മറഡോണയ്ക്ക് സംതൃപ്തി

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ചൊവ്വാഴ്ച രാത്രി നൈജീരിയയ്‌ക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞുവീണു. ഉടന്‍തന്നെ വിദഗ്ദമെഡിക്കല്‍ സംഘം അദ്ദേഹത്തെ ശുശ്രൂഷിച്ചു. അര്‍ജന്റീനയുടെ മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ മറഡോണ വികാരഭരിതനായിരുന്നു. മെസിയുടെ ആദ്യഗോള്‍ നേടിയപ്പോള്‍ തുള്ളിച്ചാടിയ മറഡോണ, നൈജീരിയന്‍ മുന്നേറ്റങ്ങളില്‍ അസ്വസ്തനായി. നൈജീരിയയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിളിച്ചപ്പോള്‍ അത് ശരിയായില്ലെന്ന ഭാവത്തില്‍ തലകുലുക്കി. റഫറിയെ നോക്കി ക്ഷുഭിതനായി. നൈജീരിയ അര്‍ജന്റീനയുടെ വല കുലുക്കിയപ്പോള്‍ അസ്വസ്ഥനായി. പിന്നീട് അര്‍ജന്റേനിയയുടെ മുന്നേറ്റങ്ങളില്‍ ആവേശമായി ശബ്ദമുയര്‍ത്തി. അവസാനം അര്‍ജന്റീന വിജയ ഗോള്‍ നേടിയതോടെ മറഡോണ തന്റെ ഇരിപ്പിടത്തില്‍നിന്ന് ചാടിയെഴുന്നേല്‍ക്കുകയും ആഹ്ലാദാരവം മുഴക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മര്‍ദ്ദം വര്‍ധിച്ചതാണ് മറഡോണയ്ക്ക് ശാരീരിക ക്ഷീണമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കു വിധേയനായ മറഡോണയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹത്തിന് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പിന്നീട് അദ്ദേഹം സ്‌റ്റേഡിയത്തില്‍നിന്ന് തന്റെ ഹോട്ടലിലേക്ക് പോയി.

അര്‍ജന്റീന നോക്കൗട്ട് ഘട്ടത്തില്‍ എത്തുമെന്നതില്‍ തനിക്ക് ഭയം ഇല്ലായിരുന്നു. കാരണം അങ്ങിനെ ഒരു കാര്യം സംഭവിക്കാന്‍ ദൈവം അനുവദിക്കില്ലായിരുന്നു ലോകഫുട്‌ബോളിലെ മിശിഹാ ലയണേല്‍ മെസ്സി വികാരത്തോടെ പറഞ്ഞു. ജീവിതത്തില്‍ താന്‍ ഇത്രയധികം വിഷമിക്കുകയും ടെന്‍ഷനടിക്കുകയും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ച നീണ്ട മാനസ്സീക സമ്മര്‍ദ്ദത്തിനും കുറ്റപ്പെടുത്തലിനും ശേഷം താന്‍ ആരാണെന്നും തന്റെ പ്രതിഭ എന്താണെന്നും 14 ാം മിനിറ്റില്‍ തന്നെ തെളിയിച്ച മെസ്സി കളിപൂര്‍ത്തിയായുള്ള ഫൈനല്‍ വിസിലിന് ശേഷം സഹതാരങ്ങളെ കെട്ടിപിടിച്ച് കരഞ്ഞു. ദൈവം ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് എനിക്കറിയാമായിരുന്നു. അവന്‍ ഞങ്ങളെ പുറം തള്ളുകയില്ല. സാഹചര്യം അതിനും മാത്രം മോശമായിരുന്നതിനാല്‍ ഇത്രമാത്രം ബുദ്ധിമുട്ട് അടുത്ത കാലത്തൊന്നും സഹിച്ചിട്ടില്ല. വിജയം ഞങ്ങള്‍ക്ക് എല്ലാം ആശ്വാസം നല്‍കുന്നു. ഒട്ടേറെ കാര്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ഏതാനും മത്സരഫലങ്ങള്‍ കൊണ്ട് കഠിനമായ ദിവസങ്ങളിലൂടെയായിരുന്നു കഴിഞ്ഞുപോയത്. ഒടുവില്‍ ഭാഗ്യവശാല്‍ ആ ലക്ഷ്യം നേടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഒട്ടേറെ ബുദ്ധിമുട്ടിയെങ്കിലും അതില്‍ എത്തുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. എല്ലാറ്റിനും ദൈവത്തിന് നന്ദി. ഫുട്‌ബോളിന്റെ 'മെസിഹാ' കണ്ണീരണിഞ്ഞ് പറഞ്ഞു.

മത്സരശേഷം മെസി പരിശീലകന്‍ സാംപോളിയെ ആശ്‌ളേഷിച്ചു. വിജയം സാമിനും ആശ്വാസമായിരുന്നു. കഴിഞ്ഞ മത്സരഫലങ്ങളുടെ പേരില്‍ സാംപോളിയെ മാറ്റണമെന്ന് വരെ ആവശ്യം ഉയര്‍ന്നിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ടീമിലുണ്ട്. ലോകത്തിലെ കിടയറ്റ അനേകരും ടീമിലുണ്ട്. മെസ്സി കളത്തില്‍ തുടരുക എന്നതായിരുന്നു താന്‍ നേരിട്ട പ്രധാന വെല്ലുവിളി. അദ്ദേഹത്തിന് പന്തുകിട്ടിക്കൊണ്ടിരുന്നാല്‍ തങ്ങള്‍ക്ക് സാദ്ധ്യത കൂടും. എന്നാല്‍ അദ്ദേഹത്തെ എതിരാളികള്‍ പിടിച്ചുകെട്ടിയാല്‍ അര്‍ജന്റീന വിഷമിക്കും. സാംപോളി പറഞ്ഞു. ഒന്നാം പകുതി ടീം നന്നായി കളിച്ചു. പന്ത് കിട്ടിക്കൊണ്ടേയിരുന്നു. കളി നിയന്ത്രിക്കുന്ന വിധം ഒട്ടേറെ സ്പര്‍ശങ്ങള്‍ വന്നു. എന്നാല്‍ പെനാല്‍റ്റി വഴങ്ങിയതോടെ വീണ്ടും കളി ഉത്ക്കണ്ഠയ്ക്ക് വഴിമാറി. ഒടുവില്‍ സന്തോഷത്തോടെ അവസാനം. അവര്‍ കളിച്ചത് ഹൃദയം കൊണ്ടായിരുന്നു. സാംപോളി കൂട്ടിചേര്‍ത്തു.

27-Jun-2018