ഇന്ത്യയെ സൂക്ഷിച്ചാല്‍ സ്ത്രീകള്‍ക്ക് കൊള്ളാം !

ലണ്ടന്‍ : ശാരീരികമായ അതിക്രമവും നിര്‍ബന്ധിത അടിമവേലയുമുള്ള രാജ്യമായ ഇന്ത്യ സ്ത്രീകള്‍ക്ക് ഏറ്റവും ആപല്‍ക്കരമാണെന്ന് സര്‍വേ. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും ആപല്‍ക്കരമായ രാജ്യം ഇന്ത്യയാണെന്നാണ് ആഗോള വിദഗ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലൂടെ സ്ഥാപിക്കുന്നത്. തോമസ് റോയിട്ടേഴ്‌സ് ഫൗണ്ടേഷനാണ് സ്ത്രീസംബന്ധമായ വിഷയങ്ങളില്‍ പ്രഗത്ഭരായ 550 പേര്‍ക്കിടയില്‍ സര്‍വേ നടത്തിയത്. അഫ്ഗാനിസ്ഥാനും സിറിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ശാരീരികമായ അതിക്രമം, പീഡനം, നിര്‍ബന്ധിത ലൈംഗികവൃത്തിക്കു പ്രേരിപ്പിക്കല്‍ എന്നീ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ അപകട സാധ്യതയുടെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്തുണ്ട്. 2011ല്‍ നടത്തിയ സര്‍വേയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സര്‍വ്വെ. അഫ്ഗാനിസ്ഥാന്‍, കോംഗോ, പാക്കിസ്ഥാന്‍, ഇന്ത്യ, സൊമാലിയ എന്നീ രാജ്യങ്ങളായിരുന്നു 2011ല്‍ ആപല്‍ക്കരമായ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിട്ടു നിന്നിരുന്നത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയില്‍ ക്രിയാത്മകമായ നടപടികളുണ്ടാകുന്നില്ലെന്നാണ് പട്ടിക തെളിയിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ 2007 നും 2016 നും ഇടയില്‍ 83 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായാണ് സര്‍ക്കാര്‍ രേഖകള്‍. ഓരോ മണിക്കൂറിലും നാലു മാനഭംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. ഐക്യരാഷ്ട്ര സംഘടനയിലെ അംഗങ്ങളായ 193 രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന അഞ്ചു രാഷ്ട്രങ്ങളെ കണ്ടെത്താനാണ് സര്‍വേയില്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടിരുന്നത്. ആരോഗ്യ സുരക്ഷ, വരുമാന സാധ്യതകള്‍, പരമ്പരാഗതമോ സാംസ്‌കാരികമായോ ആയ ആചാരങ്ങള്‍, ലൈംഗികവും അല്ലാത്തതുമായ അതിക്രമങ്ങള്‍, മനുഷ്യക്കടത്ത് എന്നിവയായിരുന്നു മാനദണ്ഡങ്ങള്‍. ലൈംഗികമായ അടിമത്തം, ഗാര്‍ഹിക ദാസവേല എന്നിവയുള്‍പ്പെടെയുള്ള മനുഷ്യക്കടത്തിന്റെയും നിര്‍ബന്ധിതമായ കല്യാണം, കല്ലെറിയല്‍, സ്ത്രീ ഭ്രൂണഹത്യ എന്നിവയുടെ കാര്യത്തിലും ഇന്ത്യ ഏറ്റവും ആപല്‍ക്കരമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ വിലയിരുത്തിയത്.

സര്‍വേയെക്കുറിച്ച് പ്രതികരിക്കാന്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കേന്ദ്രമന്ത്രാലയം വിസമ്മതിച്ചു.

27-Jun-2018