ദിലീപ് തിരികെ അമ്മയില്‍. പ്രമുഖരെല്ലാം ദിലീപിന്റെ കൂടെ

കൊച്ചി : നടിയെ അക്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുത്തു. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയാണ് ഏകകണ്ഠമായി ഈ തീരുമാനം കൈക്കൊണ്ടത്. ജനറല്‍ബോഡിക്ക് തലേന്നാള്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗം ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയും തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും പ്രമുഖ ഇടതുപക്ഷ ജനപ്രതിനിധികളുമൊക്കെ ദിലീപിനെ അനുകൂലിക്കുന്ന ചേരിയിലാണുള്ളത്. എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ സ്ഥാനമൊഴിഞ്ഞ ഒരു ഭാരവാഹിയാണ്് ദിലീപ് വിഷയം എടുത്തിട്ടത്. അപ്പോള്‍ എല്ലാവരും അതിനെ ശക്തമായി പിന്തുണച്ച് സംസാരിച്ചു. തുടര്‍ന്നാണ് ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനമുണ്ടായത്. നേരത്തെ മാധ്യമങ്ങള്‍ വിചാരണ ചെയ്‌തൊരു പ്രമുഖന്‍ മാധ്യമങ്ങളെ ജനറല്‍ബോഡിയില്‍ പ്രവേശിപ്പിക്കേണ്ട എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അതും ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു. എക്‌സിക്യുട്ടീവ് യോഗം കഴിഞ്ഞുള്ള അനൗപചാരിക യോഗത്തില്‍ സ്ഥാനമൊഴിഞ്ഞ ഭാരവാഹിയും നടന്‍ ദിലീപുമായുള്ള സംഭാഷണം സ്പീക്കര്‍ഫോണിലിട്ടാണ് എല്ലാവരും കേട്ടത്. അവിടെ വെച്ചാണ് ഊര്‍മ്മിള ഉണ്ണിയെ ജനറല്‍ബോഡിയില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ജനറല്‍ ബോഡിയില്‍ നടി ഊര്‍മിള ഉണ്ണി തന്നെയാണ് ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചത്. ദിലീപിനെ പുറത്താക്കാന്‍ തിടുക്കപ്പെട്ട് എടുത്ത തീരുമാനം സംഘടനാ ചട്ടപ്രകാരമല്ലായിരുന്നെന്നും സാങ്കേതികമായി നിലനില്‍ക്കില്ലെന്നും പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും അപ്പോള്‍ അഭപ്രായപ്പെട്ടു. ദിലീപിനെ പുറത്താക്കിയത് തെറ്റായെന്നു സ്ഥാപിക്കാന്‍ മുന്‍പ് ജഗതി ശ്രീകുമാറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ജനറല്‍ബോഡിയില്‍ അഭിപ്രായമുയര്‍ന്നു. നേരത്തെ പുറത്താക്കല്‍ പ്രഖ്യാപിച്ച മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ ജനറല്‍ബോഡിയില്‍ മിണ്ടാതിരിക്കുകയായിരുന്നു. മോഹന്‍ലാല്‍ പതിവുപോലെ ചിത്രം വരച്ചുകൊണ്ടിരുന്നപ്പോള്‍, മമ്മൂട്ടി മൊബൈല്‍ഫോണില്‍ പുതിയ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയായിരുന്നു.

ജനറല്‍ബോഡിയില്‍ കാര്യമായ ചര്‍ച്ചകളൊന്നുമില്ലാതെയാണ് കഴിഞ്ഞ കമ്മിറ്റിയില്‍ ട്രഷററായിരുന്ന ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. ഉച്ചയ്ക്കു ശേഷം ചേര്‍ന്ന പുതിയ നിര്‍വാഹക സമിതി യോഗം ജനറല്‍ബോഡി തീരുമാനത്തെ ശരിവെച്ചു. ശ്വേത മേനോന്‍, ഹണി റോസ്, രചന നാരായണന്‍കുട്ടി, മുത്തുമണി എന്നീ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ദിലീപിനുവേണ്ടി സംസാരിക്കുകയും ചെയ്തു.

ചില യുവതാരങ്ങള്‍ അമ്മയുടെ ജനറല്‍ബോഡിയില്‍ പങ്കെടുക്കാതിരുന്നത് നേരത്തെയുണ്ടാക്കിയ ധാരണയുടെ പുറത്താണെന്നാണ് സൂചനകള്‍. തങ്ങളുടെ പ്രതിച്ഛായ നിലനിര്‍ത്താനും എന്നാല്‍, ദിലീപിന് അനുകൂലമായ തീരുമാനമുണ്ടാക്കാനും ആ വിട്ടുനില്‍ക്കലിലൂടെ സാധിച്ചു. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്നു രൂപീകരിക്കപ്പെട്ട മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു സി സി അംഗങ്ങളാരും ജനറല്‍ബോഡിയില്‍ പങ്കെടുത്തിരുന്നില്ല.

25-Jun-2018