സമനിലകള്‍ തെളിയിക്കുന്നു ആരും മോശമല്ല

റഷ്യ : മൂന്നു കളികളില്‍നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റ് നേടിയ സ്‌പെയിന്‍ ബി ഗ്രൂപ്പില്‍ ആധിപത്യം ഉറപ്പിച്ചു. പോര്‍ചുഗലിനും അഞ്ച് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായതിനാല്‍ രണ്ടാമനായി. ഇറാന്‍ നാലു പോയിന്റുമായും മൊറോക്കോ ഒരു പോയിന്റുമായും ലോകകപ്പിനോടു വിട പറഞ്ഞു. എ ഗ്രൂപ്പിലെ ഒന്നാമനായ യുറുഗ്വേയാണ് പോര്‍ചുഗലിനെ പ്രീ ക്വാര്‍ട്ടറില്‍ നേരിടുക. എ ഗ്രൂപ്പിലെ രണ്ടാമനായ റഷ്യ സ്‌പെയിന്റെ പ്രീ ക്വാര്‍ട്ടറിലെ എതിരാളിയാണ്. തോല്‍വിയില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടാണു സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഇഞ്ചുറി ടൈമിലെ സമനില ഗോളുകള്‍ ഏല്‍പ്പിച്ച ആഘാതത്തിലാണ് ബി ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചത്. പോര്‍ചുഗല്‍ ഇറാനോട് 1-1 നും മുന്‍ ലോക ചാമ്പ്യന്‍ സ്‌പെയിന്‍ മൊറോക്കോയോട് 2-2 നുമാണു സമനില വഴങ്ങിയത്.

ആന്ദ്രെ ഇനിയെസ്റ്റയും സെര്‍ജിയോ റാമോസും തമ്മിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്താണു പതിനാലാം മിനിട്ടില്‍ ബൗതായ്ബ് ഗോളടിച്ചത്. 19ാം മിനിട്ടില്‍ ഇസ്‌കോയിലൂടെ സ്‌പെയിന്‍ സമനില പിടിച്ചു. 81ാം മിനിട്ടിലാണു ഫാജിറിന്റെ ക്രോസില്‍നിന്ന് എന്‍ നെസ്‌റി ഗോളടിച്ചത്. നെസ്‌റിയുടെ ഹെഡര്‍ തടുക്കാന്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയ്ക്കു കഴിഞ്ഞില്ല. മത്സരത്തിന്റെ 25 ശതമാനം സമയത്തു മാത്രമാണു മൊറോക്കോയ്ക്കു പന്ത് കൈവശം വയ്ക്കാനായത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിട്ടിലാണ് ഇയാഗോ അസ്പാസ് സമനില ഗോളടിച്ചത്.

അതേസമയം സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ റിക്കാഡോ ക്വാരിസ്മയാണു പോര്‍ചുഗലിനു വേണ്ടി ഗോളടിച്ചത്. 52ാം മിനിട്ടില്‍ ഹാജി സാഫിയുടെ ഫൗളിനാണു പെനാല്‍റ്റി ലഭിച്ചത്. ക്രിസ്റ്റിയാനോയുടെ സ്‌പോട്ട് കിക്ക് ഇറാന്‍ ഗോള്‍ കീപ്പര്‍ അലി ബെയ്‌റാന്‍വന്ദ് തടുത്തു. പോസ്റ്റിന്റെ ഇടതു മൂലയിലേക്കുള്ള ഷോട്ട് ബെയ്‌റാന്‍വന്ദ് കണക്കു കൂട്ടിയപോലെ തന്നെയായിരുന്നു. ഈ ലോകകപ്പിലെ 19ാം പെനാല്‍റ്റിയായിരുന്നു അത്. റഷ്യ ലോകകപ്പില്‍ പെനാല്‍റ്റി പാഴാക്കുന്ന അഞ്ചാമത്തെ താരമാണു ക്രിസ്റ്റിയാനോ. പോര്‍ചുഗലിനു നോക്കൗട്ടില്‍ കടക്കാന്‍ സമനില മാത്രം മതിയായിരുന്നു. 

ഇറാന് പക്ഷേ ജയത്തില്‍ കുറഞ്ഞ ഒന്നും പര്യാപ്തവുമായിരുന്നില്ല. പോര്‍ച്ചുഗല്‍ രക്ഷപ്പെടുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ഇറാന്‍ പെനല്‍റ്റിയിലൂടെ സമനില പിടിച്ചത്. അവാസാന നിമിഷങ്ങളില്‍ തീര്‍ത്തും പരുക്കുനായ കളിയില്‍ റൊണാള്‍ഡോയടക്കം പോര്‍ച്ചുഗലിന്റെ നാലു താരങ്ങളും ഇറാന്റെ രണ്ടു താരങ്ങളും മഞ്ഞക്കാര്‍ഡ് കണ്ടു.

ഈജിപ്തിനെയും സൗദി അറേബ്യയെയും നാണം കെടുത്തിയ റഷ്യക്ക് ലാറ്റിനമേരിക്കന്‍ ശക്തിയായ യുറുഗ്വേയ്ക്കു മുന്നില്‍ അടിതെറ്റി. ലൂയിസ് സുവാരസും എഡിന്‍സണ്‍ കാവാനിയും മുന്നേറി കളിച്ചു. നാന്‍ഡസ്, വെസിനോ, ടോറീയ, ബെന്റാകുര്‍, ഡീഗോ ലക്‌സാല്‍ട്ട് എന്നിവരാണു മധ്യനിരയില്‍ കളിച്ചത്. ആര്‍ടെം ഡൈസ്യൂബയെ മുന്‍നിര്‍ത്തിയാണു റഷ്യ ഇറങ്ങിയത്. ഇഗോര്‍ സ്‌മോലിങ്കോവ് ചുവപ്പ് കാര്‍ഡുമായി പുറത്തായതു നോക്കൗട്ടില്‍ റഷ്യക്കു പ്രതിസന്ധിയാകും. ബി ഗ്രൂപ്പിലെ രണ്ടാമനാകും യുറുഗ്വേയെ നോക്കൗട്ടില്‍ നേരിടുക. ബി ഗ്രൂപ്പിലെ ഒന്നാമനാണു റഷ്യയെ നേരിടാന്‍ യോഗമുണ്ടാകുക. സമാറ അരീനയില്‍ നടന്ന മത്സരത്തില്‍ 58 ശതമാനം സമയത്തും പന്ത് യുറുഗ്വേക്കാരുടെ പക്ഷത്തായിരുന്നു. റഷ്യക്കാരുടെ കാലുകളിലും പന്തെത്തിയെങ്കിലും ഗോളിലേക്കു ഷോട്ടുകള്‍ കുറവായി. 10ാം മിനിട്ടില്‍ സ്റ്റാര്‍ സ്‌െ്രെടക്കര്‍ ലൂയിസ് സുവാരസിലൂടെ യുറുഗ്വേ മുന്നിലെത്തി. സുവാരസിന്റെ ലോകകപ്പിലെ ഏഴാം ഗോളായിരുന്നു അത്. യുറുഗ്വേയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളടിക്കുന്ന ഓസ്‌കാര്‍ മിഗൂസിന്റെ റെക്കോഡിന് ഒപ്പമെത്താന്‍ അദ്ദേഹത്തിന് ഒരു ഗോള്‍ കൂടി മതി. ബോക്‌സിന് പുറത്തുനിന്നു സുവാരസ് തൊടുത്ത ഫ്രീകിക്ക് പ്രതിരോധക്കാരെയും ഗോള്‍ കീപ്പറെയും മറികടന്ന് വലയിലെത്തി. ലോകകപ്പിലെ ആദ്യ ഗോളടിച്ച യൂറി ഗസിന്‍സ്‌കി കവാനിയെ ഫൗള്‍ ചെയ്തതിനായിരുന്നു ഫ്രീകിക്ക്. 23ാം മിനിട്ടില്‍ ഡെന്നിസ് ചെറിഷേവിലൂടെ റഷ്യ സെല്‍ഫ് ഗോള്‍ വഴങ്ങി. ലക്‌സാല്‍ട്ടിന്റെ ഷോട്ട് വഴിതിരിച്ചു വിടാനുള്ള ശ്രമത്തിനിടെയാണു ചെറിഷേവ് സ്വന്തം പോസ്റ്റിലേക്കു പന്തടിച്ചത്. ചെറിഷേവിന്റെ സെല്‍ഫ് ഗോള്‍ നായകനും ഗോള്‍ കീപ്പറുമായ ഇഗോര്‍ അകിന്‍ഫീവിന് തടയാന്‍ കഴിയുന്നതിന്റെ അപ്പുറമായിരുന്നു. തൊട്ടു പിന്നാലെ ബെന്റാകുറിന്റെ കനത്ത ഷോട്ട് ഉജ്വലമായി തടുത്ത് അകിന്‍ഫീവ് തന്റെ ടീമിന്റെ തോല്‍വി ഭാരം കുറച്ചു. മുപ്പത്തിയാറാം മിനിട്ടിലാണു രണ്ടാം മഞ്ഞ കണ്ട സ്‌മോലിങ്കോവ് പുറത്തായത്. മുഴുവന്‍ സമയം തീരാനിരിക്കേയാണു കാവാനി ഗോളടിച്ചത്. റഷ്യന്‍ ഗോള്‍ മുഖത്തേക്കു വന്ന പന്ത് ഡീഗോ ഗോഡിന്‍ ഹെഡ് ചെയ്‌തെങ്കിലും അകിന്‍ഫീവ് തട്ടിയിട്ടു. പന്ത് കിട്ടിയതു കാവാനിയുടെ പാകത്തിന്. മൂന്നു ലോകകപ്പുകളില്‍ ഗോളടിക്കുന്ന (2010, 2014 കൂടാതെ റഷ്യ ലോകകപ്പ്) രണ്ടാമത്തെ യുറുഗ്വേ താരമെന്ന നേട്ടമാണു കാവാനി ഇന്നലെ സ്വന്തമാക്കിയത്. ലൂയിസ് സുവാരസാണ് ഒന്നാമന്‍.

വോള്‍ഗോഗ്രാഡില്‍ നടന്ന മത്സരത്തിന്റെ അവസാന സെക്കന്‍ഡില്‍ സാലേം അല്‍ ദവാസരി നേടിയ ഗോളിലാണു സൗദി അറേബ്യ ഈജിപ്തിനെ തോല്‍പ്പിച്ചത്. ഈജിപ്തിനു വേണ്ടി മുഹമ്മദ് സല 22ാം മിനിട്ടില്‍ ഗോളടിച്ചിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ സല്‍മാന്‍ അല്‍ ഫറാജ് പെനാല്‍റ്റി ഗോളാക്കി തിരിച്ചടിച്ചു. അക്കൗണ്ട് തുറക്കാതെയാണു മുഹമ്മദ് സലയും കൂട്ടരും റഷ്യയില്‍നിന്നു മടങ്ങുന്നത്.

26-Jun-2018