ആരാണീ ശ്രീനിവാസന്‍? രാഹുല്‍ ഗാന്ധിയോട് വി എം സുധീരന്‍

തിരുവനന്തപുരം : മലയാളിയായ ശ്രീനിവാസന്‍ കൃഷ്ണനെ എ ഐ സി സി സെക്രട്ടറിയായി നിയമിച്ചതില്‍ പ്രതിഷേധിച്ച് മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ രംഗത്ത്. തെലങ്കാനയുടെ ചുമതലയാണ് ശ്രീനിവാസന് നല്‍കിയിരിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെ സുധീരന്‍ തന്റെ പ്രതിഷേധം പരസ്യപ്പെടുത്തുകയും ചെയ്തു. എ ഐ സി സി പ്രസിഡന്റ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസിനകത്ത് സ്വജനപക്ഷപാദം കാണിക്കുന്നു എന്നതിന്റെ തെളിവായി പല കോണ്‍ഗ്രസ് നേതാക്കളും ശ്രീനിവാസന്റെ അധികാര ലബ്ധിയെ കാണുന്നുണ്ട്. എ ഐ സി സി നടപടിയോടുള്ള വിയോജിപ്പ് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചതായി വി എം സുധീരന്‍ വെളിപ്പെടുത്തി.

വി എം സുധീരന്റെ വിമര്‍ശനത്തിന്റെ പൂര്‍ണരൂപം:

"കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന സഹായികളില്‍ പ്രമുഖനായി നമ്മുടെ നേതാവ് എ കെ ആന്റണി നിലകൊള്ളുന്നു എന്നതു നമുക്കെല്ലാം അഭിമാനകരമാണ്. ജനാധിപത്യ മതേതര മുന്നേറ്റത്തിനായി ആവേശകരമായി നേതൃത്വം കൊടുക്കുന്ന രാഹുല്‍ജിയെ ലക്ഷ്യത്തില്‍ എത്തിക്കുന്നതില്‍ സഹായകമായി കെ സി വേണുഗോപാലും പി സി വിഷ്ണുനാഥും നിയോഗിക്കപ്പെട്ടതും ഏല്‍പിക്കപ്പെട്ട ചുമതല തങ്ങളാലാവും വിധം ഭംഗിയായി നിറവേറ്റുന്നതും സന്തോഷത്തോടെയാണ് നമ്മളെല്ലാവരും കാണുന്നത്.

കഠിനാധ്വാനിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച് ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നിയോഗിച്ചതും നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നല്ല കാര്യമാണ്.

എന്നാല്‍, ഇപ്പോള്‍ ഒരു ശ്രീനിവാസന്‍ എ ഐ സി സി സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അദ്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്. ആരാണീ ശ്രീനിവാസന്‍ എന്ന ചോദ്യമാണ് വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സില്‍ ഉയരുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്തു മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാള്‍ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു? ഏതായാലും പിന്‍വാതിലില്‍ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതും തെറ്റായ സന്ദേശം നല്‍കുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുല്‍ജിയെ അറിയിച്ചിട്ടുണ്ട്"– സുധീരന്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.

സുധീരന്റെ ഈ കുറിപ്പ് എ ഐ സി സിയുടെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരായും കോണ്‍ഗ്രസിനകത്ത് വിമര്‍ശനങ്ങള്‍ ഉയരുമെന്നതിന്റെ സൂചനയാണ്. അതേസമയം രാഹുലിന്റെ സഹോദരി പ്രിയങ്കയുടെ ഭര്‍ത്താവ് വധേരയുടെ ബിനാമിയാണ് ശ്രീനിവാസനെന്ന് കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ വധേരയുടെ കമ്പനിയ്ക്കുവേണ്ടി വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടുന്നതില്‍ ശ്രീനിവാസനാണ് നേതൃത്വം നല്‍കിയതെന്നാണ് പറയപ്പെടുന്നത്. സോണിയാഗാന്ധി എ ഐ സി സി പ്രസിഡന്റായിരിക്കുമ്പോള്‍ ശ്രിനിവാസന് വേണ്ടി വളരെ ചെറിയ കാര്യങ്ങള്‍ക്കുവേണ്ടി പോലും ഇടപെടല്‍ നടത്തിയിരുന്നു എന്നും പറയുന്നുണ്ട്. കൊച്ചി സെന്റ്‌തെരേസാ കോളേജിലെ പ്രൊഫസറായ ശ്രീനിവാസന്റെ ഭാര്യയുടെ വഴിവിട്ട പ്രമോഷന് വേണ്ടി പോലും സോണിയാഗാന്ധിയുടെ ഓഫീസ് വഴിവിട്ട് ഇടപെടല്‍ നടത്തിയിരുന്നു എന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്.

25-Jun-2018