ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും

അയോധ്യ : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ആര്‍ എസ് എസ് പ്രചാരകനുമായ യോഗി ആദിത്യനാഥ്. അയോധ്യയില്‍ സംഘടിപ്പിച്ച സന്യാസിമാരുടെ യോഗത്തിലാണ് യോഗി തീരുമാനം പ്രഖ്യാപിച്ചത്. ക്ഷേത്രനിര്‍മാണത്തിനായി ക്ഷമയോടെ കാത്തിരിക്കാന്‍ ആദിത്യനാഥ് ആവശ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണത്തിനായി എന്തുവിലകൊടുക്കാനും തയ്യാറാവണമെന്ന് നേരത്തെ അയോധ്യാ നേതാവും മുന്‍ ബി ജെ പി ജനപ്രതിനിധിയുമായ രാം വിലാസ് വേദാന്തി ആഹ്വാനം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ആദിത്യനാഥിന്റെ പ്രഖ്യാപനം. നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും ജനാധിപത്യത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്നും അത് മനസില്‍വെച്ച് പ്രവര്‍ത്തിക്കണമെന്നും പറഞ്ഞ ആദിത്യനാഥ്, ക്ഷേത്രം പണിയുന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അവസരം പാര്‍ത്ത് കാത്തിരിക്കണമെന്നും പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ ക്ഷേത്രം തകര്‍ത്തത് ഏതെങ്കിലും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലെന്നും ബാബറി മസ്ജിദ് തകര്‍ത്തതും കോടതി ഉത്തരവു പ്രകാരമല്ലെന്നും നേരത്തെ വേദാന്തി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. കോടതി ഉത്തരവിനെ കാത്തിരിക്കാതെ രാമന്റെ ജന്മദേശത്ത് ക്ഷേത്രം നിര്‍മിക്കുമെന്നും നിര്‍മാണത്തിന് കോടതി അനുവദിക്കുകയാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ മറ്റ് വഴി നോക്കുമെന്നും വേദാന്തി പറഞ്ഞു.

26-Jun-2018