'മെസി'ഹാ ഉണര്‍ന്ന രാത്രി

റഷ്യ : ലോകമാകെ കാത്തിരുന്ന വിജയം അര്‍ജന്റീനയെ തേടിയെത്തി. മെസിയെന്ന ഫുട്‌ബോള്‍ മിശിഹ കളിക്കളത്തില്‍ അനുഗ്രഹം വര്‍ഷിച്ചു. ഫുട്‌ബോളിന്റെ മാസ്മരിക കളിസൗന്ദര്യം പുറത്തെടുത്ത മെസിയും സംഘവും മൈതാനത്ത് രചിച്ചത് കവിതപോല്‍ മനോഹരമായ കാല്‍പ്പന്തിന്റെ മാധുര്യം. ഇതോടെ ഗ്രൂപ്പ് ഡിയിലെ ആവേശകരമായ മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. വിജയികള്‍ക്കു വേണ്ടി നായകന്‍ ലയണല്‍ മെസിയും മാര്‍ക്കോസ് റോഹോയും ലക്ഷ്യം കണ്ടപ്പോള്‍ ആഫ്രിക്കന്‍ ടീമിനു വേണ്ടി വിക്ടര്‍ മോസസാണ് ആശ്വാസഗോള്‍ നേടിയത്.

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് സ്‌റ്റേഡിയത്തിലെ മത്സരത്തിന്റെ 14ാം മിനിറ്റില്‍ തന്നെ നായകന്റെ റോള്‍ ഭംഗിയാക്കിയ മെസി ടീമിനെ മുന്നിലെത്തിച്ചു. നൈജീരിയന്‍ പ്രതിരോധത്തിനു മുകളിലൂടെ ബനേഗ നല്‍കിയ തകര്‍പ്പനൊരു പാസ് പിടിച്ചെടുത്ത മെസി ഉജ്വലമായൊരു വലങ്കാലനടിയിലൂടെ വലകുലുക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്തിയ അവര്‍ പക്ഷേ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഞെട്ടി. 52ാം മിനിറ്റില്‍ റഫറി വിളിച്ച അവിശ്വസനീയമായ ഒരു പെനാല്‍റ്റിയിലൂടെ നൈജീരിയ ഒപ്പമെത്തി. നൈജീരിയന്‍ താരം എറ്റെബോയെ മഷറാനോ ബോക്‌സില്‍ വീഴ്ത്തിയെന്നാരോപിച്ചായിരുന്നു റഫറി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. കിക്കെടുത്ത മോസസിനു പിഴച്ചില്ല. സ്‌കോര്‍ 1-1. അര്‍ജന്റീന ഒന്നാകെ സ്തബ്ധമായ നിമിഷം. പിന്നീട് തിരിച്ചുവരവിനുള്ള ശ്രമമായിരുന്നു. ഒടുവില്‍ 86ാം മിനിറ്റില്‍ ആ നിമിഷമെത്തി. രണ്ടു പ്രതിരോധതാരങ്ങള്‍ ഒന്നിച്ചു മുന്നേറിയപ്പോള്‍ അര്‍ജന്റീന ലക്ഷ്യം കണ്ടു. വലതു വിങ്ങിലൂടെ ഓടിക്കയറിയ മെര്‍ക്കാഡോ നല്‍കിയ പാസ് സ്വീകരിച്ച് റോഹോ ഉതിര്‍ത്ത തകര്‍പ്പനൊരു ഹാഫ് വോളി അര്‍ജന്റിനയുടെ ജീവന്‍ കാത്തു.

മറ്റൊരു മത്സരത്തില്‍ ക്രയേഷ്യ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഐസ്‌ലാന്‍ഡിനെ തോല്‍പിച്ച് ഗ്രൂപ്പ് ജേതാക്കളായി അവസാന 16ല്‍ ഇടംപിടിച്ചു. ലോകകപ്പിലെ 37 മത്സരങ്ങള്‍ക്കൊടുവില്‍ റഷ്യന്‍ ലോകകപ്പിലെ ആദ്യ ഗോള്‍രഹിത സമനിലയും ഇന്നലെ പിറന്നു. ഇന്നലെ ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സും ഡെന്‍മാര്‍ക്കുമാണ് ഗോളടിക്കാതെ പിരിഞ്ഞത്. നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സും തോറ്റാല്‍ പോലും മുന്നേറ്റം സാധ്യമായിരുന്ന ഡെന്‍മാര്‍ക്കും റിസ്‌കുകള്‍ ഒഴിവാക്കി പന്തു തട്ടിയപ്പോള്‍ ടൂര്‍ണമെന്റിലെ ആദ്യത്തെ വിരസമായ മത്സരത്തിനും മോസ്‌കോ സാക്ഷ്യം വഹിച്ചു. മത്സരത്തിലുടനീളം എതിരാളിയുടെ ബോക്‌സിലേക്കു കടന്നുകയറ്റം നടത്താന്‍ ഇരുടീമുകളും വിമുഖത കാട്ടി. ഭൂരിപക്ഷം സമയത്തും മധ്യവരയ്ക്കു സമീപം കറങ്ങിത്തിരിയുകയായിരുന്നു പന്ത്. വിരലിലെണ്ണാവുന്ന മുന്നേറ്റങ്ങളൊഴിച്ച് മത്സരത്തിന് കാര്യമായ ഓളം സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും ആയില്ല. സമനിലയോടെ ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായും ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനക്കാരുമായി ഗ്രൂപ്പില്‍ സിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. മത്സരത്തില്‍ ആകെ ലഭിച്ച ഒരു തുറന്ന അവസരം ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒളിവര്‍ ഗിറൗഡ് പാഴാക്കുകയും ചെയ്തു. സ്റ്റാര്‍ സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രീസ്മാനു പകരം എത്തിയ യുവതാരം നബില്‍ ഫെകിറിന്റെ ചില മിന്നുന്ന ഷോട്ടുകളും മാറ്റിനിര്‍ത്തിയാല്‍ ഗാലറിയില്‍ ഓളം വിതയ്ക്കാന്‍ ഈ മത്സരം ഒന്നും സമ്മാനിച്ചില്ല. ഗ്രൂപ്പ് സി മത്സരത്തില്‍ ആസ്‌ത്രേലിയയെ രണ്ട് ഗോളുകള്‍ക്ക് പെറു മുട്ടുകുത്തിച്ചു.

 

27-Jun-2018