയാണ് എ ആര്‍ സിന്ധു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. വാഴൂര്‍ എന്‍എസ്എസ് കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ എസ്എഫ്‌ഐയില്‍ സജീവമായി. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. 199091ല്‍ എംജി സര്‍വകലാശാലാ വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യാ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ പി കൃഷ്ണപ്രസാദാണ് സിന്ധുവിന്റെ ഭര്‍ത്താവ്.

 

24-Jun-2018